തന്റെ രാജി മനഃസാക്ഷിയോടുള്ള ഉത്തരം: കണ്ണന്‍ ഗോപിനാഥന്‍

Web Desk
Posted on August 25, 2019, 10:51 pm

ന്യൂഡല്‍ഹി: തന്റെ നടപടി ഇപ്പോഴുള്ള സാഹചര്യത്തിന് ഒട്ടും മാറ്റമുണ്ടാക്കില്ലെങ്കിലും മനഃസാക്ഷിക്ക് താന്‍ നല്‍കുന്ന ഉത്തരമാണെന്ന് കശ്മീര്‍ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് രാജിവച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കോട്ടയം സ്വദേശിയായ കണ്ണന്‍ 1970ന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് രാജിവച്ചിരിക്കുന്നത്.

സ്വതന്ത്രമായി സംസാരിക്കാന്‍ പോലും കഴിയാത്തതിനാലാണ് രാജി എന്നും അദ്ദേഹം പറഞ്ഞു. ഇത് യെമനോ 1970 ഓ അല്ലെന്നും അതുകൊണ്ട് തന്നെ എല്ലാ ജനതയുടെയും അവകാശങ്ങള്‍ നിഷേധിക്കാന്‍ നിങ്ങള്‍ക്ക് ആകില്ലെന്നും അദ്ദേഹം ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

ഇരുപത് ദിവസമായി കശ്മീരിലെ ജനതയ്ക്ക് മേല്‍ എല്ലാവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് നിശബ്ദനായി തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി സംസാരിക്കാന്‍ വേണ്ടി താന്‍ രാജിവയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2012 ബാച്ചിലെ ഐഎഎസ് ഓഫീസറാണ് കണ്ണന്‍ ഗോപിനാഥന്‍. അരുണാചല്‍, ദോവ, മിസോറം തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചത്. പിന്നീട് അദ്ദേഹം കശ്മീരിലെത്തി. ഇപ്പോഴിതാ അതും കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു. നിലവില്‍ അദ്ദേഹം ദാദ്ര‑നാഗര്‍ ഹവേലിയിലാണ് സേവനമനുഷ്ഠിക്കുന്നത്. ഈ മാസം 21നാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.

തന്റെ രാജിക്കത്ത് ഔദ്യോഗികമായി സ്വീകരിക്കുന്നത് വരെ താന്‍ പരസ്യമായി ഒന്നും പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സഹപ്രവര്‍ത്തകരോട് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക് വച്ച ഈ വാര്‍ത്ത കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. വൈദേശിക ആക്രമണമോ, ആഭ്യന്തര സംഘര്‍ഷങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണഘടനാ വ്യവസ്ഥയുള്ളത്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഇപ്പോള്‍ ഇവിടെ ഔദ്യോഗിക പ്രഖ്യാപനമില്ലാതെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭരണം ഐഎഎസ് ഉദ്യോഗസ്ഥര്‍ വഴിയാണ്. ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാനും കഴിയുന്നില്ല.

നേരത്തെ രാജി വച്ച ഷാ ഫൈസല്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ അവസ്ഥ തനിക്കുണ്ടാകുമോയെന്ന ആശങ്കയിലാണ് കണ്ണന്‍ ഗോപിനാഥന്‍. ഫൈസലിനെ ഇക്കൊല്ലം ജനുവരിയില്‍ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് ഒരു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഡല്‍ഹിക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം ഹര്‍ജികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്. എന്നാല്‍ അടുത്തമാസം മൂന്നിന് മാത്രമേ ഇത് പരിഗണിക്കൂ.
രാഷ്ട്രീയക്കാരുടെ നയങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണങ്ങളായാണ് ഐഎഎസുകാരെ പരിഗണിക്കുന്നത്. ധാര്‍മികമായി അത് ശരിയാണോ തെറ്റാണോയെന്ന് പരിശോധിക്കാനുള്ള അവകാശം പോലും അവര്‍ക്കില്ലെന്നും കണ്ണന്‍ ചൂണ്ടിക്കാട്ടി.

കശ്മീരിലെ അംഗീകരിക്കാനാകാത്ത സാഹചര്യമാണ് തന്നെ രാജിക്ക് നിര്‍ബന്ധിതനാക്കിയത്. തനിക്ക് ഒരു പത്ര സ്ഥാപനമുണ്ടായിരുന്നെങ്കില്‍ ഇന്ന് അതിന്റെ തലക്കെട്ട് 20 എന്ന് മാത്രമായിരുന്നേനെ എന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ഉടലെടുത്തിട്ട് ഇന്ന് ഇരുപത് ദിവസമായി എന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇരുപത് വര്‍ഷത്തിന് ശേഷം കശ്മീര്‍ അടിയന്തരാവസ്ഥയില്‍ എന്ത് ചെയ്തു എന്ന് തന്നോട് ആരെങ്കിലും ചോദിച്ചാല്‍ രാജി വച്ചു എന്ന് പറയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YOU MAY LIKE THIS VIDEO ALSO