പുതുക്കിയ വായ്പാനയം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. റിപ്പോ — റിവേഴ്സ് റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. തുടർച്ചയായ മൂന്നാം തവണയാണ് റിപ്പോ — റിവേഴ്സ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. റിപ്പോ നിരക്ക് നാല് ശതമാനമായി തന്നെ തുടരാന്‍ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ ഐകകണ്ഠ്യേന തീരുമാനമായെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) നിരക്കും ബാങ്ക് റേറ്റും 4.25 ശതമാനമായി തുടരും. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. പണപ്പെരുപ്പം വരുംനാളുകളിലും ഉയര്‍ന്നുനില്‍ക്കുമെങ്കിലും കാര്‍ഷിക വിളകളിലെ നേട്ടം ശൈത്യകാലത്ത് ചെറിയ ആശ്വാസത്തിന് ഇടനല്‍കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയര്‍ന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. 2021 സാമ്പത്തിക വര്‍ഷത്തെ ജിഡിപി ലക്ഷ്യം നേരത്തെ തീരുമാനിച്ച 9.5 ശതമാനത്തില്‍നിന്ന് 7.5 ശതമാനമാക്കി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. റീട്ടെയില്‍ വിലക്കയറ്റം ആറര വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.6 ശതമാനത്തിലെത്തിയിരിക്കുകയാണ്.
ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നിരക്കു കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ ജിഡിപി വളര്‍ച്ച 0.1 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. നാലാം പാദത്തില്‍ ഇത് 0.7 ശതമാനത്തില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും വായ്പാനയത്തില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലാണ് ആര്‍ബിഐ.
വാക്സിന് വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. കോണ്ടാക്ട്ലെസ് കാര്‍ഡുവഴിയുള്ള പണമിടപാട് പരിധി ജനുവരിയോടെ 2000 രൂപയില്‍നിന്ന് 5000 രൂപയായി ഉയര്‍ത്തുമെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ടിജിഎസ് സംവിധാനം വഴിയുള്ള പണമിടപാട് 24 മണിക്കൂറും സാധ്യമാക്കുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
English summary: Repo-Reverse Repo rates
You may also like this video: