June 5, 2023 Monday

Related news

June 3, 2023
June 2, 2023
June 1, 2023
June 1, 2023
May 23, 2023
May 22, 2023
May 9, 2023
May 8, 2023
May 6, 2023
May 1, 2023

നാട്ടു നാട്ടു.… ഓസ്കര്‍ ക്രെഡിറ്റ് മോഡിക്കോ; രാജ്യസഭയില്‍ രൂക്ഷവിമര്‍ശനവുമായി മല്ലികാർജുൻ ഖാർഗെ

Janayugom Webdesk
ന്യൂഡല്‍ഹി
March 14, 2023 11:33 pm

അവകാശവാദങ്ങളും വീരവാദങ്ങളും പതിവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍. ഓസ്കറില്‍ ഇന്ത്യ തിളങ്ങിയത് നരേന്ദ്രമോഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് പറയരുതെന്നായിരുന്നു ഖാര്‍ഗെയുടെ പരിഹാസം. രാജ്യസഭയില്‍ പ്രസംഗിക്കവെയാണ് മല്ലികാർജുൻ ഖാർഗെ മോഡിയെ കളിയാക്കിയത്. ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ ഗാനവും ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഹ്രസ്വ ഡോക്യുമെന്ററിയും ഓസ്കര്‍ നേടിയതിനെ പ്രശംസിച്ചായിരുന്നു ഖാര്‍ഗെയുടെ തുടക്കം. വിജയികളുടെ ദക്ഷിണേന്ത്യന്‍ ബന്ധം ചൂണ്ടിക്കാണിച്ച ഖാര്‍ഗെ, അവരെ അഭിനന്ദിച്ചു. ഇത് ഇന്ത്യക്ക് അഭിമാനകരമാണെന്നും പറഞ്ഞു. ‘ഓസ്‌കറിൽ ഇന്ത്യ നേടിയ ഇരട്ട വിജയത്തിന് നന്ദി.

ഞങ്ങൾ വളരെ അഭിമാനിക്കുന്നു, പക്ഷേ എന്റെ ഒരേയൊരു അഭ്യർത്ഥന ഓസ്കറിന്റെ ക്രെഡിറ്റ് ഭരണകക്ഷി ഏറ്റെടുത്ത് ‘ഞങ്ങൾ സംവിധാനം ചെയ്തു, ഞങ്ങൾ എഴുതി, മോഡിജി നിർദേശിച്ചു’ എന്ന് പറയരുത്’. ഖാർഗെയുടെ വാക്കുകള്‍ പ്രതിപക്ഷ നിരയിലും ട്രഷറി ബെഞ്ചിലും ചിരി പടർത്തി. രാജ്യസഭാ ചെയർമാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധൻഖറും സഭാനേതാവ് പിയൂഷ് ഗോയലും വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവും ഉള്‍പ്പെടെ ചിരിച്ചു.

‘രാജ്യസഭാ നോമിനേഷനുകൾ‑പ്രധാനമന്ത്രിയുടെ ഓഫിസിനുള്ള ഓസ്കർ’ എന്ന മന്ത്രി പിയൂഷ് ഗോയലിന്റെ കഴിഞ്ഞ ദിവസത്തെ ഫേസ്ബുക്ക് പോസ്റ്റ് ഖാര്‍ഗെ എടുത്തുപറഞ്ഞു. അഭിമാനകരമായ ഓസ്കര്‍ അവാർഡും രാജ്യസഭയിലേക്കുള്ള പ്രധാനമന്ത്രിയുടെ നോമിനേറ്റഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പും തമ്മിൽ സമാനതയുണ്ടോ എന്ന് സംശയിച്ചുപോകുന്നതായും ഖാര്‍ഗെ കളിയാക്കി. 2022ൽ ഉപരിസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവരിൽ ആർആർആറിന്റെ തിരക്കഥാകൃത്ത് വി വിജയേന്ദ്ര പ്രസാദും ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. ‘കഴിഞ്ഞ വർഷം, പ്രധാനമന്ത്രി മോഡിജി അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിയുകയും അദ്ദേഹത്തിന്റെ കൃതികൾ ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെ പ്രദർശിപ്പിക്കുകയും ആഗോളതലത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു’ എന്നാണ് ഗോയല്‍ പറഞ്ഞുവയ്ക്കുന്നത്. ഇന്ന് ‘നാട്ടു നാട്ടു’ എന്ന ഒറിജിനൽ ഗാനത്തിന് ഓസ്കർ നേടിയതിലൂടെ ആർആർആറും വിജയേന്ദ്രപ്രസാദും ആഗോള ശ്രദ്ധാകേന്ദ്രമായി.

ഇത് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പിന്റെ ആഗോള അംഗീകാരമാണ്’ എന്നാണ് ഗോയൽ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജ്യസഭാ പ്രസംഗം. മോഡിക്കെതിരെയുള്ള രാഷ്ട്രീയ ആക്ഷേപ കമന്റ് എന്ന നിലയിലാണ് ഖാര്‍ഗെയുടെ പ്രസംഗത്തെ ആദ്യം ശ്രവിച്ചത്. എന്നാല്‍ ഗോയലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിച്ചതോടെ ക്രെഡിറ്റ് തട്ടിയെടുക്കല്‍ പദ്ധതിയും ഇതിനിടെ നടന്നെന്നായി വിലയിരുത്തലുകള്‍.

Eng­lish Sum­ma­ry: “Request Modi Ji Not To Take Cred­it For Their (Oscar) Win” ; Mallikar­jun Kharge
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.