Web Desk

കോഴിക്കോട് ഡെസ്‍ക്

January 27, 2021, 7:06 pm

കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ്: മന്ത്രി ടി പി രാമകൃഷ്ണൻ

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് റിപബ്ലിക് ദിനാഘോഷം
Janayugom Online

കൃഷിക്കാരും തൊഴിലാളികളുമാണ് രാജ്യത്തിന്റെ ഹൃദയത്തുടിപ്പ് നിലനിർത്തുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ 72ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വതന്ത്ര ഇന്ത്യയുടെ മണ്ണിൽ അന്നംതരുന്നവരുടെ കണ്ണീർ വീഴുന്നില്ലെന്ന് ഉറപ്പുവരുത്തുമ്പോൾ മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യവും അർഥപൂർണമാവുകയുള്ളു. രാജ്യതലസ്ഥാനം കൃഷിക്കാരുടെ സംഗമഭൂമിയായി മാറിയ സാഹചര്യത്തിലാണ് ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടക്കുന്നത്. കൊടുംതണുപ്പിനെ അവഗണിച്ച് ഇന്ത്യൻ കാർഷിക മേഖലയുടെ സംരക്ഷണത്തിനായി അവർ പൊരുതുന്നു. രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖല അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയും സമ്പദ് ഘടനയുടെ അതിനിർണായക ഘടകമായ കാർഷിക മേഖല തകരുകയും ചെയ്യുന്ന സാഹചര്യത്തിലൂടേയാണ് രാജ്യം കടന്നുപോകുന്നത്. നിയമനിർമാണങ്ങൾ അവ ആരെ ഉദ്ദേശിച്ചാണോ നടക്കുന്നത് അവരുടെ സംത്യപ്തിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതാകണം. അവരിൽ അത് പ്രതീക്ഷകളും ആത്മവിശ്വാസങ്ങളും വളർത്തുന്നതാകണമെന്ന് മന്ത്രി പറഞ്ഞു.

മതനിരപേക്ഷതയ്ക്കെതിരായ എല്ലാ നീക്കങ്ങളേയും സമൂഹത്തെ മതാടിസ്ഥാനത്തിൽ വേർതിരിക്കാനുള്ള നീക്കത്തേയും സധൈര്യം ചെറുക്കുന്ന സംസ്ഥാനമാണ് കേരളം. വർഗീയതയ്ക്ക് ഈ മണ്ണിൽ ഇടമില്ല. സാഹോദര്യവും മാനവികതയും ഉയർത്തിപിടിക്കുന്ന കേരളീയരുടെ മനസ്സിൽ കാലുഷ്യം വിതയ്ക്കാൻ ആരേയും അനുവദിക്കില്ലെന്ന് ഒരേ മനസോടെ പ്രഖ്യാപിച്ചവരാണ് നാം. മതജാതി ഭേദമില്ലാതെ സ്വാതന്ത്ര്യത്തിനായി നടന്ന സമരങ്ങളുടേയും എണ്ണമറ്റ പോരാളികളുടെ ജീവത്യാഗത്തിന്റേയും ഫലമാണ് രാജ്യം വൈദേശികാധ്യപത്യത്തിൽ നിന്ന് മോചിതമായത്. പൗരസ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നേരിടുന്ന ഭീഷണി ശക്തിപ്രാപിക്കുന്ന പ്രത്യേക സാഹചര്യമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്. മതനിരപേക്ഷതയും നാനാത്വത്തിൽ ഏകത്വം എന്ന ആശയവും ചോദ്യം ചെയ്യപ്പെടുന്നു. ഭരണഘടന മുന്നോട്ടുവച്ച ലക്ഷ്യങ്ങളും മൂല്യങ്ങളും ഭരണഘടനാതത്വമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് അത്യന്തം അപകടകരമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പരിപാടി നടന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തിയിരുന്നു. പൊതുജനങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷ പരിപാടികളിൽ നിന്നും ഒഴിവാക്കി. ക്ഷണിതാക്കളുടെ എണ്ണം പരമാവധി 100 ആയി നിജപ്പെടുത്തിയിരുന്നു.മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നീ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു. എം കെ രാഘവൻ എം പി, എം എൽ എ മാരായ പുരുഷൻ കടലുണ്ടി, എ പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല, ജില്ലാ കലക്ടർ സാംബശിവ റാവു, ജില്ലാ പൊലിസ് മേധാവി എ. വി ജോർജ്ജ്, എ ഡി എം റോഷ്നി നാരായണൻ, സബ് കലക്ടർ ജി. പ്രിയങ്ക, അസി. കലക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു