ഇന്ത്യൻ വനിതാ ക്രിക്കറ്റ് ലോകത്ത് പുതിയൊരു താരം ഉദിച്ചിരിക്കുന്നു, പ്രതികാ റാവൽ, എന്ന 24കാരി. തന്റെ അന്താരാഷ്ട്ര കരിയറിലെ വെറും ആറ് മത്സരങ്ങൾക്കൊണ്ട് തന്നെ ഇന്ത്യയുടെ ഏറ്റവും മികച്ച ടോപ്പ് ഓർഡർ ബാറ്റർ എന്ന നിലയിൽ അവർ തിളങ്ങി. പരിചയസമ്പന്നയായ ഓപ്പണർ ഷഫാലി വർമ്മയ്ക്ക് പകരക്കാരിയായാണ് പ്രതികാ റാവൽ ടീമിലിടം പിടിക്കുന്നത്. കഴിഞ്ഞ മാസം വെസ്റ്റ് ഇൻഡീസിനെതിരായ എകദിന പരമ്പരയിലാണ് അവർ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്.
ആദ്യമത്സരത്തിൽ തന്നെ പ്രതികാ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. സ്മൃതി മന്ദാനയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത പ്രതികാ 69 ബോളിൽ നിന്ന് 40 റൺസ് നേടി, 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. രണ്ടാം മത്സരത്തിൽ മികച്ച ഓൾറണ്ട് പ്രകടനം പുറത്തെടുത്ത പ്രതികാ 76 റൺസ് നേടി തന്റെ ആദ്യ അർധശതകവും, 5 ഓവറിൽ 37 റൺസ് വിട്ട് കൊടുത്ത് രണ്ട് നിർണായക വിക്കറ്റുമെടുത്തു. മൂന്നാം മത്സരത്തിൽ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോഴും നാല് ബൗണ്ടറികൾ നേടി ടീം നേരിട്ട സമ്മർദത്തിൽ നിന്ന് അതിജീവിക്കാൻ അത് സഹായകമായി. പിന്നീട് അയർലൻഡുമായി എകദിന പരമ്പരയിലും അസാമാന്യ കളിമികവ് തന്നെ പുറത്തെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 89 റൺസ് നേടിയ പ്രതികാ രണ്ടാം മത്സരത്തിലും 67 റൺസ് നേടി തന്റെ കരിയറിലെ മൂന്നാം അർധ ശതകം കരസ്ഥമാക്കി. ബുധനാഴ്ച രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ അവസാന ഏകദിനത്തിൽ, അവിശ്വസനീയമായ പ്രകടനത്തോടെ 129 പന്തിൽ 20 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 154 റൺസ് നേടിയാണ് തന്റെ ആദ്യ ഏകദിന സെഞ്ചുറി നേടിയത്. ഇതോടെ ആദ്യ ആറ് ഇന്നിങ്സുകളിൽ 74.00 എന്ന മികച്ച ശരാശരിയിൽ 444 നേടി, വനിതാ ഏകദിനത്തിലെ ഒരു താരത്തിന്റെ ആദ്യ ആറ് ഇന്നിങ്സുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന പുതിയ ലോക റെക്കോഡ് പ്രതികാ സ്ഥാപിച്ചു. ആദ്യ ആറ് ഏകദിനങ്ങളിൽ നിന്ന് 434 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ്സിന്റെ മുൻ റെക്കോഡാണ് മറികടന്നത്.
ഒരു ഏകദിന കരിയറിലെ ഏറ്റവും ശക്തമായ തുടക്കങ്ങളിലൊന്നാണ് പ്രതികാ റാവൽ നടത്തിയത്. പത്താം വയസിൽ ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശം കണ്ടെത്തിയ പ്രതികാ റോഹ്തക് റോഡ് ജിംഖാന ക്രിക്കറ്റ് അക്കാദമിയിൽ കോച്ച് ശർവൻ കുമാറിന്റെ കീഴിലാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയത്. റെയിൽവേസിന് വേണ്ടിയാണ് പ്രതികാ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത്. പിതാവ് പ്രദീപ് റാവൽ, ഡൽഹി & ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡിഡിസിഎ) ബിസിസിഐ സാക്ഷ്യപ്പെടുത്തിയ ലെവൽ-II അമ്പയർ ആണ്. ഈ വർഷാവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിന് പ്രതികായുടെ പങ്ക് നിർണായകമാവും. ഷഫാലിയുമായി താരതമ്യപ്പെടുത്തുന്നത് വ്യത്യസ്തമാണെങ്കിലും, വരാനിരിക്കുന്ന ലോകകപ്പിൽ ഇരുവരും കളിക്കണമോയെന്ന് സെലക്ടർമാർ തീരുമാനിക്കണം. ലൈനപ്പിൽ മൂന്നാം സ്ഥാനത്തേക്ക് മാറാൻ സാധ്യതയുള്ള പ്രതികായുടെ സാധ്യത ഇന്ത്യയുടെ തന്ത്രത്തിന് ആവേശം പകരുന്നു. ഷഫാലി വർമ്മയുടെ തകർച്ച ആശങ്കാജനകമായതിനാൽ ഇന്ത്യൻ വനിതകൾ പുതിയ ഓപ്പണറെ തിരയുമ്പോളാണ് പ്രതികയ്ക്ക് നറുക്ക് വീണത്. ആ അവസരം മുതലെടുക്കുകയും ചില മാച്ച് വിന്നിങ് ഇന്നിങ്സും കാഴ്ചവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.