Web Desk

നായ്പിഡോ

February 28, 2021, 10:49 pm

മ്യാൻമറിൽ അടിച്ചമർത്തൽ; 18 മരണം

Janayugom Online

അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരെ മ്യാൻമറിൽ നടക്കുന്ന കൂറ്റൻ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നു. ഇന്നലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവപ്പിൽ 18 പേർ കൊല്ലപ്പെട്ടതായി യുഎൻ ഹ്യൂമൻറൈറ്റ്സ് റിപ്പോർട്ട് ചെയ്തു. നിരവധിപ്പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് ആളുകളെ ജയിലിലടച്ചു.
ഫെബ്രുവരി ആദ്യം പട്ടാള അട്ടിമറി നടന്നതിന് ശേഷം മ്യാൻമറിലെ തെരുവുകളിൽ നിന്ന് പ്രതിഷേധക്കാർ ഒഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുന്തോറും സമരം ശക്തിപ്പെടുകയാണ്. പട്ടാള ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദവും വർധിച്ചു വരികയാണ്.
പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ തടിച്ചുകൂടിയത്. ദക്ഷിണ നഗരമായ ദവേയിയിലുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാർക്കുനേരെ കണ്ണീർ വാതകം പ്രയോഗിച്ചതിന് ശേഷം വെടിയുതിർക്കുകയായാരുന്നു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. 

പരിക്കേറ്റവരുടെ എണ്ണം വർധിച്ചതോടെ സമരമുന്നണിയിലുണ്ടായിരുന്ന ഡോക്ടർമാർ തിരിച്ച് ജോലിയിൽ പ്രവേശിച്ചു. വിരമിച്ച ഡോക്ടർമാർ പലരും സേവനത്തിന് സന്നദ്ധരായി ആശുപത്രിയിലെത്തിച്ചേർന്നതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
അതേസമയം രാജ്യത്തെ യുഎൻ സ്ഥാനപതി ക്യോ തുന്നിനെ മ്യാൻമർ പുറത്താക്കി. മ്യാൻമറിലെ സൈനിക നടപടിക്കെതിരെ ശക്തമായ നീക്കം നടത്തണമെന്ന് ക്യോ മോ ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തെ പട്ടാള ഭരണകൂടം പുറത്താക്കിയത്. മ്യാൻമർ സ്റ്റേറ്റ് ടെലിവിഷൻ എംആർടിവിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

ക്യോ മോ രാജ്യത്തെ ഒറ്റുകൊടുക്കുകയും സ്ഥാനപതിയുടെ അധികാരവും ഉത്തരവാദിത്തങ്ങളും ദുരുപയോഗം ചെയ്തതായും സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ അവസാനശ്വാസം വരെയും മ്യാൻമർ ജനതയ്ക്കു വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ക്യോ മോ പ്രതികരിച്ചു. ജനാധിപത്യരീതിയിലൂടെ അധികാരത്തിലേറിയ മ്യാൻമർ സർക്കാരിന് അധികാരം വിട്ടുകൊടുക്കണമെന്നും ഔങ് സാൻ സൂചി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യമുന്നയിച്ചാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്. അനധികൃതമായി വാക്കി ടോക്കികൾ രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്തുവെന്നാരോപിച്ചാണ് സൂചിയെ തടവിലക്കിയിരിക്കുന്നത്. 

ENGLISH SUMMARY:Repression in Myan­mar; 18 deaths
You may also like this video