വൃത്തിയുള്ള ഭക്ഷണം നമ്മുടെ അവകാശമാണ് പക്ഷേ,

Web Desk
Posted on July 15, 2019, 5:20 pm

ഹരീകുറിശേരി

പൊതുജനാരോഗ്യത്തിനുമേല്‍ നടക്കുന്ന ഈ കയ്യാങ്കളികള്‍ അവസാനിപ്പിക്കാന്‍ നമുക്ക് മാര്‍ഗമില്ലേ,. ആരോഗ്യരംഗത്ത് മികവ് അവകാശപ്പെടുന്ന വരാണ് മലയാളികള്‍. രോഗങ്ങള്‍ക്ക് ചികില്‍സക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ സൗകര്യങ്ങള്‍ നമുക്കുണ്ട്. സ്‌പെഷ്യാലിറ്റികളും സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുമായി ആശുപത്രികളുടെ വന്‍നിര തന്നെയുണ്ട്. ഇനം തിരിഞ്ഞ് ഡോക്ടര്‍മാരും, അതുകൊണ്ട് ഭക്ഷണം കഴിച്ച് രോഗികളായേക്കാമെന്ന് വിചാരിക്കാനാകുമോ മലയാളിക്ക്.
ഉപഭോഗത്തില്‍ മുന്‍പന്തിയിലുള്ള മലയാളികള്‍ക്ക് ഇന്ന് വഴിച്ചോറില്ലാതെ കഴിയില്ല. പഴയ ഊണുകഌബുകള്‍ നാനാതരം ഭക്ഷണങ്ങളുടെ വിപുലശ്രേണിനിരക്കുന്ന ഹോട്ടലുകളായി മാറിയിട്ടുണ്ട്. അതേ നാനാലോകത്തുംപോയി ഭക്ഷിച്ചു ശീലിക്കുന്ന മലയാളിക്ക് ഇപ്പോള്‍ സ്വന്തനാട്ടില്‍തന്നെ ചൈനീസും കോണ്ടിനന്റലും അറേബ്യനും യഥേഷ്ടം വിളമ്പുകയാണ്.

food

പുറംമോടിയിലാണ് നമുക്ക് പണ്ടേപ്രിയം. അത് അറിയുന്നവരാണ് ഇവിടെ കച്ചവടത്തിന് സാമഗ്രികളെത്തിക്കുന്ന അന്യനാട്ടുകാര്‍മുതല്‍. ഭക്ഷണശാലകള്‍ സ്ഥാപിക്കുന്നവര്‍വരെ. ടൈലിട്ടതറ, ഈച്ചയാര്‍ക്കാത്ത മേശ, വിളമ്പുകാരന്റെ വേഷം എന്നിവയ്ക്ക് നമ്മള്‍പ്രിയം കല്‍പ്പിക്കുമെന്ന് അവര്‍ക്കറിയാം ഈ പുറം മോടിയില്‍ എന്തു സാധനം നിരത്തിയാലും മലയാളിക്ക് തൃപ്തിവരും. വിവിധ രുചികളില്‍ഭക്ഷണം ചോദിക്കുമ്പോള്‍ ഒരുക്കി നല്‍കാന്‍ ഒരു ഹോട്ടലിന്റെയും അടുക്കളയില്‍ അക്ഷയപാത്രമില്ല. അവര്‍ അതിന് ചില എളുപ്പവഴികള്‍ സ്വീകരിക്കുന്നുണ്ട്. ഒരേ തരത്തില്‍ വേകിച്ചു സൂക്ഷിക്കുന്ന കോഴിയാണ് പല മസാലകളില്‍ തിളച്ചും ചൂടാക്കിയും നമ്മുടെ മുന്നിലെത്തുന്നത്. പല വിഭവങ്ങളുടെ മസാലക്കൂട്ടുകള്‍ ഏറെക്കാലത്തേക്ക് ഉണ്ടാക്കി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാവും. അത് മൈക്രോവേവിലാണ് തമ്മില്‍ ചേരുക. പഴേ കോഴി എന്നുപറഞ്ഞാല്‍ കോഴി വെന്ത് ഒരു മാസം കഴിഞ്ഞ് വെന്തതാകും മസാല. ഇതു തമ്മില്‍ ചേര്‍ന്ന് ഗുണം പകരേണ്ടത് നമ്മുടെ ശരീരത്തിനാണ്, എന്താഅല്ലേ. ഈ ഭക്ഷണം നമുക്ക് ഗുണകരമാണോ എന്ന് ഈ രംഗത്തെ വിദഗ്ധരാണ് പറയേണ്ടത്.

