Web Desk

January 28, 2020, 4:05 am

ജനത കൊണ്ടാടിയ റിപ്പബ്ലിക് ദിനാഘോഷം

Janayugom Online

ഇന്ത്യൻ റിപ്പബ്ലിക്കും അതിന് ആധാരമായ ഭരണഘടനയും മുമ്പൊരിക്കലും ആഘോഷിക്കപ്പെടാത്ത വിധം കൊണ്ടാടപ്പെട്ട റിപ്പബ്ലിക് ദിനമാണ് ഞായറാഴ്ച കടന്നുപോയത്. അതിന് ഇന്ത്യൻ ജനത ആരോടെങ്കിലും കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് മറ്റാരോടുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും അദ്ദേഹം നേതൃത്വം നൽകുന്ന ഭരണകൂടത്തോടുമാണ്. കേരളത്തിൽ കാസർകോട് മുതൽ കളിയിക്കാവിളവരെ മനുഷ്യമഹാശൃംഖലയിൽ ദശലക്ഷക്കണക്കിന് കേരളീയരെ അണിനിരത്തിയതിന് ആദ്യം നന്ദി പറയേണ്ടത് മോഡി ഭരണകൂടത്തോടാണ്. മനുഷ്യമഹാശ‍ൃ‍ംഖലയ്ക്ക് ആഹ്വാനം നൽകിയത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരാണ്. എന്നാൽ കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ഭേദചിന്തകൾക്കും അതീതമായി ജനങ്ങളെ ഒരുമിപ്പിച്ചത് വിദ്വേഷവും അസഹിഷ്ണുതയും ഭേദചിന്തയും വമിപ്പിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയമാണ്. റിപ്പബ്ലിക്കിന്റെ അന്തസ്സത്തയും ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ആശയലോകവും ഏറ്റവും സാധാരണക്കാരുടെ പോലും ബോധതലത്തിൽ ആഴത്തിൽ വേരോട്ടമുണ്ടാക്കാൻ‍ സഹായിച്ചത് ജനതയെ വിഭജിക്കാനും അതുവഴി ഇന്ത്യൻ റിപ്പബ്ലിക് എന്ന ആശയത്തെ തകർക്കാനും മോഡി ഭരണകൂടം കൈക്കൊണ്ട ഫാസിസ്റ്റ് നടപടികൾ തന്നെയാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളെ കൈകോർക്കാൻ പ്രേരിപ്പിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയമുൻകൈ വൻ വിജയമായിരുന്നുവെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ‍ക്ക് തന്നെ പരോക്ഷമായി അംഗീകരിക്കേണ്ടിവന്നു. മുസ്ലിം ലീഗ് അടക്കം യുഡിഎഫ് ഘടകകക്ഷി നേതാക്കളും പ്രവർത്തകരും മഹാശൃംഖലയിൽ അണിനിരന്നുവെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ റിപ്പബ്ലിക് എന്ന ആശയം കക്ഷിരാഷ്ട്രീയ ഭിന്നതകൾക്ക് അതീതമായ ദേശീയ മൂല്യമാണെന്ന് തിരിച്ചറിഞ്ഞ പ്രവർത്തകരോളം വിവേകം യുഡിഎഫ് നേതൃത്വത്തിലുള്ള പലർക്കും ഇല്ലെന്ന അനുഭവപാഠം ഉൾക്കൊള്ളാൻ അനുഭവ സമ്പത്തും പ്രവർത്തന പാരമ്പര്യവുമുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനിയെങ്കിലും കഴിയണം. ഇന്ത്യൻ ദേശീയ ജീവിതത്തിലെ അസാധാരണവും അസാമാന്യവുമായ ഈ ഉണർവും ആവേശം പ്രസരിപ്പിക്കുന്ന ഐക്യവും ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. റിപ്പബ്ലിക് ദിനത്തിൽ പൗരത്വ നിയമത്തിനും, രജിസ്റ്ററിനും എതിരെ അയ്യായിരത്തിൽപ്പരം പ്രതിഷേധ പരിപാടികൾ കോൺഗ്രസും ഇടതുപാർട്ടികളും സംയുക്തമായി പ­ശ്ചി­മ ബംഗാളിൽ സംഘടിപ്പിച്ചു എന്ന വാർത്ത കോൺഗ്രസ് നേ­താക്കളടക്കം യുഡിഎഫിന്റെ കണ്ണുതുറപ്പിക്കാ­ൻ മതിയായവയാണ്.

