കുറച്ച് വർഷങ്ങൾക്ക് മുമ്പ് സ്മാർട്ട് ഫോണുകളിലെ ബാറ്ററികൾ മാറ്റുക എന്നത് വളരെ എളുപ്പമായിരുന്നു. പുറകിലുള്ള കവർ മാറ്റി മറ്റൊരു ബാറ്ററി ഇടുക എന്നത് മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഫോണുകൾ ഉപഭോക്താക്കൾക്ക് വളരെ കാലങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നു. ഇന്ന് ഇത്തരത്തിലുള്ള ഫോണുകൾ വളരെ അപൂർവമാണ്. എന്നാൽ വലിയ ബാറ്ററികൾ, ഫാസ്റ്റ് റീചാർജ് തുടങ്ങിയ നിരവധി പ്രയോജനങ്ങളാണ് ബാറ്ററികൾ മാറ്റുവാൻ കഴിയാത്ത ഫോണുകൾ ഉപഭോക്താക്കൾക്ക് നൽകിയത്. ഫാസ്റ്റ് ചാർജിംഗ് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം ബാറ്ററികൾ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചാർജ് ചെയ്യാൻ സാധിക്കുമായിരുന്നു.
ബാറ്ററി മാറ്റുവാൻ കഴിയുന്നതിനോടൊപ്പം ഇപ്പറയുന്ന പ്രത്യേകതകൾ അടങ്ങിയ ഫോണുകളാണ് ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ നിന്നുംമാറ്റം വരുത്തി മാർക്കറ്റിൽ പെട്ടെന്നു ലഭ്യമാകുന്നതും പെട്ടെന്ന് മാറ്റുവാൻ കഴിയുന്നതുമായ ബാറ്ററികളുടെ നിർമ്മാണത്തിന് ഫോൺ കമ്പനികൾ നിർമ്മാതാക്കളിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് യൂറോപ്യൻ യൂണിയന്റെ നിർദ്ദേശം. ഇലക്ട്രോണിക് വേസ്റ്റ് കുറക്കുന്നതിനാണ് ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത്. നേരത്തേ യൂണിവേഴ്സൽ യുഎസ്ബി പോർട്ടുകളോടുകൂടിയ സ്മാർട്ട് ഫോണുകൾ നിർമ്മിക്കാനുള്ള നടപടി കൈക്കൊണ്ടതും ഇക്കാര്യം ലക്ഷ്യം വച്ചുകൊണ്ടു തന്നെയായിരുന്നു. ബാറ്ററികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ അതു പെട്ടെന്നു തന്നെ മാറ്റി ഉപയോഗിക്കാവുന്ന സംവിധാനം കൊണ്ടു വരണമെന്നാണ് ഇയുവിന്റെ ആവശ്യം. സാധ്യമായാൽ അടുത്ത മാസത്തിനുള്ളിൽ തന്നെ ഇത് സാധ്യമാക്കണമെന്നും നിർദ്ദേശമുണ്ട്.
ബാറ്ററിയ്ക്കുണ്ടാകുന്ന തകരാറുകൾ മൂലം വെറും രണ്ടു വർഷത്തെ ഉപയോഗത്തിനു ശേഷം ഉപഭോക്താക്കൾ ഫോണുകൾ ഉപേക്ഷിക്കുന്ന രീതിക്ക് മാറ്റമുണ്ടാകുമെന്നും ഇതിലൂടെ ഇലകട്രോണിക് വേസ്റ്റ് കുറയ്ക്കാനാകുമെന്നും ഇയു പറയുന്നു. ഫോണിന്റെ ഭാഗങ്ങൾ നിർമ്മാതാക്കൾ എല്ലാ സർവീസ് സെന്ററുകളിലും ലഭ്യമാക്കണം. ഒരു ഇലക്ട്രോണിക് ഉപകരണം ഉപേക്ഷിച്ചതിനുശേഷം അസംസ്കൃത വസ്തുക്കൾ പുനഃചംക്രമണം നടത്തി വീണ്ടും ഉപയോഗിക്കുന്നതിനുമുള്ള സജ്ജീകരണം ഒരുക്കണമെന്നും പദ്ധതിയിൽ പറയുന്നു. പഴയ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ചാർജറുകൾ എന്നിവ ശേഖരിക്കുന്നതിന് യൂറോപ്യൻ യൂണിയൻ ഒരു കളക്ഷൻ സെന്റർ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. പരിസ്ഥിതി സൗഹാർദ്ദമായ ഒരു പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ മാറ്റിസ്ഥാപിക്കാവുന്ന ബാറ്ററികൾ സ്മാർട്ട്ഫോണുകളിൽ തിരികെ എത്തുമോ എന്നത് കാത്തിരുന്നു തന്നെ കാണേണ്ടി വരും.
English Summary: Replaceable batteries on smart phones
You may also like this video