Web Desk

April 06, 2020, 5:00 am

ഭരണപരാജയം മറച്ചുവയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

Janayugom Online

രാജ്യത്തെയും ലോകത്തെയും ഗ്രസിച്ചിരിക്കുന്ന കൊറോണാ വെെറസ് ബാധയുടെ മറവില്‍ വിമര്‍ശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉന്നയിക്കുന്നവര്‍ക്കെതിരെ പ്രതികാര നടപടികള്‍ക്ക് കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍. രാജ്യത്തിനു മുഴുവന്‍ ബാധകമായ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതിനുശേഷം മാര്‍ച്ച് 25ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് പങ്കെടുത്ത അയോധ്യയിലെ മതപരമായ ചടങ്ങ് പ്രമുഖ വെബ്പോര്‍ട്ടല്‍ ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് സ്ഥാപിച്ചിരുന്ന രാംലല്ല പ്രതിമ മറ്റൊരു താല്ക്കാലിക ഇടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്ന ചടങ്ങിനാണ് ആദിത്യനാഥ് നേതൃത്വം നല്‍കിയത്. അടച്ചുപൂട്ടല്‍ നിലനില്‍ക്കെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രി തന്നെ ചടങ്ങിന് നേതൃത്വം നല്‍കിയത് വ്യാപകമായ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത ദ ‘വയറി‘ന്റെ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജനെതിരെ ഫെെസാബാദ് പൊലീസ് ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഉത്തരവ് ലംഘിച്ച’തിന് ഇന്ത്യന്‍ ശിക്ഷാനിയമം 188, ‘സമൂഹത്തില്‍ വിദ്വേഷം, ശത്രുത, അനെെക്യം എന്നിവ വളര്‍ത്തുകയോ സൃഷ്ടിക്കുകയോ ചെയ്ത’തിന് 505(21) വകുപ്പു പ്രകാരവും പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രി നടത്തിയ നിയമലംഘനത്തിന്റെ പേരില്‍, അല്ലെങ്കില്‍ അധികാരസ്ഥാനങ്ങള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരില്‍, മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുക എന്നത് യുപി പൊലീസ് ഒരു പതിവാക്കി മാറ്റിയിരിക്കുന്നു.

ഭരണകൂട നടപടികളെ വിമര്‍ശിക്കുന്ന, അത്തരം നടപടികളുടെ ഇരകളാക്കി മാറ്റപ്പെടുന്നവരെപറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരുന്ന, സ്വതന്ത്ര പത്രപ്രവര്‍ത്തനം അസാധ്യമാകുന്ന സാഹചര്യമാണ് ഉത്തര്‍പ്രദേശിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉടനീളവും നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന വാരണാസിയില്‍ പട്ടിണിമൂലം ഗതികെട്ട കുട്ടികള്‍ പുല്ല് തിന്നുന്നതിന്റെ വാര്‍ത്ത ഫോട്ടൊ സഹിതം പ്ര സിദ്ധീകരിച്ച ‘ജന്‍ സ ന്ദേശ് ടെെംസ്’ പത്രാധിപര്‍ വിജയ് വിനീതിനും സമാനമായ ദുരനുഭവമാണ് നേരിടേണ്ടി വന്നത്. പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മാര്‍ച്ച് 26ന് വാരണാസിയിലെ മുഷാഹര്‍ സമുദായത്തിലെ കുട്ടികള്‍ പുല്ലുതിന്ന് വിശപ്പടക്കുന്ന വാര്‍ത്ത പുറത്തുവന്നത്. അന്നന്നത്തെ ആഹാരത്തിന് പണിയെടുക്കുന്ന മുഷാഹര്‍ സമുദായക്കാര്‍ക്ക് ജനതാ കര്‍ഫ്യൂ മുതല്‍ തൊഴിലില്ലാതായത് അവരുടെ ഗ്രാമങ്ങളെ കൊടും പട്ടിണിയിലേക്ക് തള്ളിവിടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് റോട്ടിയും ഉപ്പും മാത്രം നല്‍കിയിരുന്നത് റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഭരണകൂട പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന ‘ജന്‍സന്ദേശ് ടെെംസ്’ തന്നെയാണ് മുഷാഹര്‍ കുട്ടികളുടെ ദയനീയ കഥയും പുറത്തുകൊണ്ടുവന്നത്. മിര്‍സാപൂര്‍ കേസില്‍ ജന്‍സന്ദേശ് നല്‍കിയ വാര്‍ത്തയും പവന്‍ ജയ്സ്വാള്‍ എന്ന പത്രപ്രവര്‍ത്തകന്‍ പുറത്തുവിട്ട വീഡിയോയും യാഥാര്‍ത്ഥ്യമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. സംഭവത്തിന് ഉത്തരവാദിയായ ഗ്രാമപ്രധാന് എതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ജനങ്ങളുടെ ജീവിത ദുരനുഭവങ്ങളും ഭരണകൂട അതിക്രമങ്ങളും പുറത്തുകൊണ്ടുവരാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ അധികാര മുഷ്ക് ഉപയോഗിച്ച് അമര്‍ച്ച ചെയ്യാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഏറ്റവും പുതിയ ഏടാണ് അയോധ്യയിലെ സംഭവത്തിന്റെ പേരില്‍ ‘ദി വയറി‘ന് എതിരായ കേസ് അനാവരണം ചെയ്യുന്നത്. സംഭവത്തിനെതിരെ എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം മാധ്യമ സംഘടനകളും പൊതുസമൂഹവും ഇതിനകം രംഗത്തുവന്നിട്ടുണ്ട്. കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദുരന്ത നിവാരണ നിയമം നല്‍കുന്ന പ്രത്യേക അധികാരങ്ങള്‍ ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കാനും മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനും ഒരുമ്പെട്ടിരിക്കുന്നു. അടച്ചുപൂട്ടലിനെ തുടര്‍ന്ന് ഉണ്ടായ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം മോഡി ഭരണകൂടത്തെ ശരിക്കും വെട്ടിലാക്കിയിരിക്കുന്നു. അതുസംബന്ധിച്ച ഒരു പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവെ കേന്ദ്രം കോവിഡ് ബാധ സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കും മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കണമെന്നുപോലും സുപ്രീംകോടതിയില്‍ വാദിക്കുകയുണ്ടായി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഈ ആവശ്യം കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. തങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യപരവുമായ ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമമായും സുതാര്യമായും നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുന്ന ഭരണകൂടമാണ് മാധ്യമങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും ഭയപ്പെടുന്നത്. കോവിഡ് ബാധയ്ക്ക് എതിരെ, വ്യാജവാര്‍ത്തകള്‍ തടയുന്നതില്‍ കരുതലോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ഉന്നയിക്കുന്ന ന്യായമായ വിമര്‍ശനങ്ങള്‍ ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നത് ഭരണനിര്‍വഹണത്തില്‍ അവര്‍ക്കുണ്ടായ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്.

ENGLISH SUMMARY: Restric­tions for media to cov­er up the regime of cen­tral and state govt