റിപ്പബ്ലിക് പരേഡ്: ഡല്‍ഹിയില്‍ 100 വിമാനങ്ങള്‍ റദ്ദാക്കി

Web Desk
Posted on January 07, 2018, 12:24 am

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തില്‍ നടക്കുന്ന എയര്‍ഷോയുടെ പരേഡ് പരിശീലനത്തിന്റെ ഭാഗമായി ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള നൂറോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി.
ഈ മാസം 18 മുതല്‍ 26 വരെ എല്ലാ ദിവസവും രാവിലെയുള്ള നൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിനു യാത്രക്കാര്‍ ദുരിതത്തിലാകും. ഈ ദിവസങ്ങളില്‍ രാവിലെ 10.35 മുതല്‍ 12.15 വരെ ഡല്‍ഹിക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങളുടെ സര്‍വീസാണ് റദ്ദാക്കിയിരിക്കുന്നത്. പതിവ് രീതിയില്‍ എല്ലാ വര്‍ഷവും ജനുവരി 19 മുതലാണ് പരിശീലനം ആരംഭിക്കുന്നത്. പരിശീലനത്തോട് അനുബന്ധിച്ച് 60 മുതല്‍ 90 മിനിറ്റുവരെ ഡല്‍ഹിയുടെ മുകളിലൂടെയുള്ള സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമായിരുന്നുവെങ്കിലും വിമാനത്താവള അധികൃതര്‍ ഇതിന് ബദല്‍ സംവിധാനമൊരുക്കാറുണ്ട്. ഇതുപ്രകാരം ഈ സമയത്തുള്ള വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കാറുള്ളത്.