March 26, 2023 Sunday

വിഭവ പരിമിതിയും സുസ്ഥിര ഉപഭോഗത്തിന്റെ ആവശ്യകതയും

ഡോ. കെ പി വിപിൻ ചന്ദ്രൻ
മാനവീയം
May 5, 2020 3:45 am

കോവിഡ് 19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണികൾക്കിടയിലൂടെ കടന്നുപോകുന്ന ലോകത്തിൽ പുതിയ സാമൂഹ്യ‑സാമ്പത്തിക ക്രമത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. കഴിഞ്ഞ കുറെ വർഷങ്ങളായി ആഗോളതലത്തിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയങ്ങളിലൂടെ സമ്പന്നനും ദരിദ്രനും തമ്മിലുള്ള സാമൂഹ്യ‑സാമ്പത്തിക വിടവ് വർധിക്കുകയും അതിനൊപ്പം വിഭവ ദാരിദ്ര്യം, തൊഴിലില്ലായ്മ, പാരിസ്ഥിതിക തകർച്ച തുടങ്ങിയ പ്രശ്നങ്ങളിലൂടെ ലോക സമ്പദ്‌വ്യവസ്ഥ അടിമുടി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാണ്. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് ആഗോളതലത്തിൽ സ്വീകരിച്ചു വരുന്ന മാർഗ്ഗങ്ങൾ സുസ്ഥിരത എന്ന ലക്ഷ്യം നേടുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് പ്രൊഫ. ടിം ജാക്സൺ പ്രസിദ്ധപ്പെടുത്തിയ ‘പ്രോസ്പെരിറ്റി വിത്തൗട്ട് ഗ്രോത്ത്’ എന്ന ഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്.

വികസനം ദരിദ്ര രാജ്യങ്ങൾക്ക് അനിവാര്യമാണെന്ന് ആരും നിഷേധിക്കുന്നില്ല. എന്നാൽ വികസിത സമ്പദ്‌വ്യവസ്ഥയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോഗം മനുഷ്യന്റെ സന്തോഷത്തിന് കുറവ് വരുത്തുമെന്നും അദ്ദേഹം ചൂണ്ടികാട്ടുന്നു. അടിയന്തരമായി വർധിച്ചുവരുന്ന ഉപഭോഗത്തിന്റെ ആഘാതത്തിൽ നമ്മുടെ സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്ന ആവാസവ്യവസ്ഥകൾ തകരുന്നു. അതിനാൽ സാമ്പത്തിക പ്രവർത്തനത്തിന് പാരിസ്ഥിതിക ആഘാതം കുറച്ചു കൊണ്ടു വരുന്നതിനുള്ള ഒരു ശ്രമകരമായ മാർഗ്ഗം സ്വീകരിക്കേണ്ടതുണ്ട്. പ്രകൃതി വിഭവങ്ങളുടെ കാര്യത്തിലും പ്രകൃതിദത്ത പരിധി കഴിയുമ്പോൾ വിഭവക്ഷാമവും അതിനനുസരിച്ച് വിലക്കയറ്റം, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, സാമ്പത്തിക തകർച്ച എന്നിങ്ങനെ ഒന്നിനുപിറകെ ഒന്നായി പിന്തുടരുന്നു. പാരിസ്ഥിതിക പരിധി എന്ന സത്യം മുന്നിൽ കണ്ടുകൊണ്ട് അതിനനുസൃതമായി മാത്രം വികസന ആസൂത്രണം ഉൾപ്പെടെയുള്ള പ്രവർത്തികൾ ചിട്ടപ്പെടുത്തണമെന്നാണ് പ്രൊഫസർ ജാക്സൺ സൂചിപ്പിക്കുന്നത്.

