രോഗികളും ക്ലസ്റ്ററുകളും കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കും

Web Desk

തിരുവനന്തപുരം

Posted on July 27, 2020, 10:51 pm

രോഗവ്യാപനം കൂടുതലുള്ള പല ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം കൂടുകയും പുതിയ ക്ലസ്റ്ററുകൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കും. ലംഘനങ്ങളുണ്ടായാൽ പൊലീസിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തും. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് പ്രതിരോധം വരുന്ന ഏതാനും നാളുകളോ ആഴ്ചകളോ മാസങ്ങളോ കൊണ്ട് അവസാനിക്കില്ല. അതുകൊണ്ടു തന്നെ അതിനായി ദീർഘകാല പദ്ധതി രൂപപ്പെടുത്തും. ഇനിയുള്ള നാളുകളിൽ രോഗവ്യാപനം ഇനിയും വർധിക്കുമെന്നതിനാൽ, അതിനെ നേരിടാനുള്ള നടപടികളാണ് സിഎഫ്എൽടിസികൾ ഒരുക്കുന്നതിലൂടെയും കൂടുതൽ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ ഭാഗമായാണ് സര്‍വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി സംസാരിച്ചത്. ആരോഗ്യവിദഗ്ധരുമായി പ്രത്യേക ചര്‍ച്ച നടത്തി. പത്രാധിപന്മാരുടെ യോഗം വിളിച്ചു. ലോക്ഡൗൺ പ്രായോഗികമല്ലെന്നും നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നുമുള്ള പൊതു അഭിപ്രായമാണ് എല്ലാവര്‍ക്കും ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

101 സിഎഫ്എൽടിസികൾ പ്രവർത്തനക്ഷമം

തിരുവനന്തപുരം: സംസ്ഥാനത്ത് 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നു. 12,801 കിടക്കകളുണ്ട്. 45 ശതമാനം കിടക്കകളിൽ രോഗികളും. രണ്ടാം ഘട്ടത്തിൽ 229 സിഎഫ്എൽടിസികൾ കൂട്ടിച്ചേർക്കും. 30,598 കിടക്കകളാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിലേക്ക് 36,400 കിടക്കകളുള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സഹ ടീം ലീഡറും ഒരു സ്റ്റാഫ് നഴ്സും രണ്ട് ലാബ് ടെക്നീഷ്യന്മാരും രണ്ട് ഫാർമസിസ്റ്റുകളും അടങ്ങുന്നതാണ് പ്രാഥമികതലത്തിലുള്ള സിഎഫ്എൽടിസി സംവിധാനം. ആളുകളുടെ എണ്ണം ആവശ്യാനുസരണം വർധിപ്പിക്കും. കോവിഡ് ബ്രിഗേഡിലേക്ക് 1,679 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് പരിശീലനം ഉടനെ ആരംഭിക്കും.

ആരോഗ്യ സർവകലാശാലയുടെ കോഴ്‌സുകളിൽനിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ സിഎഫ്എൽടിസികളിൽ നിയോഗിക്കും. ഇവർക്ക് താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഒരുക്കും. ആരോഗ്യവകുപ്പ് സർവകലാശാലയുമായി ചേർന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്റെ വിശദാംശങ്ങൾ തയ്യാറാക്കും. പരിശോധനാ ഫലങ്ങൾ ചിലയിടങ്ങളിൽ വൈകുന്നത് പരിഹരിക്കും. ടെസ്റ്റ് റിസൾട്ട് 24 മണിക്കൂറിനുള്ളിൽ നൽകാൻ നിർദ്ദേശം നൽകി. മരണമടഞ്ഞവരുടെ പരിശോധനാഫലം എത്രയുംവേഗം നൽകും. ക്ലസ്റ്ററുകൾ, ക്ലസ്റ്ററുകൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠനം നടത്തും. അതിന് എപ്പിഡമിയോളജിസ്റ്റുകളെ നിയോഗിക്കും. സർക്കാർ ഏജൻസികൾ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളിൽ വ്യക്തത വരുത്തും. അതിനനുസരിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകും.

You may also like this video also