Sunday
17 Feb 2019

കൊടുംക്രൂരത: ജനിച്ചയുടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

By: Web Desk | Tuesday 12 February 2019 5:05 PM IST

പ്രിട്ടോറിയ:

ജനിച്ചയുടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ മൂന്നു ദിവസം പ്രായമായ പെണ്‍ കുഞ്ഞിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച സംഭവം.

ഇന്നലെ രാവിലെയാണ് റോഡരികില്‍ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയില്‍ കുടുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നവജാതശിശുവിനെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞ് ഇപ്പോള്‍ ഡര്‍ബനിലെ ആല്‍ബെര്‍ട്ട് ലുതുലി സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ആവശ്യമായ ചികിത്സകള്‍ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

വഴിപോക്കരില്‍ ഒരാള്‍ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. അഗ്‌നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.