Web Desk

May 20, 2021, 2:10 pm

മഴയും ആവേശവും കൊണ്ട്‌ മീൻ പിടിക്കാൻ ഇറങ്ങിയാൽ 6 മാസം ജയിലിൽ കിടക്കേണ്ടി വരും ഒപ്പം വലിയ പിഴയും

Janayugom Online

നാടെങ്ങും മഴയാണ്.….ഇനി അങ്ങോട്ട് നമ്മുടെ നാട്ടിൻപുറത്തെ വയലുകളിലും തോടുകളിലും പുഴകളിലും എല്ലാം നാടൻ മൽസ്യങ്ങൾ കാണപ്പെടുന്ന സമയമാണ്. എന്തുകൊണ്ടാണ് ഈ മഴക്കാലത്ത് മീനുകളെ ഇങ്ങനെ കൂട്ടമായി കാണപ്പെടുന്നതെന്ന് അറിയാമോ? അതിനു പറയുന്ന പേരാണ് ഊത്ത. മഴക്കാലത്ത് ഇതുപോലെ വെള്ളം കൂടിയ സ്ഥലങ്ങളിൽ നിന്നും വെള്ളം കുറഞ്ഞ വയലുകളിലേക്കും പുഴകളുടെ ഭാഗത്തേക്കും ഇത്തരം മീനുകൾ മുട്ടയിടാനായി കയറി വരും, ഇതിനെ ഊത്തക്കയറ്റം എന്നും പറയും. 

ഈ സമയത്തു ഗർഭിണികൾ ആയ മീനുകൾക്ക് പെട്ടെന്ന് നീന്താനാവില്ല. അതുകൊണ്ട് തന്നെ ഇത്തരം മീനുകൾ പെട്ടെന്ന് തന്നെ മീൻപിടുത്തക്കാരുടെ കൈയിൽ പെടുകയും ചെയ്യും. എന്നാൽ ഇത് മൂലം നമുക്കു നഷ്ടമാവുന്നത് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നിരവധി മീനുകളെയാണ്. നിലവിൽ കേരളത്തിലെ കണക്കു വെച്ച് അറുപത് ഇനം ഭക്ഷ്യയോഗ്യമായവയും പത്തൊൻപതു ഇനം ഭക്ഷ്യയോഗ്യമല്ലാത്തവയുമായ നാടൻ മീനുകളാണ് നമ്മുടെ നാട്ടിലൊക്കെ ഉള്ളത്, ഇവയൊക്കെ ഇപ്പോൾ നാശത്തിൻറെ വക്കിലാണ്. 

മഴ കനത്തതോടെ ഊത്തപിടിത്തമെന്ന ക്രൂരമായ ‘വിനോദ’ത്തിന് ഇറങ്ങിയവർ ഇത്തവണയും കുറവല്ല. മീൻകുഞ്ഞുങ്ങളെ ഉൾപ്പെടെ നീരൊഴുക്കിൽനിന്നു കോരുന്ന നിയമവിരുദ്ധ പ്രവൃത്തിക്കു തടയിടാൻ ഫിഷറീസ് ഉദ്യോഗസ്ഥർ രംഗത്തുണ്ട്. കായലിലെയും നദിയിലെയും തോടുകളിലെയും പല മത്സ്യ ഇനങ്ങളുടെയും പ്രജനന കാലമാണിത്. ചെറിയ തോടുകളിലൂടെയും വയലുകളിലൂടെയുമൊക്കെ എത്തുന്ന മീനുകളെയും കുഞ്ഞുങ്ങളെയും പിടിക്കുന്നതോടെ വലിയ തോതിൽ മത്സ്യസമ്പത്ത് നശിക്കുന്നു.നിരോധിച്ച വലകളും കൂടും മറ്റും ഉപയോഗിച്ചാണ് പലയിടത്തും ഊത്തപിടിത്തം. ഇതു കേരള ഉൾനാടൻ മത്സ്യബന്ധന നിയമം (2010) പ്രകാരം കുറ്റകരമാണ്. 6 മാസം വരെ തടവും 15,000 രൂപ വരെ പിഴയും ലഭിക്കാം. 

മീൻ പിടിക്കുന്നതിനു കണ്ണിയകലമുള്ള വലകൾ, ചൂണ്ടകൾ തുടങ്ങിയവ ഉപയോഗിക്കാം. പലയിടത്തും ഇതല്ല സ്ഥിതി. വൈദ്യുതി കടത്തിവിട്ടുവരെ മീൻ പിടിക്കുന്നു. കണ്ണിയടുപ്പമുള്ള വല ഉപയോഗിക്കുന്നതിലൂടെ പല നാടൻ ഇനം മീനുകളും വലിയ തോതിൽ നശിക്കുന്നുണ്ട്. നിയമവിരുദ്ധ മീൻപിടിത്തം പിടികൂടിയാൽ ആദ്യ തവണ താക്കീതു നൽകുകയും ആവർത്തിച്ചാൽ കേസെടുക്കുകയുമാണ് ഫിഷറീസിന്റെ രീതി. 

ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതും ഇത്രയും കാലം ഈ മീനുകളെ പിടിച്ചു തിന്നപ്പോൾ ഇല്ലാത്ത നിയമങ്ങൾ എന്താണ് ഇപ്പോൾ വന്നതെന്ന്. അവിടെയാണ് ഗൗരവമേറിയ കാര്യം. കാരണം പണ്ടുകാലത്ത് ഇത്തരം മീനുകൾക്ക് ജീവിക്കാൻ നിരവധി ജലാശയങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല. വളരെ പരിമിതമായ സ്ഥലത്താണ് ഇവ ജീവിക്കുന്നത്. ചെറിയ മീനുകളെ വരെ ഇതുപോലെ കൂടു വെച്ച് പിടിച്ചു അത്യാവശ്യം വലുപ്പമില്ലാത്തവയെ ഉപേക്ഷിക്കുന്നവരും ഉണ്ട്. ഇത് മൂലം വളരെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. എന്തായാലും ഇതിനു ഒരു കടിഞ്ഞാൺ ഈ നിയമത്തിന് കഴിയും. 

ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്. അതിനാൽ ഇനിയെങ്കിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇതുപോലെ നടക്കുന്ന മീൻ പിടുത്തങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ഇതിൽ നിന്നും പിന്തിരിപ്പിക്കുക.
eng­lish summary;Report on mon­soon sea­son inland fishing
you may also like this video;