കുടിയേറ്റ തൊഴിലാളികളുടെ മടക്കം; കരുണയില്ലാതെ റയിൽവേ

സ്വന്തം ലേഖകൻ

ന്യൂഡൽഹി

Posted on May 04, 2020, 9:56 pm

സംസ്ഥാന സർക്കാരുകൾ ടിക്കറ്റ് പണം നൽകിയ ശേഷം മാത്രം ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾ പുറപ്പെട്ടാൽ മതിയെന്ന് റയിൽവേയുടെ നിർദ്ദേശം. തൊഴിലാളികളുടെ യാത്രാക്കൂലി സംസ്ഥാനങ്ങൾ വഹിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിര്‍ദ്ദേശത്തിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് റയിൽവേയുടെ പുതിയ നടപടിയും ഉണ്ടായിട്ടുള്ളത്. യാത്ര ചെയ്യുന്ന തൊഴിലാളികളുടെ ടിക്കറ്റ് തുക മുൻകൂറായി ലഭിച്ച ശേഷം യാത്ര ആരംഭിച്ചാൽ മതിയെന്ന് ഇന്ത്യൻ റയിൽവേയുടെ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന സർക്കുലറിൽ പറയുന്നു. ലോക്ഡൗണിനെത്തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഓരോ സംസ്ഥാനങ്ങളിലും തൊഴിലും ഭക്ഷണവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിനിന് കേന്ദ്രസർക്കാർ അനുമതി ലഭ്യമാക്കിയത്. പുതിയ നിർദ്ദേശങ്ങൾ പ്രകാരം ട്രെയിൻ പുറപ്പെടുന്ന സംസ്ഥാനത്തെ സർക്കാരാണ് ട്രെയിൻ ചെലവുകൾ പൂര്‍ണ്ണമായി വഹിക്കേണ്ടത്. യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ടിക്കറ്റ് തുക റയിൽവേ അധികൃതർക്ക് സംസ്ഥാന സർക്കാർ കൈമാറണം. യാത്രക്കാരുടെ ഭക്ഷണം, സുരക്ഷ, ആരോഗ്യ പരിശോധന എന്നിവയും സർക്കാരിന്റെ ചുമതലയാണെന്ന് റയിൽവേ സർക്കുലർ പറയുന്നു. ട്രെയിനിൽ സാമൂഹിക അകലം പാലിക്കുന്ന രീതിയില്‍ 90 ശതമാനം യാത്രക്കാർ ഉണ്ടായിരിക്കണം.

സ്ലീപ്പർ കോച്ച് ടിക്കറ്റ് നിരക്കിന് പുറമെ അമ്പത് രൂപ അധിക ചാർജും റയിൽവേ ഈടാക്കുന്നുണ്ട്. കേരളത്തിൽ നിന്നും ഇതുവരെ പുറപ്പെട്ട എല്ലാ ട്രെയിനുകളുടെയും ചെലവ് സംസ്ഥാന സർക്കാരാണ് വഹിച്ചിട്ടുള്ളത്. തൊഴിലാളികളുമായി തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന് ഝാർഖണ്ഡിലെത്തിയ രണ്ട് ട്രെയിനുകളുടെ ടിക്കറ്റ് തുക ഝാർഖണ്ഡ് സര്‍ക്കാർ നൽകിയിട്ടുണ്ട്. പകരം ഝാർഖണ്ഡിൽ നിന്ന് തെലങ്കാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്കുള്ള തൊഴിലാളികളുടെ ചെലവ് അതത് സംസ്ഥാനങ്ങൾ വഹിക്കും. ഗുജറാത്തിൽ നിന്നും പുറപ്പെട്ട ട്രെയിന്റെ ചെലവിൽ ഒരു വിഹിതം സന്നദ്ധ സംഘടനയാണ് വഹിച്ചിട്ടുള്ളത്. അതേസമയം തൊഴിലാളികൾ ഒരു വിഹിതം നൽകണമെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുണ്ട്.

you may also like this video;