തോക്കുകളും വെടിയുണ്ടകളും കാണാതായെന്ന് റിപ്പോർട്ട്

Web Desk

തിരുവനന്തപുരം

Posted on February 12, 2020, 10:51 pm

കേരള പൊലീസിന്റെ പക്കലുള്ള തോക്കും, വെടിയുണ്ടകളും സംബന്ധിച്ച് വകുപ്പ് നൽകിയ രേഖകളിൽ വ്യത്യാസമുണ്ടെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. പരിശോധനയിൽ 25 എണ്ണം 5.56 എംഎം റൈഫിളുകളുടെയും 12,061 എണ്ണം പ്രവർത്തനക്ഷമമായ കാർട്രിഡ്ജുകളുടെയും കുറവ് കണ്ടെത്തിയതായി നിയമസഭയുടെ മേശപ്പുറത്ത്‌വച്ച സി ആൻഡ് എജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ 25 റൈഫിളും തിരുവനന്തപുരം എ ആർ ക്യാമ്പ് കൈപ്പറ്റിയെങ്കിലും രേഖകൾ കാണിക്കുന്നതിൽ വീഴ്ച പറ്റിയതായി ആഭ്യന്തരവകുപ്പ് സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പരാമർശിക്കുന്നു. 12,061 എണ്ണം കാർട്രിഡ്ജുകളുടെ കുറവിനെ സംബന്ധിച്ച്, ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കെഎപി മൂന്ന്‌ ബറ്റാലിയനിലേക്കും പൊലീസ്‌ ആസ്ഥാനത്തെ ഗാർഡ്‌ ഡ്യൂട്ടി, എ ആർ ക്യാമ്പ്‌, വിവിധ ബറ്റാലിയൻ, റെയിൽവെ എന്നിവിടങ്ങളിലേക്ക് തോക്കുകൾ കൊണ്ടുപോയ ശേഷം സിഎജി ഉദ്യോഗസ്ഥർ പരിശോധനക്ക്‌ വന്നപ്പോൾ ഇവ കാണിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ രേഖകൾ പിന്നീട് സമർപ്പിക്കുകയും ചെയ്തിരുന്നില്ല. ഇങ്ങനെ കൊണ്ടുപോയ 25 തോക്കാണ്‌ കാണാനില്ലെന്ന്‌ റിപ്പോർട്ടിൽ പറയുന്നത്.
വെടിയുണ്ട കാണാതായ സംഭവം നേരത്തെതന്നെ വിവാദമായതാണ്. പൊലീസ്‌ വകുപ്പ്‌തന്നെ അന്വേഷണം നടത്തി ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ ഹവിൽദാർമാർ ഉൾപ്പെടെ 11 പേർക്കെതിരെ പേരൂർക്കട പൊലീസ്‌ കേസെടുത്തു. പിന്നീട്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു. പകരം വെടിയുണ്ട വെച്ചതായും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും കേസെടുത്തിരുന്നു. ഇതും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കുകയാണ്‌.
വിഐപി സുരക്ഷയ്ക്കുവേണ്ടി വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചിട്ടുള്ള എംഒപിഎഫ് പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി ലംഘിച്ചതായും ഓഡിറ്റിൽ പറയുന്നു. ദർഘാസ് ക്ഷണിക്കാതെ 1.10 കോടിക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങി. ഈ വാഹനങ്ങൾക്ക് പകരം ബുള്ളറ്റ് പ്രൂഫ്/മൈൻ പ്രൂഫ് വാഹനങ്ങൾ വാങ്ങാമായിരുന്നുവെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. പൊലീസ്‌ വകുപ്പ്‌തന്നെ അന്വേഷണം നടത്തി ക്രമക്കേട്‌ കണ്ടെത്തിയിരുന്നു. തുടർന്ന്‌ ഹവിൽദാർമാർ ഉൾപ്പെടെ 11 പേർക്കെതിരെ പേരൂർക്കട പൊലീസ്‌ കേസെടുത്തു. പിന്നീട്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറുകയായിരുന്നു.
അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിന്റെ നിർമ്മാണത്തിനുള്ള 2.81 കോടി എസ്‌പിസിയ്ക്കും/എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കാനായി ഡിജിപി വകമാറ്റിയെന്നും കുറ്റപ്പെടുത്തുന്നു. അതേസമയം റിപ്പോർട്ടിന്റെ പകർപ്പ്‌ ലഭിച്ചതായും അധികൃതർക്ക്‌ മറുപടി നൽകുമെന്നും സംസ്ഥാന പൊലീസ്‌ മേധാവി ലോകനാഥ്‌ ബെഹ്‌റ അറിയിച്ചു.