രാമനാട്ടുകര നഗരസഭയിൽ അവിശ്വാസത്തിനു തൊട്ടു മുമ്പ് രാജി

Web Desk

രാമനാട്ടുകര

Posted on June 02, 2020, 7:49 pm

രാമനാട്ടുകര നഗരസഭാ വൈസ് ചെയർപേഴ്സൺ പി കെ സജ്ന രാജിവച്ചു. അവർക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം കൂടുന്നതിനു തൊട്ടുമുമ്പായിരുന്നു രാജി. എൽ ഡി എഫിൻ്റെ നയപരിപാടികൾക്കും നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കും എതിരായി പ്രവർത്തിച്ചു വന്ന പി കെ സജ്നക്കെതിരായി എൽഡി എഫാണ് അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയത്.

ചൊവ്വാഴ്ച രാവിലെ 11ന് അവിശ്വാസം ചർച്ച ചെയ്യാൻ കൗൺസിൽ യോഗം വിളിച്ചിരുന്നു. എന്നാൽ 10.50ന് സജ്ന നാടകീയമായി രാജിക്കത്ത് നഗരസഭാ സെക്രട്ടറിക്കു നൽകി. വൈസ് ചെയർപേഴ്സൻ്റെ രാജിയെത്തുടർന്ന് കൗൺസിൽ യോഗം മാറ്റിവച്ചു. സി പി ഐ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് നഗരസഭയുടെ 31-ാം
ഡിവിഷനിൽ നിന്ന് സജ്ന വിജയിച്ചത്. പാർട്ടിക്കും എൽ ഡി എഫിനും വിരുദ്ധമായ പ്രവർത്തനത്തിൻ്റെ പേരിൽ ആറുമാസം മുമ്പ് സജ്നയെ സി പി എയിൽ നിന്നു പുറത്താക്കിയിരുന്നു.

നഗരസഭയുടെ നയപരിപാടികൾക്കും വികസന പ്രവർത്തനങ്ങൾക്കും എതിരായി പ്രവർത്തിച്ചതിൻ്റെ പേരിലാണ് അവർക്കെതിരെ എൽ ഡി എഫ് അവിശ്വാസത്തിനു നോട്ടീസ് നൽകിയത്. സജ്ന നഗരസഭയ്ക്കെതിരായി ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് നഗരസഭാദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ പറഞ്ഞു. സി പി ഐയെയും എൽ ഡി എഫിനെയും വഞ്ചിക്കുന്ന സമീപനമാണ് പി കെ സജ്ന സ്വീകരിച്ചിരുന്നതെന്ന് സി പി ഐ മണ്ഡലം സെക്രട്ടറി നരിക്കുനി ബാബുരാജ് അറിയിച്ചു.

ENGLISH SUMMARY: Resigns just before the Unbe­lief in Ramanat­tukara munic­i­pal­i­ty
You may also like this video