അപകട മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കും: മുഖ്യമന്ത്രി

Web Desk
Posted on August 24, 2019, 6:12 pm

കണ്ണൂര്‍:  ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയെ ഓര്‍ത്തുകൊണ്ടുള്ള നടപടികളാണ് നാം സ്വീകരിക്കേണ്ടത്. അപകട സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത് ആപത്ത് വരുത്തും. ഇതേക്കുറിച്ച് ശാസ്ത്രീയ പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കും. ഇതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം അനുഷ്ഠിച്ച മത്സ്യത്തൊഴിലാളികള്‍, സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ആദരിച്ച് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായധന വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലും വാസയോഗ്യമല്ലാത്ത ഇടങ്ങളിലും നിര്‍മ്മാണങ്ങള്‍ നടത്തരുത്. അപകട സ്ഥലങ്ങളില്‍ നിന്ന് വീട് മാറ്റി നിര്‍മ്മിക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. പുതിയ വീട് വെക്കുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ഉണ്ടാകില്ല. തോടുകളുടെ സംരക്ഷണവും പ്രധാനമാണ്. വെള്ളത്തിന്റെ സ്വാഭാവിക വഴികള്‍ അടച്ചത് വെള്ളം കയറുന്നതിനിടയാക്കി. തോടുകളുടെ സംരക്ഷണത്തോടൊപ്പം നേരത്തെ ഉണ്ടായിരുന്ന തോടുകളുടെ പുനരുജ്ജീവനം കൂടി സാധ്യമാകണം. വെള്ളത്തിന് പോകാനുള്ള കൈവഴികള്‍ തുറന്ന് കൊടുക്കേണ്ടതുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിനോടൊപ്പം പുനരധിവാസത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്. പ്രളയ വേളയില്‍ വീടുകള്‍, കടകള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി ഉപയോഗ ശൂന്യമായി. പ്രളയാനന്തരം കിണറുകള്‍ പലതും നിറഞ്ഞു കവിയുകയും മലിനജലം കലരുകയും ചെയ്തിട്ടുണ്ട്. ഇത്തരം കിണറുകള്‍ ശുദ്ധീകരിക്കുന്നതിന് സമയം വേണ്ടിവരും.

ചിലയിടങ്ങളില്‍ കിണറിലെ മുഴുവന്‍ വെള്ളവും വറ്റിക്കേണ്ട അവസ്ഥയുണ്ട്. ഇവിടങ്ങളില്‍ ശുദ്ധജല വിതരണം ഉറപ്പാക്കും. കുളങ്ങള്‍ക്കും സമാന അവസ്ഥയാണുള്ളത്. നവീകരണം നടത്തിയ കുളങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ താമസിച്ചവര്‍ക്ക് പുതിയ വീട് നിര്‍മ്മിക്കുന്നതുവരെ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഇതിന്റെ ചുമതല. ക്യാമ്പുകളില്‍ നിന്ന് വീടുകളില്‍ തിരിച്ചെത്തുമ്പോള്‍ താല്‍ക്കാലിക ആശ്വാസമെന്നോണം 10000 രൂപ സഹായധനം സര്‍ക്കാര്‍ നല്‍കും. സപ്തംബര്‍ ഏഴിനകം മുഴുവനാളുകള്‍ക്കും തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.  ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ ബാഗ് വിതരണം ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ സംബന്ധിച്ചു.