അഞ്ച് വര്‍ഷത്തിനിടെ അഡാനി നേടിയത് സഹസ്ര കോടികള്‍

Web Desk
Posted on May 22, 2019, 6:57 pm

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോഡിയുടെ ചിറകിലേറി പറന്ന അഡാനി നേടിയത് സഹസ്ര കോടികള്‍. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് മുമ്പ് 2013ല്‍ 44 പദ്ധതികള്‍ മാത്രമാണ് അഡാനി ഏറ്റെടുത്തിരുന്നത്. എന്നാല്‍ മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ അഡാനി ഗ്രൂപ്പിന്റെ വളര്‍ച്ച 92 പദ്ധതികളിലെത്തി. സ്വകാര്യ തുറമുഖങ്ങള്‍, കല്‍ക്കരി ഇറക്കുമതി, കല്‍ക്കരി ഖനനം, ചെറുകിട വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ ഒതുങ്ങികൂടിയ അഡാനി മോഡി അധികാരത്തില്‍ എത്തിയപ്പോള്‍ പ്രവര്‍ത്തന മേഖല ഏറെ വിശാലമാക്കിയെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിമാനത്താവളങ്ങള്‍, നഗരങ്ങളിലെ കുടിവെള്ള വിതരണ സംവിധാനങ്ങള്‍, ചെറുകിട- ഇടത്തരം വായ്പകള്‍ നല്‍കുന്ന ധനകാര്യ സ്ഥാപനങ്ങള്‍, ഊര്‍ജ്ജോല്‍പ്പാദനവും വിതരണവും, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, ഡാറ്റാ സെന്ററുകള്‍, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ മേഖലകളിലേയ്ക്കും വ്യവസായ ശ്യംഖല വ്യാപിപ്പിച്ചു.2018 സെപ്റ്റംബര്‍ മാസത്തില്‍ പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് 126 കരാറുകള്‍ നല്‍കി. ഇതില്‍ 25 കരാര്‍ അഡാനി ഗ്രൂപ്പ് സ്വന്തമാക്കി. രാജ്യത്തെ 206 നഗരങ്ങളില്‍ അഡാനി ഗ്രൂപ്പിന്റെ വിവിധ പദ്ധതികള്‍ തുടരുന്നു.

കല്‍ക്കരി ഖനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭൂരിഭാഗം ചെറുകിട കമ്പനികളും അടച്ചുപൂട്ടി. ഇതില്‍ അഡാനി ഗ്രൂപ്പിനും നഷ്ടമുണ്ടായി. ഈ നഷ്ടം നികത്തുന്നതിന് ദേശീയ പാതകള്‍, പ്രകൃതി വാതക വിതരണം എന്നീ കരാറുകള്‍ വാരിക്കോരി നല്‍കി. 2018ല്‍ 12,300 കോടി രൂപ നല്‍കി അഡാനി ഗ്രൂപ്പ് റിലയന്‍സ് പവര്‍ ട്രാന്‍സ്മിഷന്‍ എന്ന കമ്പനി വാങ്ങി. ഛത്തീസ്ഗഢ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിഎംആര്‍ എന്ന ഊര്‍ജ്ജ കമ്പനി 5200 കോടി വിലയില്‍ വാങ്ങി. 1950 കോടി രൂപ മുടക്കി കാട്പള്ളി തുറമുഖവും അഡാനി ഗ്രൂപ്പ് സ്വന്തമാക്കി. 2018ല്‍ മാത്രം 19687 കോടി രൂപ മുടക്കിയാണ് വിവിധ കമ്പനികള്‍ അഡാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കൂടാതെ വിവിധ പദ്ധതികള്‍ക്കായി നിക്ഷേപിച്ച സഹസ്രകോടികള്‍ വേറെയും. പ്രകൃതി വാതക മേഖലയിലെ ഒരു കരാറിന് മാത്രം 1200 മുതല്‍ 1500 കോടി രൂപവരെ നിക്ഷേപം നടത്തി. മൊത്തം 24000 കോടി രൂപയാണ് അഡാനി നിക്ഷേപിച്ചത്.

ആന്ധ്രാ പ്രദേശിലെ ഡാറ്റാ സെന്ററിനായി 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അഡാനി ഗ്രൂപ്പ് വ്യക്തമാക്കി. കാട്പള്ളി തുറമുഖ വികസനത്തിനായി 53,000 കോടി നിക്ഷേപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ് അഡാനി ഗ്രൂപ്പ്, അഡാനി കാപ്പിറ്റല്‍ സര്‍വീസില്‍ 500 കോടി രൂപ പുതുതായി നിക്ഷേപിച്ചു. പ്രതിസന്ധിയിലായ ആസ്‌ട്രേലിയന്‍ കല്‍ക്കരി പദ്ധതിയില്‍ 940 കോടി നിക്ഷേപിച്ചു.

അഡാനി ഗ്രൂപ്പില്‍ ആറ് കമ്പനികളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. അഡാനി എന്റര്‍പ്രൈസ്സ്, അഡാനി പോര്‍ട്‌സ്, അഡാനി പവര്‍, അഡാനി ട്രാന്‍സ്മിഷന്‍, അഡാനി ഗ്രീന്‍ എന്‍ര്‍ജി, അഡാനി ഗ്യാസ് ആന്റ് ഫൈനാന്‍ഷ്യല്‍സ് എന്നീ കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അഡാനി എന്റര്‍പ്രൈസ്സ്, അഡാനി ഇന്‍ഫ്രാ, അഡാനി അഗ്രിഫ്രെഷ് എന്നീ കമ്പനികള്‍ തമ്മില്‍ കോടികളുടെ ഇടപാടാണ് നടന്നത്. വൈദ്യുത ഉല്‍പ്പാദന- വിതരണ കമ്പനികളിലാണ് അഡാനി ഗ്രൂപ്പ് കോടികളുടെ ലാഭം നേടിയതായി കണക്കുകള്‍ സര്‍ക്കാരിന് നല്‍കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഊര്‍ജ്ജോല്‍പ്പാദന- വിതരണ കമ്പനികള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് അഡാനി ഗ്രൂപ്പിന്റെ ലാഭം വര്‍ഷാവര്‍ഷം ഗണ്യമായി ഉയരുന്നത്.