Web Desk

തിരുവനന്തപുരം:

June 04, 2020, 10:07 pm

ഭക്ഷ്യധാന്യ ക്ഷാമം തടയാൻ കരുതൽ ധാന്യശേഖരണം

ശേഖരത്തിൽ 4.39 ലക്ഷം മെട്രിക് ടൺ അരിയും 1.18 ലക്ഷം മെട്രിക് ടൺ ഗോതമ്പും ചരിത്രത്തിലാദ്യമായി മുഴുവൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് നൽകി
Janayugom Online

കേരളത്തിൽ ശക്തമായ കാലവർഷത്തോടൊപ്പം പ്രളയ സാധ്യതയും പ്രവചിച്ച സാഹചര്യത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. അടുത്ത ആറുമാസത്തേക്ക് കരുതൽ ധാന്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.

പയറുവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകാതെയുള്ള കരുതൽ ശേഖരം ഉറപ്പാക്കി. 4.39 ലക്ഷം മെട്രിക് ടൺ അരിയും 1.18 ലക്ഷം മെട്രിക് ടൺ ഗോതമ്പും നിലവിൽ കേരളത്തിന്റെ പക്കലുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് തുടർച്ചയായി സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിപ്പിച്ചും, സമൂഹ അടുക്കളകൾക്കായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തും അതിജീവന കിറ്റുകൾ ജനങ്ങളിൽ എത്തിച്ചും സൗജന്യ റേഷൻ വിതരണം ചെയ്തും ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വകുപ്പിന് സാധിച്ചു. സപ്ലൈകോയുടെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് തയ്യാറാക്കി വിതരണം ചെയ്തത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉന്നത ഉദ്യോഗസ്ഥർ മുതൽ റേഷൻ വ്യാപാരികൾ വരെയുള്ള മുഴുവൻപേരെയും മന്ത്രി അഭിനന്ദിച്ചു. പ്രതിഫലം ഇച്ഛിക്കാതെ കിറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്നതിൽ ഇച്ഛാശക്തിയോടെയും അർപ്പണബോധത്തോടെയും പ്രവർത്തിച്ച മുഴുവൻ സന്നദ്ധപ്രവർത്തകര്‍ക്കും സർക്കാരിന്റെ കലവറയില്ലാത്ത നന്ദിയും മന്ത്രി രേഖപ്പെടുത്തി.

സൗജന്യ ഭക്ഷ്യധാന്യകിറ്റ് ഇനിയും വാങ്ങാൻ സാധിക്കാത്തവർക്ക് സപ്ലൈകോയുടെ വിപണനശാലകളിൽ ജൂൺ 10 മുതൽ 15 വരെ സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡുടമകളെ കൂടാതെ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രീ മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും ഭക്ഷ്യ കിറ്റുകൾ നൽകാൻ നടപടിയെടുത്തതായി മന്ത്രി പറഞ്ഞു. ഇതുവഴി പ്രതിസന്ധികാലത്ത് ഉണ്ടാകുമായിരുന്ന അരിയുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റം പിടിച്ചുനിർത്താനായി. സംസ്ഥാനത്ത് ധാന്യച്ചോർച്ചയുണ്ടായെന്ന് ചിലർ നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരിടത്തും റേഷൻ കാർഡ് ഇല്ലാതിരുന്ന 33,000 പേർക്ക് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ സൗജന്യ റേഷൻ ഏപ്രിൽ മാസത്തിൽ നൽകി.

അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നാളിതുവരെ 37,000 പേർക്ക് പുതിയ റേഷൻ കാർഡ് നൽകി. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഇലക്ട്രോണിക് റേഷൻ കാർഡുവിതരണം ഉടൻ ആരംഭിക്കും. റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പരുകൾ അപ്ഡേറ്റ് ചെയ്യുന്നതിന് റേഷൻ കടകളിലോ, അക്ഷയ സെന്ററുകളിലോ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ സെക്രട്ടറി പി വേണുഗോപാൽ, ഡയറക്ടർ ഹരിത എസ് കുമാർ, സപ്ലൈകോ എംഡി കൃഷ്ണതേജ, എംഎൻആർഇജിഎ മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ലീഗൽ മെട്രോളജി കൺട്രോളർ കെ ടി വർഗീസ് പണിക്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ENGLISH SUMMARY: Reserve grain stor­age to pre­vent food shortage

YOU MAY ALSO LIKE THIS VIDEO