Saturday
14 Dec 2019

പ്രകൃതി ദുരന്തത്തില്‍ ദുരന്തനിവാരണം അനിവാര്യമാകുമ്പോള്‍

By: Web Desk | Monday 23 July 2018 10:32 PM IST


natural disasters

manaveeyam

ദുരന്തങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കാനും, പ്രതിവിധി കണ്ടെത്താനും സര്‍ക്കാറുകളോ മറ്റ് സംവിധാനങ്ങളോ കാര്യക്ഷമമായി ശ്രമിക്കാറില്ല. ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ നടക്കുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മാത്രം ഒതുങ്ങുന്നു എല്ലാം. ദുരന്തങ്ങളെക്കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുകയല്ല നമുക്കാവശ്യം. വിവാദങ്ങള്‍ സൃഷ്ടിച്ചാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുവരികയില്ല. ഈ സാഹചര്യത്തിലാണ് തായ്‌ലന്‍ഡിലെ ഗുഹയില്‍ അകപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷാപ്രവര്‍ത്തനം ദുരിതാശ്വാസത്തിന്റെ ഉത്തമമാതൃകയായി വിലയിരുത്തുന്നത്. ഓരോ ദുരന്തത്തില്‍ നിന്നും നാം പാഠം ഉള്‍ക്കൊള്ളുകയും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കേണ്ട കാലമാണിത്.
പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും എത്രയോ വര്‍ഷങ്ങളായി നാം ചര്‍ച്ചചെയ്യുന്നതാണ്. ഭൂമിയുടെ സന്തുലിതാവസ്ഥ തടസ്സപ്പെടുത്തുമ്പോഴാണ് ഉരുള്‍പൊട്ടല്‍, മണ്ണൊലിപ്പ് ഉള്‍പ്പടെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാന്‍ മനുഷ്യന്‍ നടത്തുന്ന ഇടപെടലുകളാണ് പ്രകൃതി ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് 1963ല്‍ റെയ്ച്ചല്‍ കാഴ്‌സന്റെ നിരീക്ഷണം പ്രസക്തമാകുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ‘ആധുനിക ലോകം ആരാധിക്കുന്നത് വേഗത, സമൃദ്ധി, ഉടന്‍ ലാഭം മുതലായ ദേവന്മാരെയാണ്. ഈ ആരാധനയില്‍ നിന്ന് ഭീകരമായ ദുരിതങ്ങള്‍ ജന്മംകൊണ്ടിരിക്കുന്നു.’ ക്ഷിപ്രലാഭത്തിനുവേണ്ടി പ്രകൃതിയെ ആകെതന്നെ ഒരു ഫാക്ടറിയാക്കി മാറ്റിയിരിക്കുന്നു. പക്ഷെ സ്ഥാപിത താല്‍പര്യങ്ങള്‍ ഇതിനെയെല്ലാം നിഷേധിക്കുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ തോത് വര്‍ധിപ്പിച്ചാല്‍ മതി, ഇതുപോലെതന്നെ മുന്നോട്ട് പോകാം, സാമ്പത്തികമാണ് അവസാനവാക്ക് പറയുന്നതെന്ന് – പരിസ്ഥിതിയല്ല – അവര്‍ വാദിക്കുന്നു. ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പാരിസ്ഥിതികവും, സാമൂഹികവുമായ പ്രതിസന്ധിയുടെ ആഴം കാണാനോ, അതിനെ കൂടൂതല്‍ സുസ്ഥിരവും നീതിപൂര്‍വകമാക്കുന്നതിനു വേണ്ടി ഉല്‍പാദനപ്രക്രിയയില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്തേണ്ടതിന്റെ ആവശ്യം മനസിലാക്കാനോ സമൂഹത്തെ ഭരിക്കുന്നവര്‍ തയാറാകുന്നില്ല. ഇത് മൂലം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വര്‍ധിക്കുകയും ദുരന്ത പ്രതിരോധവും ദുരന്തനിവാരണവും അനിവാര്യവുമായി മാറുന്നു.
പരിസ്ഥിതി ദിനാഘോഷത്തിന് നല്‍കുന്ന പ്രാധാന്യം ദുരന്തലഘൂകരണ ദിനത്തിനും നല്‍കേണ്ടതാണ്. വര്‍ധിച്ചുവരുന്ന ദുരിതങ്ങള്‍ ഭൂമിയുടെ ആവാസ വ്യവസ്ഥയെയും മനുഷ്യന്റെ നിലനില്‍പ്പിനെയും ചോദ്യം ചെയ്ത് സുസ്ഥിര വികസന നേട്ടത്തിന് വിഘാതം സൃഷ്ടിക്കുന്നു. ദുരന്ത ലഘൂകരണത്തിന്റെ അടിസ്ഥാന തത്വശാസ്ത്രം പ്രകൃതി ദുരന്തങ്ങള്‍ എന്നൊന്നില്ല എന്നതാണ്. ആഗോളതലത്തില്‍ ഏതു ദുരന്തം വന്നാലും അത് എങ്ങനെ നേരിടണമെന്ന് വ്യക്തികളും സ്ഥാപനങ്ങളും വികസ്വര രാജ്യങ്ങളേക്കാള്‍ ദുരന്ത തോത് വികസിത രാജ്യങ്ങളില്‍ കുറവാണ്. ദുരന്തങ്ങളെ നേരിടാനുള്ള ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളില്‍ നിന്ന് ഇന്ത്യ പോലുള്ള രാജ്യം വളരെയെറേ മുന്നേറാനുണ്ട്.
