29 March 2024, Friday

ഗവേഷണ ഫണ്ടുകള്‍ വെട്ടിക്കുറച്ചു: വികസനത്തിന് തടസമാകുമെന്ന് വിദഗ്ധര്‍

Janayugom Webdesk
ന്യൂഡൽഹി
September 28, 2022 11:38 pm

ദേശീയ പുരോഗതിയിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ശാസ്ത്രീയ ഗവേഷണത്തിനുള്ള ഫണ്ടുകൾ കേന്ദ്രം വെട്ടിക്കുറച്ചു. ബജറ്റ് വിഹിതത്തിൽ ഏകപക്ഷീയമായി വരുത്തുന്ന കുറവ് പല സുപ്രധാന പദ്ധതികൾക്കും തടസമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2021–22ൽ വിളകളുടെ ഗവേഷണത്തിന് ബജറ്റ് എസ്റ്റിമേറ്റ് 708 കോടിയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 615 കോടിയായി കുറഞ്ഞു. 2022–23 ലെ ബജറ്റ് വിഹിതം വീണ്ടും 90 കോടി കുറച്ച് 526 കോടിയാക്കി. പഴം-പച്ചക്കറി വികസനത്തിന് 2021–22‑ൽ 212 കോടി അംഗീകരിച്ച ശേഷം 183 കോടിയാക്കി കുറച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 157 കോടി മാത്രമാണ്. മൃഗസംരക്ഷണത്തിനുള്ള വിഹിതം 2021–22 ൽ 262 കോടിയായിരുന്നത് നടപ്പ് വർഷം 224 കോടിയായി കുറഞ്ഞു.
പശു സ്നേഹം പറയുന്ന മോഡി സർക്കാർ കന്നുകാലികളുടെ ആരോഗ്യത്തിനുള്ള തുകയിൽ 600 കോടിയുടെ കുറവാണ് വരുത്തിയത്. 2021–22 ൽ 1,470 കോടി അനുവദിച്ചപ്പോൾ ഇക്കൊല്ലം 886 കോടി മാത്രമായി ചുരുങ്ങി. ഫിഷറീസ് സയൻസിന്റെ കാര്യത്തിൽ 2021–22ലെ 160 കോടി ഇക്കുറി 119 കോടിയായി കുറച്ചു. അഗ്രികൾച്ചറൽ എൻജിനീയറിങ്ങിനുള്ള ബജറ്റ് 65 കോടിയായിരുന്നത് 36 കോടിയായി.
കാലാവസ്ഥാ-പ്രതിരോധ കാർഷിക സംരംഭത്തിനുള്ള ബജറ്റ് പോലും 55 കോടിയിൽ നിന്ന് 41 കോടിയാക്കി. കാർഷിക സർവകലാശാലകൾക്കും ഗവേഷണസ്ഥാപനങ്ങൾക്കുമുള്ള ബജറ്റ് കഴിഞ്ഞ വർഷത്തെ 325 കോടി 2022–23 ൽ 263 കോടി മാത്രമായി. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ബജറ്റ് വിഹിതം 6,067 കോടിയിൽ നിന്ന് 800 കോടി കുറച്ച് 5,240 കോടിയാക്കി.
ശാസ്ത്ര‑സാങ്കേതിക‑മാനവ ശേഷി വികസനത്തിനു വേണ്ടി കഴിഞ്ഞ വർഷം 1,099 കോടിയും ഇത്തവണ 984 കോടിയുമാണ് അനുവദിച്ചത്.
ബഹിരാകാശ വകുപ്പിന്റെ ബജറ്റ് വിഹിതം പോലും 13,949 കോടിയിൽ നിന്ന് 12,642 ലേക്ക് ചുരുക്കി. മുന്തിയ പരിഗണന നല്കേണ്ട ആണവ മേഖലയിലെ ഗവേഷണ പരിപാടികൾക്ക് പോലും തുക കുറച്ചു. ഭാഭ ആറ്റമിക് റിസർച്ച് സെന്ററിന്റെ ഗവേഷണ‑വികസന പദ്ധതികൾക്കുള്ള വിഹിതം 1,256 കോടിയിൽ നിന്ന് 1,046 കോടിയാക്കി കുറച്ചിട്ടുണ്ട്.
ബജറ്റ് വിഹിതങ്ങൾ വെട്ടിക്കുറച്ചതിന്റെ ആഘാതം എല്ലാ സാഹചര്യങ്ങളിലും ഒരുപോലെ ആയിരിക്കില്ലെങ്കിലും പദ്ധതികളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. സുപ്രധാന വിഷയങ്ങളിലെ ശാസ്ത്ര ഗവേഷണത്തിന് ഫണ്ടിന്റെ അപര്യാപ്തത ഇല്ലാതാക്കേണ്ടത് സുഗമമായ പുരോഗതി ഉറപ്പാക്കാൻ അത്യാവശ്യമാണെന്ന് ആസൂത്രണ രംഗത്തുള്ളവർ പറയുന്നു. 

Eng­lish Sum­ma­ry: Research funds were cut

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.