തൊഴിലാളികളുടെ വേതനം കുറയുന്നതായി റിപ്പോർട്ട്; തൊഴിൽമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക്

Web Desk

ന്യൂഡൽഹി

Posted on February 15, 2020, 9:38 pm

തൊഴിലാളികളുടെ വേതനം കുറയുന്നത് ഉൾപ്പെടെ രാജ്യത്തെ തൊഴിൽ മേഖല ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. പണപ്പെരുപ്പം ഉൾപ്പെടെയുള്ള സാമ്പത്തിക കെടുതികൾക്ക് അനുസൃതമായി വേതനം വർധിക്കുന്നില്ലെന്ന് മാത്രമല്ല നിലവിലുള്ള ശമ്പളം പോലും കുറയുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെയാണ് ഇത്തരം പ്രതിലോമ പ്രവണതകൾ ശക്തിയാർജ്ജിച്ചതെന്നും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ രേഖകൾ ആധാരമാക്കി സാമ്പത്തിക വിദഗ്ധരായ ആർ ശ്രീനിവാസ്, ബി പധി എന്നിവർ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് പറയുന്നു.

തൊഴിലാളികളുടെ വേതനം കുറയുന്നതിന് ആനുപാതികമായി വാങ്ങൽ ശേഷി കുറയുന്നു. മറുവശത്ത് ധനികരുടെ വരുമാനവും ആസ്തിയും ഗണ്യമായി വർധിക്കുന്നു. 2011–12- 2017–18 കാലയളവിൽ തൊഴിലാളികളുടെ വേതനത്തിൽ 1.05 ശതമാനം വർധനയാണ് ഉണ്ടായത്. അതായത് 10,000 വേതനം ലഭിച്ചിരുന്നത് 10100 രൂപയായാണ് വർധിച്ചത്. എന്നാൽ 2004–05- 2011-12 കാലയളവിൽ വേതന വർധന 5.52 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിൽ വേതനത്തിൽ 2.9 ശതമാനം വർധനയും നഗര മേഖലയിൽ 1.49 ശതമാനം കുറവുമാണ് ഉണ്ടായത്. 2004–05- 2011-12 കാലയളവിൽ ശരാശരി മൊത്തം ആഭ്യന്തര ഉൽപ്പാദനം 7.3 ശതമാനമായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി കുറഞ്ഞു. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായുള്ള സ്വകാര്യ വൽക്കരണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ സ്വകാര്യവൽക്കരണം, ഇന്ത്യൻ സ്രോതസുകളെ വിദേശ കമ്പനികൾക്കായി തുറന്നുകൊടുത്തത്, തൊഴിൽ നിയമങ്ങളെ ഇല്ലാതാക്കിയത്, തൊഴിലാളി ക്ഷേമ പദ്ധതികൾ റദ്ദാക്കിയത് തുടങ്ങി മോഡി സർക്കാർ പിന്തുടരുന്ന നയങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണമെന്നും റിപ്പോർട്ട് പറയുന്നു. കൃഷി ഉൾപ്പെടെയുള്ള എല്ലാ പ്രധാനപ്പെട്ട തൊഴിൽ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങൾ വ്യക്തമാണ്. 2011–12- 2017–18 കാലയളവിൽ കാർഷിക മേഖലയിലെ തൊഴിൽ വർധന പ്രതിവർഷം കേവലം 1.36 ശതമാനം മാത്രമാണ്. 15 കോടി ജനങ്ങളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്.

ഉല്പാദന മേഖലയിലെ ശമ്പള വർധന കേവലം ഒരു ശതമാനമായി ചുരുങ്ങി. ഖനനം, വൈദ്യുതി, പ്രകൃതി വാതകം, കുടിവെള്ളം, വ്യാപാരം, ഹോട്ടൽ, ഗതാഗതം, ആശയവിനിമയം, റിയൽ എസ്റ്റേറ്റ് തുടങ്ങി മേഖലകളിൽ തൊഴിലാളികളുടെ വേതനം കുറഞ്ഞു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളത്തിൽ 3.3 ശതമാനം കുറവ് ഉണ്ടായപ്പോൾ പൊതു മേഖലയിൽ ഇത് ഒരു ശതമാനമാണ്. തൊഴിലാളികളുടെ ക്രയ‑വിക്രയ ശേഷി ഗണ്യമായി കുറഞ്ഞു. ഇതിന്റെ ഭാഗമായി പ്രതിശീർഷ മാസ ചെലവ് 2011–12ൽ 1501 രൂപയായിരുന്നത് 2017–18ൽ 1446 രൂപയായി കുറഞ്ഞു. 2011-12 ‑2017–18 കാലയളവിൽ ഗ്രാമീണ മേഖലയിലെ പ്രതിശീർഷ ചെലവ് 8.8 ശതമാനം കുറഞ്ഞു. നഗര മേഖലയിലെ പ്രതിശീർഷ ചെലവ് കേവലം രണ്ട് ശതമാനം വർധിച്ചു. പ്രതിശീർഷ ഭക്ഷ്യ ഉപഭോഗം ഗ്രാമീണ മേഖലയിൽ പത്ത് ശതമാനം കുറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പ്രതിശീർഷ ഭക്ഷ്യ ഉപഭോഗം കുറയുന്നത്. തൊഴില്ലില്ലായ്മ പ്രശ്നത്തിന് പരിഹാരമില്ലാത്തതാണ് പ്രതിസന്ധി വർധിക്കാനുള്ള മുഖ്യകാരണം. പ്രതിവർഷം തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നു. 2011–12ൽ 2.2 ശതമാനമായിരുന്നത് 2017–18ൽ 6.2 ശതമാനമായി വർധിച്ചു. ഇതും തൊഴിലാളികളുടെ വേതനം കുറയുന്നതിന് കാരണമായെന്നും റിപ്പോർട്ട് അടിവരയിടുന്നു.

Eng­lish sum­ma­ry: Report on declin­ing wages of work­ers The labor sec­tor is in cri­sis