ഇടതുമുന്നണി ചെയർമാൻ ബിമാൻ‍ ബോസും, കോൺഗ്രസ് അധ്യക്ഷൻ സോമൻ മിത്രയും കൊൽക്കത്തയിലെ ഒരു പ്രതിഷേധ യോഗത്തിൽ ഒരുമിച്ചു പങ്കെടുത്ത് പ്രസംഗിക്കുകയുണ്ടായി. കൊൽക്കത്തയിലെ തന്നെ മറ്റൊരു പ്രതിഷേധ യോഗത്തി­ൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറി സുർജ്യകാന്ത മിശ്രയും കോൺഗ്രസിന്റെ മുൻ സംസ്ഥാന പ്രസിഡന്റ് പ്രദീപ് ഭട്ടാചാര്യയും ഒരുമിച്ചു പങ്കെടുത്തുവെന്നും വാർത്തയുണ്ട്. ഇ­തെല്ലാം സൂചിപ്പിക്കുന്നത് രാഷ്ട്രീയ ഐക്യത്തെക്കാളും മുന്നണി ബന്ധങ്ങളെക്കാളും ഉപരിയാണ് രാജ്യത്തിന്റെയും ജനതയുടെയും ഐക്യമെന്നതും മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ എന്ന സങ്കല്പം എന്നതും തന്നെയാണ്. കാലത്തിന്റെ വിളി, ആഹ്വാനം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും എന്നുതന്നെയാണ്.

രാജ്യം അഭിമുഖീകരിക്കുന്ന അതീവഗുരുതരമായ പ്രതിസന്ധിയുടെ ഈ ദിനങ്ങളിൽ എവിടെയൊക്കെ ജനങ്ങൾക്ക് നേതൃത്വം നൽകാനും അവരെ നയിക്കാനും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്നുവോ അവിടെയെല്ലാം സ്വയം നേതൃത്വത്തിലേക്ക് ഉയർന്നുവരാൻ വയോവൃദ്ധരായ സ്ത്രീകളും കൗമാരക്കാരായ ചെറുപ്പക്കാരികളും സന്നദ്ധരായി മുന്നോട്ടുവരുന്ന കാഴ്ചകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഈ ദിനങ്ങളിൽ നാം കാണുന്നത്. ഡൽഹി പ്രാന്തത്തിലെ ഷഹീൻബാഗും ലഖ്നൗ ഹൃദയത്തിലെ ക്ലോക്‌ടവർ‍ മൈതാനിയും ഒറ്റപ്പെട്ട സംഭവങ്ങളല്ല. പൊതുവിൽ നിരക്ഷരരും സാമൂഹ്യ ജീവിതത്തിന്റെ പുറമ്പോക്കുകളിൽ ഒതുക്കപ്പെട്ടവരെന്നും കരുതപ്പെട്ടിരുന്ന സ്ത്രീകളടക്കം ആയിരങ്ങളാണ് രാഷ്ട്ര ജീവിതത്തിന്റെ മുൻനിരയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നത്.

ദേശവിരുദ്ധരെന്നു മുദ്രകുത്തപ്പെട്ടവർ ദേശീയപതാക നെഞ്ചോട് ചേർത്തും ഭരണഘടനയുടെ ആമുഖം ഉദ്ഘോഷിച്ചും തെരുവുകളിൽ അണിനിരക്കുന്നത് തീവ്ര യാഥാസ്ഥിതികത്വത്തെ അവരുടെ നാണയത്തിൽ തന്നെയാണ് വെല്ലുവിളിക്കുന്നത്. സമകാലിക ലോകം നടുക്കത്തോടെ മാത്രം നോക്കിക്കാണുന്ന തീവ്രവലതുപക്ഷ ഫാസിസത്തിന്റെ പ്രതീകമായ ജെയ്ർ ബൊൽസൊനാരൊയ്ക്ക് ഒപ്പം നരേന്ദ്രമോഡി ഔദ്യോഗിക റിപ്പബ്ലിക് ദിനാഘോഷവേദി പങ്കിടുമ്പോഴാണ് ഇതെന്നത് ശ്രദ്ധേയമാണ്. ബ്രസീലിലെ ആദിവാസികൾ, കറുത്തവർ, തൊഴിലാളികൾ, പുരോഗമനവാദികൾ എന്നിവരെ ശത്രുക്കളായി പ്രഖ്യാപിച്ച് അവരുടെ ഉന്മൂലനത്തിന് നേതൃതൃത്വം കൊടുക്കുന്ന ഭരണാധികാരിയാണ് ബൊൽസൊനാരൊ. ഇന്ത്യയിലെ തെരുവുകളിൽ ഇപ്പോൾ ഉയർന്നുകേൾക്കുന്നത് ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും മുദ്രാവാക്യങ്ങളാണെന്നത് ഒരു ജനസഞ്ചയത്തെയാണ് അഭിമാനഭരിതമാക്കുന്നത്.