Web Desk

ന്യൂഡൽഹി

January 14, 2021, 9:59 pm

രാജ്യത്ത് സാമ്പത്തികമാന്ദ്യം നീളുമെന്ന് റിപ്പോര്‍ട്ട്

Janayugom Online

കോവിഡ് പ്രതിസന്ധി സമ്പദ്ഘടനയില്‍ ഏല്പിച്ച ആഘാതം ദീർഘകാലത്തേക്ക് നീണ്ടുനിൽക്കുമെന്ന് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഫിച്ച് റേറ്റിങ്സ്. 2026 വരെ പരമാവധി 6.5 ശതമാനത്തിലധികം വളർച്ച കൈവരിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് വിലയിരുത്തുന്നു. നടപ്പുസാമ്പത്തിക വർഷം 9.4 ശതമാനം സങ്കോചം സംഭവിക്കുന്ന സമ്പദ്ഘടന തിരിച്ചുവരവിന്റെ ഭാഗമായി അടുത്ത സാമ്പത്തിക വര്‍ഷം 11 ശതമാനം വർധിക്കും. തുടര്‍ന്ന് 2025–26 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷ വളര്‍ച്ച ഏതാണ്ട് 6.5 ശതമാനമായി പരിമിതപ്പെടുമെന്ന് പഠനം വ്യക്തമാക്കുന്നു. 

സാമ്പത്തിക മേഖലയിലെ ദുർബലമായ സാഹചര്യവും വിതരണ ശൃംഖലയിലെ തടസങ്ങളും ആവശ്യകതയിലെ കുറവും ജിഡിപി കൊറോണയ്ക്ക് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് താഴെയായി നിലനിർത്തും. കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ കേന്ദ്രസർക്കാരിന്റെ നയവൈകല്യങ്ങളുടെ ഭാഗമായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വേഗത നഷ്ടപ്പെട്ടിരുന്നു. ജിഡിപി വളർച്ചാ നിരക്ക് 2019 ൽ പത്തുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇത് 6.1 ശതമാനമായിരുന്നു.

ഇന്ത്യയില്‍ കോവിഡ് ലോക്ഡൗണിനെത്തുടർന്ന് ഉടലെടുത്ത സാമ്പത്തിക മാന്ദ്യം ലോകത്തിലെ ഏറ്റവും കഠിനമായ സാഹചര്യങ്ങളിലൊന്നാണെന്ന് പഠനം വിലയിരുത്തി. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജുകൾ ഫലം കാണാത്തതും നേരിട്ടുള്ള സാമ്പത്തികസഹായം ലഭ്യമല്ലാത്തതും സ്ഥിതി വഷളാക്കി. സമ്പദ്‌വ്യവസ്ഥ ഇപ്പോൾ വീണ്ടെടുക്കൽ ഘട്ടത്തിലാണുള്ളത്. വരും മാസങ്ങളിൽ വാക്‌സിനേഷന്‍ ഉയരുന്നത് സാമ്പത്തികവളർച്ചയെ പിന്തുണയ്ക്കുമെന്നും റിപ്പോർട്ട് പറയുന്നു. 

നിക്ഷേപം കുത്തനെ ഇടിഞ്ഞിരിക്കുന്ന സാഹചര്യമാണ് സമ്പദ്ഘടന നേരിടുന്നത്. തൊഴിൽ ഉല്പാദനക്ഷമതയെ ആശ്രയിച്ചായിരിക്കും വീണ്ടെടുക്കൽ. കഴിഞ്ഞ 15 വർഷത്തിനിടയിൽ തൊഴിൽ ഉല്പാദനക്ഷമതയിലും പ്രതിശീർഷ ജിഡിപിയുടെ വളർച്ചയിലും ഉയർന്ന നിക്ഷേപ നിരക്ക് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നിയന്ത്രിത വായ്പ വിതരണം നിക്ഷേപത്തിന്റെ പ്രധാന ഘടകമാണ്. എന്നാൽ ബാങ്കിംഗ് മേഖലയും കടുത്ത പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സപ്ലൈ സൈഡ് ജിഡിപിയുടെ വളർച്ചയെക്കുറിച്ചുള്ള പ്രവചനം 2021 മുതൽ 2026 വരെ 5.1 ശതമാനമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. 

ENGLISH SUMMARY:Report that the reces­sion will con­tin­ue in the country
You may also like this video