August 15, 2022 Monday

Related news

July 27, 2022
July 22, 2022
July 2, 2022
June 25, 2022
June 25, 2022
June 9, 2022
June 7, 2022
June 3, 2022
May 28, 2022
May 11, 2022

സംവരണം അലംഘനീയമോ മാറ്റാന്‍ പാടില്ലാത്തതോ അല്ല : സുപ്രീം കോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി:
April 23, 2020 9:21 pm

രാജ്യത്തെ സംവരണ പട്ടിക അലംഘനീയമോ മാറ്റാന്‍ പാടില്ലാത്തതോ അല്ലെന്ന് സുപ്രീം കോടതി. സംവരണ പട്ടികയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വത്തിനേ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ടു പോകാനാകൂ എന്നും കോടതി നിരീക്ഷിച്ചു.

പട്ടിക വര്‍ഗ്ഗ മേഖലയിലെ സ്‌കൂളുകളില്‍ ആ വിഭാഗത്തില്‍ നിന്നും മുഴുവന്‍ അധ്യാപകരെയും നിയമിച്ച ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീ കോടതി ഭരണഘടനാ ബഞ്ച് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. പട്ടിക ജാതിയിലെയും പട്ടിക വര്‍ഗ്ഗത്തിലെയും സ്വാധീനമുള്ളവര്‍ ഇതേ വിഭാഗത്തിലെ അര്‍ഹരായവര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് അട്ടിമറിക്കുകയാണ്.

സംവരാണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പട്ടിക പരിഷ്‌കരിക്കണം. ആന്ധ്രാ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്നു കണ്ടെത്തിയ കോടതി സര്‍ക്കാര്‍ ഉത്തരവു റദ്ദാക്കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. ആന്ധ്രാ സര്‍ക്കാരിന്റെ നടപടിക്കെതിരെ ചെബ്രോലു ലീലാ പ്രസാദ് റാവുവാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണ പട്ടിക സംബന്ധിച്ച വിജ്ഞാപനം രാഷ്ട്രപതിയാണ് പുറപ്പെടുവിക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341 പ്രകാരമാണ് ഈ പട്ടിക പുറത്തിറക്കുക. എന്നാല്‍ ഈ പട്ടിക അലംഘനീയമോ തിരുത്താന്‍ പാടില്ലാത്തോ അല്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. മാറിമാറി വരുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് സംവരണ പട്ടികയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്നും ബഞ്ച് വ്യക്തമാക്കി. സാമൂഹ്യമായ വേർതിരവുകളും സാമ്പത്തികവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥ പത്തുവർഷം കൊണ്ട് ഇല്ലാതാക്കേണ്ടതാണ്. ക്രമേണ സംവരണ രീതികളിൽ ഭേദഗതികളും കൊണ്ടുവരേണ്ടതാണ്.
സംവരണ വിഭാഗത്തിനുള്ളില്‍ നിന്നുതന്നെ നിലവിളി ഉയരുകയാണ്.

സാമൂഹികമായും സാമ്പത്തികമായും മുന്നോക്കം നില്‍ക്കുന്ന ഈ വിഭാഗത്തിലെ സ്വാധീനമുള്ളവര്‍ ഈ വിഭാഗത്തിലെ തന്നെ അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു തടസ്സം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍, എം ആര്‍ ഷാ, അനിരുദ്ധാ ബോസ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

സംവരണ പട്ടിക പരിഷ്‌കരിക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനാണ് മുന്നോട്ടു വച്ചത്. ഈ ആവശ്യത്തോടു കോടതി യോജിച്ചു. സര്‍ക്കാര്‍ സംവരണ പട്ടിക പരിഷ്‌കരിക്കണം. ഈ വിഭാഗത്തില്‍ പെടുന്നവര്‍ 70 വര്‍ഷമായി അതിന്റെ പ്രയോജനം അനുഭവിക്കുമ്പോള്‍ അതേ വിഭാഗത്തിലെ അര്‍ഹരായ മറ്റൊരു വിഭാഗത്തിന് ഇതിന്റെ പ്രയോജനം ലഭിക്കാതെ പോകുകയാണ്. ഇതിനു പരിഹാരം കാണാന്‍ ഉചിതമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.

സംവരണ പട്ടിക പരിഷ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കമ്മിഷനുകളെ നിയോഗിക്കാറുണ്ട്. ഇത്തരം കമ്മിഷനുകള്‍ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതും നീക്കം ചെയ്യപ്പെടേണ്ടതുമായ വിഭാഗങ്ങളുടെയും വര്‍ഗ്ഗങ്ങളുടെയും ജാതികളുടെയും നാമാവലി അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കാറുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ അവധാനതയോടെ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം. ഇക്കാര്യം സംസ്ഥാനങ്ങള്‍ സമയാ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കണമെന്നും കോടതി പറഞ്ഞു.സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവിലുള്ള സംവരണ പട്ടികയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.