SEAFOOD- Sujitha Hotel

ഹോട്ടലുകളില്‍ നിന്നും സ്ഥിരം ഭക്ഷണം കഴിക്കുന്നവര്‍ രോഗങ്ങളിലേക്ക് നടന്നടുക്കുന്നു എന്നത് നമുക്കറിയാത്തകാര്യമൊന്നുമല്ല. പച്ചക്കറിയാണ് മുഖ്യഭീഷണി. പാകം ചെയ്യാനത്തുന്ന എന്തിലും വിഷം കലര്‍ത്തിവിടുകയാണ്. പലപ്പോഴും കഴുകാതെ പോലുമാണ് പച്ചക്കറി കറിയാകുന്നത്. പലഇനങ്ങളും തോലുകളയാതെ ഉപയോഗിക്കുന്ന പ്രവണതയും വ്യാപകം. കായം മുതല്‍ കറിവേപ്പിലവരെ എന്തിലും വിഷമുണ്ട്. മല്‍സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഫോര്‍മലിന്‍, ഇറച്ചിയിലെ ആന്റിബയോട്ടിക്കുകളും രാസത്വരകങ്ങളും എല്ലാം ഊനം തട്ടാതെ മനുഷ്യശരീരത്തിലേക്ക് എത്തിപ്പെടുകയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധിയും പ്രധാനമാണ്.മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സെപ്ടിക് ടാങ്കും കിണറും അടുത്തടുത്തായിരിക്കും. അടുത്തത് പാചകക്കാരുടെയും വിളമ്പക്കാരുടെയും വൃത്തിയാണ്. അന്യസംസ്ഥാനക്കാരല്ല അന്യ രാജ്യക്കാര്‍പോലുമാണ് പലയിടത്തും പാചകത്തിന് നില്‍ക്കുന്നത്. ഇവര്‍ ഏറെയും താമസിക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. പലരോഗങ്ങളുടെയും വാഹകരാണ് പാചകക്കാര്‍. പാചകപ്പുരകളുടെ വൃത്തിയാണ് അടുത്ത ഇനം. പാചകശാലകള്‍ ഭീകരമായ അവസ്ഥയിലാണ്. പാചകശാലകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ ചില നിബന്ധനകള്‍ പരിശോധകര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. പക്ഷേ പരിശോധന പതിവല്ലെന്നത് ഹോട്ടലുകാര്‍ക്ക് നേട്ടമാണ്.


എവിടെ എങ്കിലും ചില ഗുരുതരപ്രശ്‌നങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോഴോ, പരിശോധകര്‍ക്ക് കേസു തികയ്ക്കണമെന്ന് തോന്നുമ്പോഴോ നടക്കുന്ന പ്രഹസനമാണ് പലപ്പോഴും പരിശോധനകള്‍. ഏതു പാചകപ്പുരയിലും എപ്പോള്‍വേണമെങ്കിലും കേസുണ്ടാകുമെന്നതാണ് പരിശോധകരുടെ മെച്ചം. പേരെടുത്ത പലഹോട്ടലുകളില്‍ നിന്നും പഴകിയഭക്ഷ്യവസ്തുക്കള്‍ പിടിച്ചുവച്ചിരിക്കുന്നത് കഴിഞ്ഞദിവസങ്ങളില്‍ നമ്മള്‍ കണ്ടു.

ഭക്ഷണം കഴിച്ച് ഉടന്‍ കുഴഞ്ഞുവീഴുന്നകേസുകളില്‍മാത്രമേ നമുക്ക് ഒരു നടപടി പ്രതീക്ഷിക്കാനാവൂ. അതായത് പാഷാണം നേരിട്ട് കലര്‍ത്തരുത്. അത്രയൊക്കെ ശ്രദ്ധിച്ചാല്‍ കേരളത്തില്‍ കടക്കാരനും ഹാപ്പി,പരിശോധകനും ഹാപ്പി. ദീര്‍ഘകാലരോഗങ്ങളുണ്ടാക്കുന്ന സാഹചര്യങ്ങളെ മലയാളി കാണുന്നേയില്ല.കാന്‍സറും കുടല്‍പുണ്ണും വൃക്കതകരാറുമുണ്ടാക്കുന്ന കേസുകള്‍ പുറത്തറിയില്ല. വെളിച്ചെണ്ണയ്ക്കുപകരം ഉപയോഗിക്കുന്ന ലിക്വിഡ് പാരഫിനോ, കറിപ്പൊടിയിലെ മായമോ പോലെ ദൂരവ്യാപകമായ ആരോഗ്യഭീഷണികളെ കണ്ടെത്താനുള്ള ശേഷി നമ്മുടെ പരിശോധകര്‍ ഇപ്പോഴും കൈവരിച്ചിട്ടില്ല. അവര്‍ കാണുന്നത്. അഴുകിയമീനും കഴുകാത്തപാത്രവും പാറ്റയും എലിയും ഓടുന്ന അടുക്കളയുമാണ്. ഇതിലും മാരകമായ വിഷവസ്തുക്കള്‍ വൃത്തിയായ പശ്ചാത്തലത്തിലൂടെ തന്നെ ഈ അടുക്കളകള്‍ നമ്മിലേക്കു കടത്തിവിടുകയാണ്.