പരിസ്ഥിതി നാശവും പ്രകൃതി ദുരന്തങ്ങളും തമ്മിലുള്ള ബന്ധമാണ് ദുരന്ത ലഘൂകരണത്തിന്റെ പാഠം. കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിക്കുമ്പോള്‍ കടലാക്രമണം രൂക്ഷമാകുന്നു; നെല്‍വയലുകള്‍ മണ്ണിട്ടുനികത്തി ഫഌറ്റുകളും ഷോപ്പിങ് മാളുകളും നിര്‍മ്മിക്കുന്നതിലൂടെ വെള്ളപ്പൊക്കം ഗ്രാമ-നഗരഭേദമന്യേ വലയം സൃഷ്ടിക്കുന്നു; മലയോര മേഖലയിലെ അമിതമായ മണ്ണെടുക്കല്‍, പാറ ഖനനം, വനനശീകരണം തുടങ്ങിയവയിലൂടെ ഉരുള്‍പ്പൊട്ടലിനും മണ്ണൊലിപ്പിനും കാരണമാകുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങളെയാണ് പ്രകൃതിദുരന്തങ്ങളായി വിലയിരുത്തുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമാണ് മിക്ക പ്രകൃതി ദുരന്തങ്ങളും സൃഷ്ടിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനുളള ശ്രമം മാറുന്ന കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ദുരന്തനിവാരണത്തിന്റെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പഠിക്കേണ്ടതിന്റെയും നടപ്പിലാക്കുന്നതിന്റെയും ആവശ്യകത ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങള്‍. ദുരന്തലഘൂകരണത്തിന്റെ അടിസ്ഥാനം പ്രകൃതി സംരക്ഷണമാണ്.
2015 മാര്‍ച്ച് 14 മുതല്‍ 18 വരെ ജപ്പാനിലെ സെന്‍ദായ് നഗരത്തില്‍ വെച്ച് ചേര്‍ന്ന ദുരന്ത നിവാരണത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടന മൂന്നാം ലോക സമ്മേളനം നാല് മുന്‍ഗണനാമേഖലയ്ക്ക് പ്രാധാന്യം നല്‍കി. അവ പ്രധാനമായി, അപകടസാധ്യത മുന്‍കൂട്ടി മനസ്സിലാക്കുക, അപകടസാധ്യത നിവാരണ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കുക, ദുരന്തനിവാരണ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മൂലധന നിക്ഷേപം നടത്തുക, ദുരന്തങ്ങള്‍ സംഭവിച്ച ശേഷം ഇരകള്‍ക്കുള്ള പുനരധിവാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നിവയാണ്. 2015 സെപ്തംബറില്‍ ഐക്യരാഷ്ട്രസംഘടന പൊതുസമ്മേളനം പാസാക്കിയ 17 ഇന സുസ്ഥിരവികസന ലക്ഷ്യങ്ങളില്‍ എട്ടും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടതാണ്. വികസനത്തിന്റെ വിവിധ മേഖലകളില്‍ ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനാണ് ഈ ലക്ഷ്യങ്ങള്‍ പ്രാമുഖ്യം നല്‍കുന്നത്. 2015 ഡിസംബറില്‍ ഒപ്പുവെച്ച പാരിസ് കാലാവസ്ഥ വ്യതിയാന ഉടമ്പടിയും ദുരന്തനിവാരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
സുസ്ഥിര വികസനത്തിലും ദുരന്ത നിവാരണത്തിലും ഇന്ത്യയെപോലുള്ള രാജ്യം അതീവ ശ്രദ്ധപതിപ്പിക്കേണ്ടതാണ്. ഓരോ ദുരന്തവും വികസന മേഖലകളായ കൃഷി, ഭവനനിര്‍മ്മാണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നു. വികസനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ദുരന്ത ഭീഷണി ലഘൂകരിക്കുക എന്നതായിരുന്നു ദുരന്ത നിവാരണത്തിന്റെ പ്രധാന ലക്ഷ്യം. എങ്കിലും ഈ ദിശയില്‍ ഇന്ത്യ പിന്നോക്കം പോവുകയാണ് ചെയ്തത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇതിനുള്ള പൊതുവായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടില്ല.
