ഉത്തർപ്രദേശിലെ മതപരിവർത്തനം തടയൽ നിയമത്തിൽ ഉൽക്കണ്ഠയും എതിർപ്പും അറിയിച്ച് നൂറിലധികം വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ രംഗത്ത്. മുൻദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോൻ, മുൻ വിദേശകാര്യസെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടികെഎ നായർ തുടങ്ങിയ വിരമിച്ച ഉന്നത ഉദ്യോഗസ്ഥരാണ് യുപി സർക്കാർ അംഗീകരിച്ച നിയമത്തിനെതിരെ ആദിത്യനാഥ് സർക്കാരിന് കത്തെഴുതിയത്. വലതു തീവ്രവാദ ശക്തികളുടെ ഗൂഢാലോചനാ സിദ്ധാന്തത്തിന്റെ ഫലമായി രൂപപ്പെട്ട ലൗജിഹാദ് എന്ന പേരുപയോഗിച്ച് മുസ്ലിം യുവാക്കൾ ഹിന്ദു യുവതികളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നുവെന്നാണ് പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു വാക്ക് കേന്ദ്രം പോലും അംഗീകരിച്ചിട്ടില്ല. എന്നാൽ അതിന്റെ പേരിൽ ന്യൂനപക്ഷ സമുദായത്തെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്.
ഇന്ത്യൻ യുവാക്കൾക്കുനേരെ അതിക്രൂരമായ അതിക്രമങ്ങളാണ് നിയമത്തെ ഉപയോഗിച്ച് ആദിത്യനാഥ് സർക്കാരും ഉദ്യോഗസ്ഥരും നടത്തുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഇത് പൗരന്മാരുടെ സ്വതന്ത്ര ജീവിതത്തെ ഇല്ലാതാക്കുന്നതാണെന്ന് അടുത്തകാലത്ത് നടന്ന നിരവധി ഉഹാരണങ്ങൾ സഹിതം ഉദ്യോഗസ്ഥർ കത്തിൽചൂണ്ടിക്കാട്ടി. നിഷ്കളങ്കരായ ദമ്പതിമാരെ വേട്ടയാടുന്ന വേളയിൽ പൊലീസ് നിഷ്ക്രിയരായി നില്ക്കുകയാണ്. കഴിഞ്ഞയാഴ്ച ബിജിനോറിൽ പെൺകുട്ടിയും മാതാവും നിരാകരിച്ചിട്ടും രണ്ട് കൗമാരക്കാരെ ഉപദ്രവിച്ച ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരികയും ഒരാളെ ഒരാഴ്ചയിലധികം ജയിലിൽ അടക്കുകയും ചെയ്തു.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് വ്യക്തിയുടെ മൗലികാവകാശമാണെന്ന് നിരവധി ഹൈക്കോടതി വിധികളുണ്ടെങ്കിലും ഭരണഘടനയെ ദുർബലപ്പെടുത്തുന്ന നടപടികളാണ് യുപിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നിയമം ഉടൻ പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കെ പി ഫാബിയാൻ, ടികെ ബാനർജി, പ്രദീപ് ഭട്ടാചാര്യ, എം ജി ദേവസഹായം, മീന ഗുപ്ത തുടങ്ങി കേന്ദ്ര സർക്കാരിലും വിവിധ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിൽ നയതന്ത്ര തലത്തിലും പ്രവർത്തിച്ച മുതിർന്ന നൂറിലധികം പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
English Summary: Retired top officials say UP is the epicenter of hate politics
You may like this video also