വികസന ആസൂത്രണ വേളയിൽ വിഭവപരിമിതി കണക്കിലെടുക്കാതിരുന്നാൽ അഭിവൃദ്ധി എന്നത് ഒരു മിഥ്യാധാരണ ആയി മാറും. ക്ഷേമവും സംതൃപ്തവുമായ ജീവിതമെന്ന സ്വപ്നമാണ് സാമൂഹിക ജീവിതത്തെയും കുടുംബജീവിതത്തെയും മുന്നോട്ടു നയിക്കുന്നത്. പ്രകൃതിവിഭവങ്ങളുടെ പരിമിതികളുമായി പൊരുത്തപ്പെടുന്ന ഒരു ജീവിതശൈലിയിലൂടെയും കാഴ്ചപ്പാടിലൂടെയും ക്ഷേമജീവിതം യാഥാർഥ്യമാക്കുകയെന്ന ശ്രമകരമായ ലക്ഷ്യമാണ് നമുക്കാവശ്യം. വിഭവ പരിമിതി എന്ന ആശയത്തിന് പ്രകൃതിയോളം പഴക്കമുണ്ട്. പതിനെട്ടാം നൂറ്റാണ്ടിൽ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ടി ആർ മാൽത്തൂസ് തന്റെ ജനസംഖ്യപഠന ലേഖനത്തിൽ വിഭവപരിമിതി എന്ന ആശയം അവതരിപ്പിച്ചു. 1970കളിൽ ക്ലബ്ബ് ഓഫ് റോമിൽ സമർപ്പിക്കപ്പെട്ട ‘ലിമിറ്റ്സ് ടു ഗ്രോത്ത്’ റിപ്പോർട്ട് വളരെ പ്രാധാന്യത്തോടെയാണ് ഈ വിഷയത്തെ ഉന്നയിച്ചത്. ഹ്രസ്വകാലത്തെ ആവശ്യം നിറവേറ്റുന്നതിനെകുറിച്ച് മാത്രം ചിന്തിക്കുന്ന സ്വഭാവം വർഷങ്ങളോളമായി നമ്മളിൽ ആഴത്തിൽ വേരൂന്നിയതാണ്.

പെട്ടെന്നുള്ള നേട്ടങ്ങൾക്കും പുരോഗതിക്കും പകരം ദീർഘകാലപുരോഗതിക്ക് ഉതകുന്ന പരിപാടികൾ നടപ്പിലാക്കികൊണ്ട് മാത്രമേ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു. കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിതനിലവാരം, ആരോഗ്യസ്ഥിതി, വിദ്യാഭ്യാസ നിലവാരം, സന്തുഷ്ടി എന്നിവയിലാണ് ഒരു രാജ്യത്തിന്റെ പുരോഗതി അഥവാ അഭിവൃദ്ധി നിലകൊള്ളുന്നത്. കരുത്തുറ്റ വ്യക്തിബന്ധങ്ങളും സമൂഹത്തിലുള്ള വിശ്വാസവും അതിന്റെ ലക്ഷണങ്ങളാണ്. തൊഴിലിലുള്ള സംതൃപ്തി, പങ്കുവയ്ക്കൽ മനോഭാവം എന്നിവ അതിന്റെ പ്രതിഫലനങ്ങളാണ്. കോവിഡിനെ പോലുള്ള പകർച്ചവ്യാധികൾ ഉയർത്തുന്ന ആരോഗ്യ വെല്ലുവിളികൾ പരിഗണിച്ച് കൊണ്ട് സന്തോഷവും സംതൃപ്തിയുമുള്ള ജീവിതം നയിക്കുന്നതിന് പര്യാപ്തമായ വികസന രീതികളാണ് പിന്തുടരേണ്ടത്. അതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. കോവിഡാനന്തര ലോകം തിരിച്ചറിയേണ്ട സാമൂഹ്യ ഉത്തരവാദിത്വമാണ് സുസ്ഥിരമായ ഉപഭോഗവും ഉല്പാദനവും.

സമത്വത്തിലും തുല്യനീതിയിലും അധിഷ്ഠിതമായ ബദൽ വികസന സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുമ്പോഴാണ് ആഗോള തലത്തിൽ സുസ്ഥിര ഉപഭോഗവും ഉല്പാദനവും എന്ന ആശയത്തിന് പ്രസക്തി ഏറുന്നത്. അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിക്കുകയും മെച്ചപ്പെട്ട ജീവിതനിലവാരം കൈവരികയും ചെയ്യുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും മിതമായ ഉപയോഗം അതേസമയം പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നത് പരമാവധി കുറയ്ക്കുകയും അതിലൂടെ ഭാവിതലമുറയുടെ ആവശ്യങ്ങളെ പരിഗണിക്കുന്നതാണ് സുസ്ഥിര ഉപഭോഗം എന്ന ആശയം കൊണ്ട് ഉദ്ദേശിക്കുന്നത്. ആവശ്യങ്ങൾ നിറവേറ്റുക, ജീവിത നിലവാരം ഉയർത്തുക, വിഭവങ്ങളുടെ കാര്യക്ഷമതയോടെയുള്ള ഉപഭോഗം, പുനരുപയോഗ ഊർജസ്രോതസ്സുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക, മാലിന്യങ്ങൾ കുറയ്ക്കുക, സുസ്ഥിരമായ ജീവിതശൈലി പിന്തുടരുക തുടങ്ങിയ പ്രധാന വിഷയങ്ങൾ സുസ്ഥിര ഉപഭോഗത്തിന്റെ ഭാഗമായി പരിഗണിക്കേണ്ട വിഷയങ്ങളാണ്. സുസ്ഥിര ഉപഭോഗവും ഉല്പാദനവും എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് ഐക്യരാഷ്ട്രസംഘടന 2015ലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെയാണ്.