നമ്മുടെ പരിശോധനാ ശൈലിതന്നെ മാറേണ്ടിയിരിക്കുന്നു. പരിശോധനകള്‍ അതിര്‍ത്തിയിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും കൂടി നടന്നാലേ മലയാളി രക്ഷപ്പെടൂ. ഇത്തരം പരിശോധനകള്‍ക്ക് വേണ്ട സൗകര്യവും ആള്‍ബലവും നമുക്കില്ല. പരിശോധനകള്‍ നിത്യമാകണം. പരിശോധകന് മേല്‍ പരിശോധന നടക്കണം. തെറ്റുകള്‍ക്ക് ഉദ്യോഗസ്ഥക്ക് കടുത്തശിക്ഷയുണ്ടാകണം.ഇതെങ്ങനെ വേണമെന്ന് ഏതെങ്കിലും മാനേജുമെന്റ് വിദഗ്ധന് പറഞ്ഞുതരാവുന്നതേയുള്ളൂ. പരിശോധന നടപടി പിഴയും സ്ഥിരമായ അടച്ചുപൂട്ടലുംപോലെ ശക്തമാകണം.
വിദേശത്തെ മാര്‍ക്കറ്റുകളിലേക്ക് പലചരക്കും പച്ചക്കറികളും ഇറച്ചിയും മീനും കയറ്റി അയക്കുന്ന നിരവധി ബ്രാന്‍ഡുകള്‍ കേരളത്തിവും വിപണികളില്‍ സാധനമെത്തിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ രണ്ടിന്റെയും വ്യത്യാസം പരിശോധിച്ചാല്‍ മനസിലാകും. ധാര്‍മ്മികമായ വ്യാപാരരീതിയുടെ ഭാഗമായുള്ള സിഎസ്ആര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി ഹാജരാക്കുന്ന പാല്‍ കോഴി ഉല്പാദക/മത്സ്യ സംസ്‌ക്കരണ സ്ഥാപനങ്ങളെ മാത്രമെ അതിര്‍ത്തി കടന്നുവരാന്‍ അനുവദിക്കാവൂ. കഴിയുമോഎന്നതാണ് പ്രശ്‌നം. ഓഡിറ്റ് പൂര്‍ണ്ണമായും സത്യസന്ധമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനത്തിനായി സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം.

ധാര്‍മ്മികമായ വ്യാപാരമാണെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിനെ മാത്രം ആധാരമാക്കിയുള്ള ബിസിനസ്സിലൂടെയാണ് ഇന്ത്യന്‍ ഉല്പന്നങ്ങള്‍ പ്രത്യേകിച്ച് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലുള്ള ഗ്ലോബല്‍ കമ്പനികള്‍ സംഭരിക്കുന്നത്.
സര്‍ക്കാരിന് ഓഡിറ്റ് സ്ഥാപനങ്ങളെ ഔട്ട്‌സോഴ്‌സ് ചെയ്യാവുന്നതാണ്. ഓഡിറ്റ് ചെലവ് ഉല്പാദകര്‍ വഹിക്കുകയെന്നതാണ് സിഎസ്ആര്‍ ഓഡിറ്റ് രീതി. കാരണം ബിസിനസ് നടക്കേണ്ടത് ഉല്പാദകന്റെ ആവശ്യമായതിനാല്‍

വിദേശത്ത് കീടനാശിനിയുടെ അംശം പോലുമില്ലാതെ പച്ചക്കറിയും വിഷാംശമില്ലാത്ത മാംസവും എത്തിക്കാന്‍ ഇവര്‍ക്ക് എങ്ങനെയാണ് കഴിയുന്നത്. അവിടെയാണ് നമ്മുടെ സംവിധാനങ്ങളുടെ പരാജയം വെളിവാകുന്നത്.
നമ്മുടെ പരിശോധനാ സംവിധാനങ്ങള്‍ പൂര്‍ണമായും ഉടച്ചുവാര്‍ക്കപ്പെടേണ്ടതാണ്. അതിനുതകുന്ന നിയമങ്ങളുടെ പിന്‍ബലവുമുണ്ടാകണം. ഓര്‍ക്കുക വൃത്തിയും ഗുണവുമുള്ള ഭക്ഷണം മനുഷ്യന്റെ അവകാശമാണ്.