എസ്സി, എസ്ടി സ്ഥാനക്കയറ്റ സംവരണം: ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല

ന്യൂഡല്‍ഹി: പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ സ്ഥാനക്കയറ്റത്തിന് സംവരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. വിഷയം ഏഴംഗ ഭരണഘടനാബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവടങ്ങിയ ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതോടെ സ്ഥാനക്കയറ്റത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച നാഗരാജ് കേസിലെ വിധി തല്ക്കാലം തുടരും.
കേസ് ഏഴംഗ ഭരണഘടനാ ബെഞ്ച് അടിയന്തരമായി പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. സംവരണം സംബന്ധിച്ച് പല കോടതികള്‍ വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ തന്നെ റയില്‍വേ അടക്കം പല മേഖലകളിലും ലക്ഷക്കണക്കിന് തൊഴിലുകള്‍ അനിശ്ചിതാവസ്ഥയിലാണെന്ന് എജി പറഞ്ഞു.
എന്നാല്‍ കേസ് ഓഗസ്റ്റ് ആദ്യവാരം മാത്രമെ പരിഗണിക്കാനാവൂയെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഒരു ഭരണഘടനാ ബെഞ്ച് ഇപ്പോള്‍ തന്നെ പല കേസുകള്‍ പരിഗണിച്ചു വരികയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.