സുസ്ഥിര വികസന ലക്ഷ്യങ്ങളിലെ പന്ത്രണ്ടാമത്തെ ലക്ഷ്യമായാണ് സുസ്ഥിര ഉപഭോഗവും ഉല്പാദനവും പരിഗണിച്ചത്. ഓരോ രാജ്യത്തിന്റെയും അല്ലെങ്കിൽ ഓരോ സമൂഹത്തിന്റെയും നിലനിൽപ്പിനും അതിജീവനത്തിനും സുസ്ഥിരമായ ഉപഭോഗവും ഉല്പാദനവും കൂടിയേതീരൂ. സുസ്ഥിര ഉപഭോഗത്തെയും ജീവിത രീതികളെയും കുറിച്ച് ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സുസ്ഥിര ഉപഭോഗവും ഉല്പാദനവും നേടിയെടുക്കാൻ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റുകൾ, ഗവേഷണ സ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും, സാമൂഹിക അവബോധം നൽകുന്ന സംവിധാനങ്ങൾ എന്നിവർ ചേർന്നുള്ള ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്. സുസ്ഥിര ഉപഭോഗവും ഉല്പാദനവും നേടാൻ സാധിച്ചാൽ ദാരിദ്ര്യ നിർമാർജനത്തിനും കാർബൺ കുറഞ്ഞ ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിനും തുടക്കം കുറിക്കാൻ സാധിക്കും.

ഭാവിയിൽ വികസനപദ്ധതികൾ കൂടുതൽ ജനകീയ കേന്ദ്രീകൃതമാവുകയും അതിനൊപ്പം ഭാവിയിലെ സാമൂഹിക‑സാമ്പത്തിക‑പാരിസ്ഥിതിക ചെലവുകൾ കുറയ്ക്കുന്നതിനും ചൂഷണത്തിലധിഷ്ഠിതമല്ലാത്ത സാമ്പത്തിക മത്സരശേഷി ശക്തിപ്പെടുത്തുകയും അത്തരത്തിലൂടെ ജനങ്ങൾക്കിടയിൽ ദാരിദ്ര്യവും അസമത്വവും കുറയ്ക്കുവാനും ഇതിന് ഒരു പരിധി വരെ സാധിക്കും. സുസ്ഥിര വികസനത്തിലേക്കുള്ള മാറ്റം സുഗമമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അന്തർദ്ദേശിയ തലത്തിൽ തന്നെ ഐക്യരാഷ്ട്രസംഘടന ഊന്നി പറയുന്നു. വിദ്യാഭ്യാസത്തിന് ഉപഭോഗത്തെ സ്വാതന്ത്ര്യത്തോടും ഉത്തരവാദിത്വത്തോടും അനുരഞ്ജിക്കാൻ കഴിയും. പുരോഗതിയുടെ നെടുംതൂണുകളായി പരിഗണിക്കുന്നത് അടിസ്ഥാനാവശ്യങ്ങൾ, അടിസ്ഥാന വിജ്ഞാനം, അവസരങ്ങൾ എന്നീ മൂന്ന് ഘടകങ്ങളാണ്. ഇവയിൽ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാമതായി പരിഗണിക്കുന്നത് പോഷണ ലഭ്യതയും അടിസ്ഥാന ആരോഗ്യ രക്ഷയുമാണ്. ശുദ്ധജല ലഭ്യതയും ആരോഗ്യ ശുചീകരണ സൗകര്യമാണ് രണ്ടാമത്തെ പ്രധാനപ്പെട്ട പരിഗണനാ വിഷയം. മൂന്നാമതായി പരിഗണിക്കുന്നത് പാർപ്പിടം എന്നിവയാണ്.

