ഉത്തരവാദിത്ത ടൂറിസം പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി വിനോദസഞ്ചാര വകുപ്പ്

Web Desk
Posted on December 08, 2018, 8:54 pm
മാനന്തവാടി: ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി വിനോദസഞ്ചാര വകുപ്പ്. തദ്ദേശവാസികള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതിനായി 1042 യൂണിറ്റുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. കരകൗശല നിര്‍മ്മാണ യൂണിറ്റുകള്‍, പേപ്പര്‍ ബാഗ് യൂണിറ്റുകള്‍, തുണി സഞ്ചി നിര്‍മ്മാണ യൂണിറ്റുകള്‍, മൂല്യവര്‍ദ്ധിത ഭക്ഷ്യോല്‍പാദന യൂണിറ്റ്, ഇളനീര്‍ യൂണിറ്റ്, ആര്‍ടി ഷോഫോഴ്‌സ് എന്നിവയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പ്രാദേശിക ടൂര്‍ ഡീലേഴ്‌സ്, ടൂറിസം അനുബന്ധ സര്‍വ്വീസ് യൂണിറ്റുകള്‍ എന്നിവയും ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്ത് പട്ടികയിലുണ്ട്.
    കൂടാതെ ജില്ലയിലെ വിവിധ ടൂറിസം സംരംഭങ്ങളിലേക്ക് പ്രാദേശിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സംവിധാനവും ടൂറിസം മിഷന്റെ പരിഗണനയിലുണ്ട്. കൂടാതെ വിവിധ ഗ്രാമീണ ടൂറിസം പാക്കേജുകളിലൂടെ പരമ്പരാഗത തൊഴിലുകള്‍ ടൂറിസവുമായി  ബന്ധപ്പിച്ച് വരുമാനം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്. ജില്ലയില്‍ മാത്രം ഒരു വര്‍ഷക്കാലം കൊണ്ട് 500 പേര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
    പ്രളയാന്തരം ജില്ലയിലെ ടൂറിസം മേഖലക്ക് വലിയി തകര്‍ച്ചയാണ് സംഭവിച്ചത്. മികച്ച ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയും, വിനോദ സഞ്ചാരികള്‍ക്കാവശ്യമുള്ള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും ടൂറിസം മേഖലയിലെ വയനാടിന്റെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്.