Web Desk

തിരുവനന്തപുരം

August 05, 2021, 10:14 pm

വൈദ്യുതി ഭേദഗതി ബിൽ 2021 പിൻവലിക്കണം; നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി

Janayugom Online

കേന്ദ്ര സർക്കാർ പാസാക്കാൻ ഉദ്ദേശിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ‑2021 പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കി. സംസ്ഥാന സർക്കാരിന്റെ ഭരണഘടന അവകാശങ്ങളെല്ലാം ഇല്ലാതാക്കി വൈദ്യുതിമേഖലയുടെ നിയന്ത്രണം പൂർണമായും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാക്കുന്ന സമീപനമാണ് വൈദ്യുതി ഭേദഗതി ബില്‍-2021 മുന്നോട്ടുവയ്ക്കുന്നതെന്ന് നിയമസഭ ചട്ടം 118 അനുസരിച്ച് അവതരിപ്പിച്ച പ്രമേയത്തിലൂടെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

നിയമഭേദഗതിക്കു മുൻപ് സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടുമെന്ന മുൻ തീരുമാനത്തിനു കടകവിരുദ്ധമായ നിലപാടാണ് ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. വൈദ്യുതി മേഖലയുടെ തകർച്ചയ്ക്ക് കാരണമാക്കുന്നതും സാധാരണക്കാരന് വൈദ്യുതി അപ്രാപ്യമാക്കുന്നതുമായ ഈ ഭേദഗതി രാജ്യത്തെ ഫെഡറൽ ഭരണ തത്വങ്ങൾക്ക് എതിരാണ്. 

വൈദ്യുതി മേഖല സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം കവരുന്നത് ഫെഡറൽ ഘടനയുടെ അടിസ്ഥാനത്തെ ദുർബലപ്പെടുത്തും. അതുകൊണ്ട് വൈദ്യുതി നിയമം ഭേഗഗതി ചെയ്യാനുള്ള നീക്കത്തിൽ നിന്നും പിന്മാറണമെന്നും വൈദ്യുതി ഭേദഗതി ബില്‍-2021 പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഇതിനെ ഭരണ‑പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി അംഗീകരിക്കുകയും സ്പീക്കർ എം ബി രാജേഷ് പ്രമേയം ഐകകണ്ഠ്യേന പാസായതായും അറിയിച്ചു.

Eng­lish Sum­ma­ry : res­o­lu­tion against cen­tral elec­tric­ty amend­ment bill

You may also like this video :