അടിസ്ഥാന വിജ്ഞാനത്തിലെ മുഖ്യ വിഷയമാണ് പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുക എന്നത്. അതിനൊപ്പം വിവര ലഭ്യതയും ആശയവിനിമയ സൗകര്യവുമാണ് രണ്ടാമത്തെ വിഷയം. ആവാസ വ്യവസ്ഥയുടെ സുസ്ഥിരതയാണ് മറ്റൊരു മുഖ്യ വിഷയം. ഹരിതഗൃഹവാതകം പുറന്തള്ളൽ, മൊത്ത വിഭാഗത്തിന് എത്ര ശതമാനം ജലം എടുക്കുന്നു എന്നത്, ജൈവവൈവിധ്യവും ആവാസ കേന്ദ്രങ്ങളും എന്നിവ ചേർന്നതാണ് ഇത്. മൂന്നാമതായി പരിഗണിക്കുന്ന ഘടകമാണ് അവസരങ്ങൾ. വ്യക്തിയുടെ അവകാശങ്ങളാണ് ഇതിലെ മുഖ്യ ഇനം. വ്യക്തിസ്വാതന്ത്ര്യവും തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് മുൻഗണന നൽകുന്നത്. പാരിസ്ഥിതികമായ നാശനഷ്ടങ്ങളും മനുഷ്യന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതുമായ പ്രവർത്തനങ്ങളും കുറച്ചു കൊണ്ട് ഭാവിതലമുറയെ മെച്ചപ്പെടുത്താനുള്ള അവസരമാണിത്. സുസ്ഥിര ഉപഭോഗത്തെക്കുറിച്ചു നിലവിലുള്ള ചർച്ചയ്ക്ക് അടിവരയിടുന്നത് ചരക്കുകളും സേവനങ്ങളും പാരിസ്ഥിതിക ചെലവുകളെ പ്രതിഫലിക്കുന്നുവെന്നും അതിനാൽ കൂടുതൽ സുസ്ഥിര ഉല്പാദന, ഉപഭോഗ രീതികളെ ഉത്തേജിപ്പിക്കുമെന്നും ഉറപ്പാക്കാൻ ദേശീയ സാമ്പത്തിക നയങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്ന അവബോധമാണ് ഭരണകർത്താക്കൾക്ക് ഉണ്ടാകേണ്ടത്.

എന്നാൽ രാജ്യങ്ങൾ കേവലം സാമ്പത്തിക വളർച്ച വർദ്ധനവും മൊത്തം ദേശീയ ഉല്പാദനവും വർധിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ പതിപ്പിക്കുന്നത്. വിഭവ ഉപയോഗം കുറയ്ക്കുമ്പോൾ വരുമാനം വർധിപ്പിക്കാൻ കഴിയും. പരിസ്ഥിതി കേന്ദ്രീകൃതമായ സാമ്പത്തിക വികസന തന്ത്രങ്ങളും തീരുമാനങ്ങളും കൈക്കൊള്ളേണ്ടതായിട്ടുണ്ട്. ആസൂത്രണത്തിന്റെ പ്രയോജകരായവരുടെ അനുഭവങ്ങൾ, ആവശ്യങ്ങൾ, അഭിപ്രായങ്ങൾ, പരാതികൾ എന്നിവ കൂടി കണക്കിലെടുത്ത് അവരെ കൂടി ഉൾപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിത്തവും സഹകരണവും കൂടി ചേർന്ന പരിസ്ഥിതിസൗഹൃദ പദ്ധതികളാണ് ആവശ്യം. സുസ്ഥിര വികസനത്തെ കുറിച്ചുള്ള പ്രഖ്യാപിതലക്ഷ്യങ്ങളും അതിനൊപ്പം സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ വ്യവസ്ഥയ്ക്കും കാലോചിതമായ മാറ്റമുണ്ടായാൽ മാത്രമേ സുസ്ഥിര ഉപഭോഗവും ഉല്പാദനവും നേടിയെടുത്ത് നാം ഓരോരുത്തർക്കും അതിലൂടെ സമൂഹത്തിനും സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.