ഥാര്‍ മരുഭൂമിയിൽ നദിയുടെ തെളിവുമായി ഗവേഷകർ

Web Desk

ജയ്‌പൂർ

Posted on October 22, 2020, 10:09 pm

ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയതിന്റെ തെളിവുമായി ഗവേഷകര്‍. ഥാര്‍ മരുഭൂമിയുടെ മധ്യത്തിലൂടെ 1.72 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഴുകിയിരുന്ന നദിയുടെ അവശേഷിപ്പുകളാണ് ബിക്കാനീറിന് സമീപം കണ്ടെത്തിയത്. മരുഭൂമിയില്‍ സഹസ്രാബ്ദങ്ങൾക്ക് മുന്‍പ് താമസിച്ചിരുന്ന മനുഷ്യരുടെ ജീവനാഡിയായിരിക്കാം ഈ നദിയെന്ന് ഗവേഷകര്‍ കരുതുന്നു. ക്വാര്‍ട്ടേനറി സയന്‍സ് റിവ്യൂ എന്ന ജേര്‍ണലിലാണ് ഈ നിര്‍ണായക കണ്ടെത്തലിനെക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

ജര്‍മ്മനിയിലെ ദി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, തമിഴ്‌നാട്ടിലെ അണ്ണാ സര്‍വകലാശാല, കൊല്‍ക്കത്ത ഐഐഎസ്ഇആര്‍ എന്നിവയിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. പുരാതന നദിയുണ്ടായിരുന്ന കാലത്ത് ഥാര്‍ മരുഭൂമിയുടെ അവസ്ഥ മറ്റൊന്നായിരിക്കാമെന്ന് ഗവേഷകര്‍ കരുതുന്നു. നാൽ ഗ്രാമത്തില്‍ നടന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. ബിക്കാനീറിലെ ഈ പുരാതന നദി കണ്ടെത്തിയ സ്ഥലത്ത് നിന്നും 200 കിലോമീറ്ററോളം അകലെയാണ് ഇന്ന് നദിയുള്ളത്. പ്രാചീനശിലായുഗത്തിലെഈ നദി സുപ്രധാനമായിരിക്കുമെന്നാണ് വിലയിരുത്ത­ല്‍.

ഥാര്‍ മരുഭൂമിക്ക് വലിയൊരു ചരിത്രം അവകാശപ്പെടാനുണ്ടെന്നും ശിലായുഗ കാലത്ത് മനുഷ്യര്‍ ഈ പ്രദേശത്ത് ജീവിച്ചതായി കരുതേണ്ടിവരുമെന്നും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജിംബോബ് ബ്ലിങ്കോൺ പറഞ്ഞു. നദിയുടെ നിരവധി കൈവഴികള്‍ സാറ്റലൈറ്റ് ഇമേജുകള്‍ ഉപയോഗിച്ച് കണ്ടെത്താനായിട്ടുണ്ടെന്ന് ഗവേഷകർ അറിയിച്ചു. ഒരിക്കല്‍ ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയിട്ടുണ്ട്, എന്നാല്‍ അത് എപ്പോഴാണ് എന്ന് കണ്ടെത്തേണ്ടതുണ്ട്.

മരുഭൂമിയുടെ മധ്യഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായും കാലക്രമേണ അത് ശോഷിക്കുകയായിരുന്നുവെന്നും ഗവേഷകര്‍ വിശദമാക്കുന്നു. 26,000 വർഷം മുമ്പുവരെ നദി ഒഴുകിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ആധുനിക മനുഷ്യരുടെ കുടിയേറ്റത്തിന് ഈ നദിയുമായി ബന്ധമുണ്ടാവാം എന്നും ഗവേഷകര്‍ പറയുന്നു.

Eng­lish sum­ma­ry; Researchers with riv­er evi­dence in the Thar Desert

You may also like this video;