
വിദ്യാഭ്യാസം, തൊഴില്‍ എന്നിവയില്‍ ട്രാൻസ്ജെൻഡര്‍ വിഭാഗത്തിന് പ്രത്യേകം സംവരണം അനുവദിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവില്‍ സംവരണ വിഭാഗത്തില്‍ വരുന്ന ട്രാൻസ് ജെൻഡര്‍ വ്യക്തികള്‍ക്ക് മാത്രമേ സംവരണ ആനുകൂല്യം ലഭ്യമാകുന്നുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീം കോടതി വിധി അനുസരിക്കുന്നില്ലെന്നു കാണിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയിന്മേല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം പറയുന്നത്.
പട്ടിക ജാതി. പട്ടിക വിഭാഗം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ ട്രാൻസ് ജെൻഡര്‍ വിഭാഗത്തിന് സംവരണ ആനുകൂല്യം ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസത്തിനും പട്ടിക ജാതി വിഭാഗത്തിന് 15 ശതമാനം, പട്ടിക വര്‍ഗം 7.5ശതമാനം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 27ശതമാനം, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം എന്നിങ്ങനെയാണ് സംവരണ പരിധി എന്നും ഇവയില്‍ ഏതെങ്കിലും വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ട്രാൻസ് ജെൻഡര്‍ വിഭാഗത്തിന് സംവരണ ആനുകൂല്യം ലഭിക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസില്‍ ട്രാൻസ് ജെൻഡര്‍ വിഭാഗത്തെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നല്‍കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു നിയമനങ്ങളുലും ഇവര്‍ക്ക് ആനുകൂല്യം ലഭ്യമാക്കണമെന്നും സുപ്രീം കോടതി നിഷ്കര്‍ഷിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കുന്നില്ലെന്ന് കാണിച്ച് ഒരു സംഘം ട്രാൻസ്ജെൻഡറുകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇത് സംബന്ധിച്ച് പരമോന്നത കോടതി അറിയിപ്പ് നല്‍കിയിരുന്നു.
2014ലെ വിധിക്ക് ശേഷം ട്രാൻസ് ജെൻഡര്‍ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ നടപ്പാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു. ട്രാൻസ് ജെൻഡര്‍ വ്യക്തി (അവകാശ സംരക്ഷണ) നിയമം 2019 നടപ്പാക്കുന്നതിനായി ദേശീയ തലത്തില്‍ ഒരു പോര്‍ട്ടല്‍ ആരംഭിച്ചതായും ട്രാൻസ്ജെൻഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികള്‍, പരിപാടികള്‍, നിയമങ്ങള്‍ എന്നിവ നടപ്പാക്കുന്നതിന് ദേശീയ കൗണ്‍സില്‍ ആരംഭിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര‑സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങള്‍ സ്വീകരിച്ച നടപടികള്‍ സുപ്രീം കോടതി വിധിക്ക് അനുസൃതമാണോ എന്ന് വിലയിരുത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. കേസില്‍ അടുത്ത മാസം 18ന് വീണ്ടും വാദം കേള്‍ക്കും.
English Summary:Reservation cannot be granted to the transgender category; Central Government in the Supreme Court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.