ന്യൂഡൽഹി: രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കി ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഗണ്യമായി വർധിക്കുന്നു. നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം ആറു ശതമാനമായി ഉയർന്നു. ഭക്ഷ്യ സാധനങ്ങളുടെ പണപ്പെരുപ്പം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിലയിലാണ് തുടരുന്നത്.
ലക്ഷദീപ്, ത്രിപുര, ഒഡിഷ, ഉത്തർപ്രദേശ്, കേരളം, മധ്യപ്രദേശ്, പുതുച്ചേരി, തമിഴ്നാട്, രാജസ്ഥാൻ, മണിപ്പൂർ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഉപഭോക്തൃ സൂചികയിലെ പണപ്പെരുപ്പമാണ് ഉയർന്ന തോതിൽ തുടരുന്നത്. നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം ഒഡിഷയിൽ 7.2 ശതമാനമായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം നവംബർ മാസത്തിൽ ഇത് 3.35 ശതമാനമായിരുന്നു. ഒരു വർഷത്തിനിടെ നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഒഡിഷയിലെ ഗ്രാമീണ മേഖലയിലാണ് കൂടുതൽ പണപ്പെരുപ്പം രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പം 4.76 ശതമാനം വർധിച്ചു. നഗര മേഖലയിൽ 1.54 ശതമാനം പോയിന്റുകളാണ് വർധിച്ചത്.
ലക്ഷദ്വീപിൽ ഇത് 10.25 ശതമാനമായി ഉയർന്നു. ഒക്ടോബർ മാസത്തിൽ 7.76 ശതമാനമായിരുന്നു. ത്രിപുരയിൽ 7.54 ശതമാനമായി വർധിച്ചു. മണിപ്പൂരിൽ ഇത് 7.9 ശതമാനമാണ്. ദേശീയ തലത്തിൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ മേഖലയിൽ പണപ്പെരുപ്പം 10.1 ശതമാനമായി ഉയർന്നു. ഒക്ടോബർ മാസത്തിൽ ഇത് 7.89 ശതമാനമായിരുന്നു. പച്ചക്കറികൾ, ഉള്ളി എന്നിവയുടെ വിലക്കയറ്റമാണ് ഇതിനുള്ള മുഖ്യകാരണമെന്ന് കമ്പോള വിദഗ്ധർ വിലയിരുത്തുന്നു.
English summary: Retail inflation is rising
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.