June 6, 2023 Tuesday

സൈനിക കേന്ദ്രവും ഒറ്റികൊടുക്കാനൊരുങ്ങി ദേവീന്ദർ സിംഗ്: വീട്ടിൽ നിന്ന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

Janayugom Webdesk
ന്യൂഡൽഹി
January 16, 2020 4:46 pm

ജമ്മു കശ്മീരിൽ ഹിസ്ബുൾ ഭീകരർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്ന് ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന്റെ മാപ്പ് ലഭിച്ചതായി റിപ്പോർട്ടുകൾ. കരസേനയുടെ 15 കോപ്സ് ഹെഡ്കോർട്ടേഴ്സിന്റെ മാപ്പാണ് ദേവീന്ദർ സിംഗിന്റെ വീട്ടിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഹെഡ്കോട്ടേഴ്സിന്റെ മുഴുവൻ വിവരങ്ങളും വ്യക്തമാക്കുന്നതാണ് മാപ്പ്. കണക്കിൽപെടാത്ത ഏഴര ലക്ഷം രൂപയും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ദേവീന്ദർ സിംഗിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരുന്നു.

ഭീകരർക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെ ശ്രീനഗറിലെ സൈനിക ആസ്ഥാനത്തിന് സമീപം ദേവീന്ദർ സീംഗ് വീട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ദേശീയ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. 2017 മുതലായിരുന്നു വീട് നിർമ്മാണം തുടങ്ങിയത്. 15 കോപ്പ്സ് ഹെഡ്കോട്ടേഴിന്റെ മതിൽ പങ്ക് വെയ്ക്കുന്ന രീതിയിലായിരുന്നു വീടിന്റെ നിർമ്മാണം. കഴിഞ്ഞ അഞ്ചുവർഷമായി ബന്ധുവിന്റെ വാടകവീട്ടിലായിരുന്നു ദേവീന്ദർ സിംഗും കുടുംബവും കഴിഞ്ഞിരുന്നത്. ഭീകരർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരം നീക്കങ്ങൾ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൂടാതെ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു. ഷേർ ഇ കശ്മീർ മെഡൽ പിൻവലിച്ച് കൊണ്ട് കശ്മീർ ലെഫ്‍ൻറ് ഗവർണർ ഉത്തരവ് പുറത്തിറക്കി. സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീർ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതിന് പിന്നാലെയാണ് പൊലീസ് മെഡൽ പിൻവലിച്ചിരിക്കുന്നത്.ഡിഎസ്പി റാങ്കിലുള്ള ദേവീന്ദർ സിംഗിന്റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികൾ മരവിപ്പിച്ചതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ശനിയാഴ്ച ഹിസ്ബുൽ ഭീകരർക്കൊപ്പം ഡൽഹിയിലേക്കുള്ള കാർ യാത്രക്കിടെയാണ് ദേവീന്ദർ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തീവ്രവാദികളെ ഡൽഹിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ബാനിഹാൾ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിംഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.

Eng­lish sum­ma­ry: Reports say that a map of Sri­na­gar’s mil­i­tary head­quar­ters has been obtained from Deven­der Singh’s house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.