October 1, 2022 Saturday

Related news

September 30, 2022
September 30, 2022
September 29, 2022
September 27, 2022
September 27, 2022
September 26, 2022
September 24, 2022
September 23, 2022
September 23, 2022
September 21, 2022

ഇന്ത്യയിൽ പരിമിത ജനാധിപത്യാവകാശങ്ങള്‍ മാത്രമെന്ന് റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2021 11:04 pm

ഇന്ത്യ പരിമിത ജനാധിപത്യാവകാശങ്ങള്‍ മാത്രം നല്‍കുന്ന രാജ്യമായി മാറിയെന്ന് ഫ്രീഡം ഹൗസ് റിപ്പോര്‍ട്ട് 2021. അമേരിക്ക ആസ്ഥാനമായുള്ള എന്‍ജിഒയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയിലെ ജനാധിപത്യ സംവിധാനം വലിയ പരിവര്‍ത്തനത്തിന് വിധേയമായെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇന്ത്യയെ ജനാധിപത്യ അവകാശങ്ങള്‍ ധാരാളം അനുവദിക്കുന്ന ‘സ്വതന്ത്രം’ എന്ന കാറ്റഗറിയിലാണ് സംഘടനയുടെ മുൻ റിപ്പോർട്ടുകളിൽ ഉള്‍പ്പെടുത്തിയിരുന്നത്. 2020ലെ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യവും രാഷ്ട്രീയ അധികാരവും സിവില്‍ അവകാശങ്ങളും നല്‍കുന്ന രാജ്യമെന്ന നിലയില്‍ നിന്ന് ഇന്ത്യ താഴേയ്ക്ക് പോയിരിക്കുകയാണ്. പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോഡിയുടെ രണ്ടാം അധികാരപ്രവേശത്തിനുശേഷമാണ് രാജ്യത്ത് ഇത്ര വലിയ മാറ്റമുണ്ടായതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള ജനാധിപത്യ അളവുകോലുവച്ച് കണക്കാക്കുമ്പോൾ ഇന്ത്യയുടെ സ്ഥാനം ദിനംപ്രതി ഇടിഞ്ഞുകൊണ്ടിരിക്കുന്നു. 

ജനാധിപത്യാവകാശ സംരക്ഷണത്തിൽ ഇന്ത്യക്ക് 100ല്‍ 67 മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ അവകാശങ്ങള്‍ക്ക് 40ല്‍ 34മാര്‍ക്കും സിവില്‍ അവകാശങ്ങള്‍ക്ക് 60ല്‍ 30 മാര്‍ക്കും നല്‍കിയിരിക്കുന്നു. 2020കാലത്ത് വിയോജിപ്പുകളുള്ളവര്‍ക്കെതിരെ മോഡി സര്‍ക്കാര്‍ കനത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. ഒരു തരത്തിലുള്ള ആസൂത്രണവുമില്ലാതെ നടപ്പാക്കിയ ലോക്ഡൗണ്‍ ദശലക്ഷം പേരുടെ പലായനത്തിനും ദുരിതത്തിനും കാരണമായി. 2020 മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ കുടിയേറ്റത്തൊഴിലാളികളെ തൊഴില്‍രഹിതരും ഭവന രഹിതരുമാക്കി. അവര്‍ക്ക് നഗരങ്ങളില്‍ നിന്ന് നടന്നും കിട്ടിയ വാഹനങ്ങളിലും പലായനം ചെയ്യേണ്ടിവന്നു. ഭക്ഷണം പോലുമില്ലാതെയാണ് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായി താണ്ടിയത്. നിരവധി പേര്‍ ഈ പലായനത്തിനിടയില്‍ ആലംബമില്ലാതെയും പട്ടിണിമൂലവും അപകടങ്ങളിലും കൊല്ലപ്പെട്ടു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതംമാറ്റത്തിനെതിരെ കൊണ്ടുവന്ന നിയമത്തെക്കുറിച്ചും റിപ്പോർട്ടിൽ സൂചനയുണ്ട്. ഹിന്ദു സ്ത്രീകളെ മറ്റ് മതസ്ഥരായ പുരുഷന്മാര്‍ പാട്ടിലാക്കി മതംമാറ്റുന്നുവെന്നാരോപിക്കുന്ന ലൗ ജിഹാദിനെതിരേയെന്ന പേരില്‍ കൊണ്ടുവന്ന നിയമങ്ങള്‍ ഇന്ത്യയിലെ ജനാധിപത്യ അവകാശത്തെ വലിയ തോതില്‍ ചവിട്ടിമെതിക്കുന്നതായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. തബ്‌ലീഗ് ജമാഅത്ത് അംഗങ്ങളെ കോവിഡിന്റെ പേരില്‍ ഒറ്റപ്പെടുത്തിയ നടപടിയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ENGLISH SUMMARY:Reportedly lim­it­ed demo­c­ra­t­ic rights in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.