ദുരന്ത നിവാരണത്തില്‍ നാം നടത്തുന്ന മൂലധനനിക്ഷേപത്തിലെ പ്രധാനഘടകമാണ് ശേഷി വികസനം. വിവിധതലങ്ങളില്‍ തിരിച്ചറിയുന്ന അപകടങ്ങള്‍ കൈകാര്യ ചെയ്യുന്നതിന് ഗവണ്‍മെന്റിന്റെയും സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും സാങ്കേതിക – സാമ്പത്തിക – ഭരണപരമായ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനാണ് ഇതില്‍ ഊന്നല്‍ നല്‍കേണ്ടത്. വ്യക്തി, സ്ഥാപനം, പരിസ്ഥിതി എന്നീ മൂന്ന് തലങ്ങളിലാണ് ശേഷി വികസനം ക്രമീകരിക്കേണ്ടത്, ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് രണ്ടുതരം രീതികള്‍ ആവശ്യമാണ്: നിര്‍വ്വഹണവും സാങ്കേതികവും. നിര്‍വഹണ രീതികള്‍ നാം രൂപീകരിക്കേണ്ടതും നടപ്പാക്കേണ്ടതുമായ നയങ്ങള്‍, തന്ത്രങ്ങള്‍, അവലോകനം, പദ്ധതികള്‍ തുടങ്ങിയവയാണ്. സാങ്കേതിക ശേഷിയാകട്ടെ പ്രത്യേക ആവശ്യങ്ങളോടുകൂടിയ ചില മേഖലകളും വിഷയങ്ങളുമാണ്. ശേഷി വികസനം വെറും ക്ലാസ്മുറിയിലെ പരിശീലനത്തില്‍ ഒതുങ്ങാതെ വൈവിധ്യമാര്‍ന്ന പഠന അവസരങ്ങള്‍; ഉദാഹരണമായി തൊഴില്‍ വൈദഗ്ധ്യ പരിശീലനം, സ്വയം പ്രതിരോധം, ആശയവിനിമയ ഉപാധികളില്‍മേലുള്ള പരിശീലനം, മറ്റു സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കണം. ദുരന്ത സാധ്യതാലഘൂകരണം എപ്പോഴും പ്രാദേശികമാണ്. അതിനാല്‍ ദുരന്ത നിവാരണത്തിന്റെ എല്ലാ തലങ്ങളിലും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നതിന് പ്രാദേശിക ഭരണകൂടങ്ങളുടെ ശേഷി വികസിപ്പിക്കണം. കൂടാതെ സംസ്ഥാന തലത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും വേണം. പൊതുജനങ്ങള്‍ക്കിടയില്‍ ദുരന്തസംബന്ധിയായി അവബോധം സൃഷ്ടിക്കുക എന്നതാണ് മുഖ്യം. ആവശ്യമായ മനുഷ്യ വിഭവം, നേതൃത്വവാസന, ആധുനിക രക്ഷാഉപകരണങ്ങള്‍ എന്നിവ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും അഗ്നിശമനസേനകള്‍ക്കും അടിയന്തിരമായി ലഭ്യമാക്കണം. കൃത്യമായതും വ്യക്തമായതുമായ ആശയവിനിമയം തക്കസമയത്ത് കൈമാറുന്നതു വഴി ദുരന്തങ്ങള്‍ പരമാവധി ലഘൂകരിക്കാന്‍ ഉപകരിക്കും.
ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ് ഭാവിയില്‍ ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള മാര്‍ഗമായി ഐക്യരാഷ്ട്രപരിസ്ഥിതിസംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനായ മുരളി തുമ്മാരുകുടി നിര്‍ദേശിക്കുന്നത്. ദുരന്ത നിവാരണ പദ്ധതികളുടെ രൂപീകരണത്തിലും നടപ്പിലാക്കുന്നതിലും ദേശീയ-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ക്കു പുറമേ കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, പൊതുസമൂഹം എന്നിവരുടെ പങ്കാളിത്തംകൂടി ഉറപ്പുവരുത്തണം. പ്രകൃതിദുരന്തസാധ്യതമേഖലകളിലെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും പിരശീലനവും നല്‍കുന്നത് മറ്റ് ദുരന്ത നിവാരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനോടൊപ്പംതന്നെ സുപ്രധാനമായ കാര്യമാണ്. ഇതുകൂടാതെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ജൈവസമൂഹത്തിന്റെ പുനഃസ്ഥാപനത്തിന് പ്രാമുഖ്യം നല്‍കണം. നൈസര്‍ഗിക ജൈവവ്യവസ്ഥയില്‍ പെട്ടെന്ന് വലിയ മാറ്റം വന്നാല്‍ അവിടത്തെ പ്രകൃതി വ്യവസ്ഥയും താളം തെറ്റും. ഇന്നത്തെ മനുഷ്യന്റെ പ്രവര്‍ത്തികളാണ് ജൈവവ്യവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ വരുത്തുന്നത്. മാനവരാശിയെ നേരിടുന്ന ഭീകരമായ ദുരന്തം ഒഴിവാക്കണമെങ്കില്‍ ഭൂമിയെയും അതിലെ ജീവജാലങ്ങളെയും മനുഷ്യര്‍ നിയന്ത്രിക്കുന്ന രീതിയില്‍ കാതലായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. വളരെ ബോധപൂര്‍വവും യുക്തിപൂര്‍വവുമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടല്ലാതെ ഈ ആഗോള പാരിസ്ഥിതിക വൈരുധ്യത്തില്‍ നിന്നും രക്ഷപ്പെടാനാകില്ല.

Related News