Web Desk

വാഷിങ്ടണ്‍

January 07, 2021, 9:52 am

അമേരിക്കയിൽ റിപ്പബ്ലിക്കൻ അനുയായികളുടെ പ്രതിഷേധം; ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു

Janayugom Online

അമേരിക്കയില്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളുടെയും സമ്മേളനത്തിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റെ ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ കൂടിയ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്ത് കടന്നത്. സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചു. 

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും നിര്‍ത്തിവച്ചു. തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസുകാരുമായി ഏറ്റുമുട്ടിയ ശേഷം ബാരിക്കേഡുകള്‍ തകര്‍ത്ത് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണിതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇതിനിടെ ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 12മണിക്കൂര്‍ നേരത്തേക്ക് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചു. ട്വിറ്റര്‍ നിയമങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കി.

ENGLISH SUMMARY: Repub­li­can protests in the Unit­ed States; Twit­ter banned Trump’s account
You may also like this video