May 28, 2023 Sunday

ചില്ലറ വ്യാപാര മേഖലയിൽ പണപ്പെരുപ്പം 7.35 ശതമാനമായി

Janayugom Webdesk
ന്യൂഡൽഹി
January 13, 2020 10:23 pm

സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കി ചില്ലറ വ്യാപാര മേഖലയിലെ പണപ്പെരുപ്പം 7.35 ശതമാനമായി വർധിച്ചു. ഇതിന്റെ ഫലമായി പച്ചക്കറികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി വർധിച്ചു. തുടർച്ചയായ അഞ്ചാം മാസവും ഉപഭോക്തൃ സൂചികയിലെ പണപ്പെരുപ്പം ഗണ്യമായി വർധിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. ആരോഗ്യമുള്ള ഒരു സമ്പദ് വ്യവസ്ഥയിൽ നാല് ശതമാനമാണ് പണപ്പെരുപ്പത്തിന്റെ അനുവദനീയമായ തോത്. എന്നാൽ ഇപ്പോൾ രാജ്യത്ത് 7.35 ശതമാനമായി ഉയർന്നു. ഇത് പാവപ്പെട്ടവന് ഭക്ഷണം പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലെത്തിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

നവംബർ മാസത്തിൽ പണപ്പെരുപ്പത്തിന്റെ തോത് 5.5 ശതമാനമായിരുന്നു. രാജ്യത്തെ വളർച്ച നിരക്ക് അഞ്ച് ശതമാനമായി പരിമിതപ്പെട്ട സാഹചര്യത്തിൽ പണപ്പെരുപ്പം 7.35 ശതമാനമായി വർധിക്കുന്നത് ഗുരുതരമായ കമ്പോള പ്രതിസന്ധി സൃഷ്ടിക്കും. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വില ഗണ്യമായി ഉയരുന്നതിനൊപ്പം ജനങ്ങളുടെ വാങ്ങൽ ശേഷി കുറയുമെന്നും കമ്പോള വിദഗ്ധർ വിലയിരുത്തുന്നു. ഭക്ഷ്യസാധനങ്ങളുടെ പണപ്പെരുപ്പം 14.1 ശതമാനമായി വർധിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ ഫലമായി പച്ചക്കറികളുടെ വിലയിൽ 60 ശതമാനം വർധനയും പയറുവർഗങ്ങളുടെ വിലയിൽ 15 ശതമാനം വർധനയും രേഖപ്പെടുത്തി. പച്ചക്കറിയുടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായാലും പയറുവർഗങ്ങളുടെ വില ഇനിയും ഉയരാനാണ് സാധ്യത. ഇതിന്റെ വിലയിൽ സമീപകാലത്ത് കുറവ് വരാൻ സാധ്യതയില്ലെന്നുമാണ് കമ്പോള വിദഗ്ധർ പറയുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ ആർബിഐ തയ്യാറാകില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഫെബ്രുവരി ആറിനാണ് അടുത്ത സാമ്പത്തിക അവലോകന യോഗം. അതിനുമുമ്പ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കാൻ ആർബിഐ തയ്യാറാകില്ലെന്നാണ് എംകെ വെൽത്ത് മാനേജുമെന്റ് ഗവേഷണ വിഭാഗം മേധാവി ജോസഫ് തോമസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.