ഫേസ്ബുക്കില്‍ ലൈവ് ഇടുന്നവര്‍ സൂക്ഷിക്കുക; ഇനി നിങ്ങള്‍ക്കും പിടിവീഴും

Web Desk
Posted on May 16, 2019, 11:14 am

ഫേസ്ബുക്കിലെ ലൈവ് വീഡിയോ സ്ട്രീമിങ്ങിന്  കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നു. ചില നിയമങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്ക് ഫേസ്ബുക്ക് ലൈവ് നിശ്ചിത കാലത്തേക്ക് വിലക്കുന്നതാണ്  നിയന്ത്രണം.  എന്നാല്‍, ലൈവ് നിഷേധിക്കാന്‍ കാരണമാകുന്ന നിയമ ലംഘനങ്ങള്‍ എന്താണെന്നോ, സസ്‌പെന്‍ഷന്‍ എത്ര കാലമാണെന്നോ ഫേസ്ബുക് വിശദമാക്കിയിട്ടില്ല.

ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ലിങ്ക് ഷെയര്‍ ചെയ്യുന്നതടക്കമുള്ള പ്രവൃത്തികള്‍ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും. ഫേസ്ബുക്കിലെ മറ്റു മേഖലകളിലും സമാന നിയന്ത്രണങ്ങള്‍ വരുമെന്നാണു സൂചന. വിദ്വേഷ വിഡിയോകള്‍ ഉടന്‍ ഡിലീറ്റ് ചെയ്യാനുള്ള വഴി വികസിപ്പിച്ചെടുക്കാന്‍ 3 സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണത്തിനു കമ്പനി ധനസഹായം നല്‍കും.

നിലവില്‍ സമൂഹമാധ്യമത്തില്‍ പ്രശ്‌നകരമായ എന്തെങ്കിലും പ്രത്യക്ഷപ്പെട്ടാല്‍ നീക്കം ചെയ്യല്‍ അതീവ ശ്രമകരമാണ്. ന്യൂസീലന്‍ഡ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ 15 ലക്ഷം വിഡിയോകളാണു സംഭവം നടന്ന് 24 മണിക്കൂറിനകം നീക്കം ചെയ്തത്.

ന്യൂസീലന്‍ഡില്‍ മസ്ജിദുകളിലെ വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ ഭീകരന്‍ ഫേസ്ബുക് ലൈവിലൂടെ പ്രചരിപ്പിച്ച പശ്ചാത്തലത്തില്‍ ഇന്റര്‍നെറ്റിലെ അക്രമം തടയുക എന്ന ലക്ഷ്യത്തോടെ ലോക നേതാക്കളുടെ സമ്മേളനം പാരിസില്‍ നടക്കവേയാണു ലൈവിനു കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ ഫെയ്‌സ്ബുക് തീരുമാനിച്ചത്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അക്രമ വീഡിയോകള്‍ തടയാന്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കുകയാണു ലക്ഷ്യം. ഫെയ്‌സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

you may also like this: