റീ പോളിങ് ഇന്ന്; മഷി നടുവിരലില്‍, പര്‍ദധരിച്ചവരെ പരിശോധിക്കും

Web Desk
Posted on May 19, 2019, 6:50 am

തിരുവനന്തപുരം: കള്ളവോട്ട് പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്ന റീപോളിങില്‍ പര്‍ദധരിച്ച് എത്തുന്നവരെ പരിശോധിക്കും. ഇതിനായി വനിതാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു. ഏഴുകേന്ദ്രങ്ങളിലും വോട്ടിങ് സുഗമവും സുരക്ഷിതവുമായ രീതിയിലായിരിക്കുന്നതിന് ഡിവൈഎസ്പിയുടെ മേല്‍നോട്ടവുമുണ്ടാവും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

പോളിംഗ് സ്റ്റേഷനുകളില്‍ പര്‍ദ ധരിച്ചുവരുന്നവരെ തിരിച്ചറിയാന്‍ വേണ്ടി പ്രത്യേകം തയ്യാറാക്കിയ എന്‍ക്ലോസ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. പ്രാദേശികരായ വില്ലേജ് ഉദ്യോഗസ്ഥ, അധ്യാപിക, അങ്കണവാടി വര്‍ക്കര്‍ തുടങ്ങിയ ഉദ്യോഗസ്ഥകളെയാണ് നിയമിച്ചിരിക്കുന്നത്. സ്ത്രീകളുടെ സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കുന്ന തരത്തിലാണ് ഓരോ പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിരിക്കുന്നത്.

റീ പോളിങ് ആയതിനാല്‍ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ പരിശോധന നടത്തും. ഉദ്യോഗസ്ഥര്‍ക്കൊപ്പം ബൂത്ത് ഏജന്‍ിനും പരിശോധനയില്‍ പങ്കെടുക്കാം. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഐഎഎസുകാരായ പ്രത്യേക നിരീക്ഷകരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടുചെയ്യാന്‍ എത്തുന്നത് രേഖകളിലുള്ള ശരിയായ വോട്ടര്‍ ആണോ എന്ന് ഇവര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. സംശയം തോന്നുവരെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്താം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പരാതികള്‍ അതത് ജില്ലാ നിരീക്ഷകരെ കാസര്‍കോഡ് 8489936800, കണ്ണൂര്‍ 9435050134 എന്നീ നമ്പരുകളില്‍ അറിയിക്കാം.

you may also like this: