Web Desk

കൊച്ചി:

January 25, 2021, 5:33 pm

കോവിഡ് വ്യാപന നിരക്ക് ഉയരുന്നു; സത്വര നടപടി ആവശ്യം: ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ

Janayugom Online

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്കാജനകമെന്ന് ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ(ഐ. എം. എ). മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ രോഗികൾ ഉള്ളതും, കോവിഡ് ഐ. സി. യുകൾ നിറഞ്ഞു തുടങ്ങുന്നതും സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളും ജഗ്രതയും ഏർപ്പെടുത്തേണ്ടതിന്റെ സൂചനയാണെന്ന് ഐ. എം. എ സയന്റിഫിക് അഡൈ്വസർ ഡോ. രാജീവ് ജയദേവൻ, ഐ. എം. എ കൊച്ചി പ്രസിഡന്റ് ഡോ. ടി. വി. രവി, സെക്രട്ടറി ഡോ. അതുൽ മാനുവൽ എന്നിവർ പറഞ്ഞു.

എറണാകുളം ജില്ലയിലാണ് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ഉളളത്. ട്രാവൽ ഹബ്ബും, ജനനിബിഡ വാണിജ്യ വ്യാപാര കേന്ദ്രവുമായ എറണാകുളത്ത് മറ്റിടങ്ങളിൽ നിന്നും വൈറസ് വീണ്ടും വീണ്ടും എത്തിപ്പെടാൻ ഇടയാവുന്നു. ജനങ്ങളുടെ ജാഗ്രതയിൽ ഇന്ന് കുറവുണ്ടായാൽ കണക്കുകളിൽ മാറ്റം വരുന്നത് ഒരു മാസമെങ്കിലും കഴിഞ്ഞായിരിക്കും. അപ്പോഴേയ്ക്കും ലണ്ടനിലേതു പോലെ 35 പേരിൽ ഒരാൾ എന്ന നിരക്കിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നേക്കാം. ഓരോ ദിവസവും ആയിരം പേർ ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരണപ്പെടുന്നു. ആശുപത്രികൾ നിറഞ്ഞതിനെതുടർന്ന് ബ്രിട്ടനിൽ അനിശ്ചിതകാല ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതൊരു പ്രദേശത്തും കോവിഡ് മൂലം ആശുപത്രികൾ നിറയുന്നു എന്നു വന്നാൽ ലോക്ക് ഡൌൺ വേണ്ടി വന്നേക്കാം. എന്നാൽ സമ്പന്ന രാഷ്ട്രമായ ബ്രിട്ടനെ അപേക്ഷിച്ച് നമ്മുടെ രാജ്യത്തിന് ഇനി ഒരു ലോക്ക് ഡൗൺ താങ്ങാൻ സാധിക്കുമോ എന്ന് സംശയമുണ്ട്.

ഒരു പ്രദേശത്തുള്ളവരിൽ ഒരിക്കൽ രോഗം വന്നു ഭേദമായാൽ ‘ഹേർഡ് ഇമ്മ്യൂണിറ്റി’ ലഭിക്കുമെന്നും പിന്നീട് ആ ഭാഗത്തു രോഗം വരില്ല എന്ന ധാരണയും ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നു, പുതിയ വാരിയന്റുകളുടെ വരവോടെ. പാൻഡെമിക് കർവ്വ് (curve ) ഒരു കുന്നു കയറി ഇറങ്ങുന്നതു പോലെയാണെന്ന് കഴിഞ്ഞ വർഷം ഏറെ പേർ കരുതിയിരുന്നു. കുന്നിറങ്ങിയാൽ ‘ഹേർഡ് ഇമ്മ്യൂണിറ്റി’ കിട്ടും, അപ്പോൾ എല്ലാം ശരിയായി എന്നും അവർ വിശ്വസിച്ചു. എന്നാൽ ഇത് ഒരു കുന്നു മാത്രമല്ല അതിനപ്പുറവും നിരവധി കയറ്റവും ഇറക്കവും അടങ്ങിയ ഒരു മൗണ്ടൻ റേഞ്ച് (moun­tain range) തന്നെയാണ് എന്ന് ഇപ്പോൾ നമുക്കു മനസിലായി തുടങ്ങി. തീവ്രമായി രോഗം ‘വന്നു പോയ’ ഇടങ്ങളിൽ കൂടുതൽ ശക്തിയോടെ ഇന്ന് രോഗം താണ്ഡവമാടുന്നു. അതേ അവസ്ഥ വരും മാസങ്ങളിൽ ഇവിടെ ഉണ്ടാവാതിരിക്കണെമെങ്കിൽ എറെ മുൻകരുതലുകൾ വേണ്ടി വരും.

വൈറസ് ഇൻഫെക്ഷൻ പൂർണമായും തടയുന്നില്ലെങ്കിലും, വൈറസ് ബാധിച്ചാൽ തീവ്ര രോഗം വരാതെയുള്ള സുരക്ഷിതമായ, വ്യക്തിഗതമായ സംരക്ഷണം വാക്സിൻ നൽകുന്നു. തന്മൂലം വാക്സിൻ എടുത്തവരും രോഗം പരത്താൻ ഇടയുണ്ട് എന്ന് മറക്കരുത്. അതിനാൽ വിയറ്റ്നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾ കാട്ടിത്തന്നതു പോലെയുള്ള സ്ട്രാറ്റെജി ആണ് നാം ഇപ്പോൾ ചെയ്യേണ്ടത്.

ഒത്തു ചേരലുകൾ ആത് ഏതു പേരിലാണെങ്കിലും മാറ്റി വച്ചേ മതിയാവൂ. ഒത്തു ചേരൽ ഇല്ലെങ്കിലും ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഉപജീവനം നടത്താൻ തടസമില്ല. അവനവന്റെ സൊഷ്യൽ ബബിൾ (social bub­ble) അഥവാ അടുത്ത് ഇടപഴകുന്നവരുടെ സംഖ്യ പരമാവധി ചുരുക്കാൻ ഓരോരുത്തരും ശ്രമിക്കണം. ബബിളുകൾ തമ്മിൽ കൂടിച്ചേരാതെ (over­lap) സൂക്ഷിക്കണം. മാസ്ക് നിർബന്ധമാക്കണം. പ്രായമായവരെ സംരക്ഷിക്കുകയും അവർക്ക് വാക്സിൻ എത്തിച്ചു കൊടുക്കുകയും വേണം.

വ്യക്തിപരമായ അസൗകര്യങ്ങൾ ഓരോരുത്തരും സഹിക്കാതെ ഒരെളുപ്പ വഴിയും ഇവിടെ ഇല്ല എന്നതാണ് പച്ചയായ യാഥാർഥ്യം. ഈ മാരക വൈറസിനെതിരെ സമൂഹം ഏറെ നാൾ ഒരുമിച്ചു നിന്നാലേ രാജ്യം കോവിഡ് മുക്തമാകൂവെന്നും ഐ. എം. എ കൊച്ചി മുൻ പ്രസിഡന്റും കൂടിയായ ഡോ. രാജീവ് ജയദേവൻ അഭിപ്രായപ്പെട്ടു.

ENGLISH SUMMARY: response of ima in covid rate increase

YOU MAY ALSO LIKE THIS VIDEO