Web Desk

കൊല്ലം

July 31, 2021, 9:46 am

രേവതിയുടെ സംസ്കാരം ഇന്ന്; ഗൾഫിലുള്ള ഭര്‍ത്താവ് സൈജു എത്തും

Janayugom Online

കഴിഞ്ഞ ദിവസം കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത കിഴക്കേകല്ലട സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണന്റെ സംസ്കാരം ഇന്ന് നടക്കും. ശനിയാഴ്‌ച പകൽ 11ന്‌ രേവതിയുടെ വീടായ ഓതിരമുകൾ കല്ലുംമൂട് കുഴിവിള വീട്ടിലാണ് ചടങ്ങ്. ഗൾഫിലുള്ള ഭർത്താവ് സൈജു ഇന്ന് നാട്ടിൽ എത്തും. മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ ഇൻക്വസ്റ്റ്‌ നടപടികൾ പൂർത്തീകരിച്ചശേഷം കൊല്ലം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന്‌ ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്‌.

രേവതി കൃഷ്ണനും സ്ത്രീധനപീഢനത്തിന്റെ ഇരയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവാഹ വേളയിൽ സ്വർണം കുറഞ്ഞുപോയെന്ന ഭർതൃ വീട്ടുകാരുടെ കുറ്റപ്പെടുത്തലിനെ തുടർന്നെന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതുകൂടാതെ രേവതി ഭര്‍ത്താവിനയച്ച വാട്സാപ്പ് സന്ദേശവും സ്ത്രീധന പീഢനത്തിലേക്കാണ് വിരല്‍ച്ചൂണ്ടുന്നത്.

‘നിങ്ങളുടെ അച്ഛന് കൂടുതൽ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാൻ പോകുന്നു’ എന്ന് വിദേശത്തുള്ള ഭര്‍ത്താവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി വീടുവിട്ടിറങ്ങിയത്. വാട്സാപ്പ് സന്ദേശം കിട്ടിയതിന് പിന്നാലെ സൈജു രേവതിയെ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോണ്‍ എടുത്തില്ല. ഉടൻ തന്നെ രേവതിയുടെ മാതാവിനെവിളിച്ചുവിവരം പറഞ്ഞു. മാതാവ് ഫോണ്‍ വിളിച്ചിട്ട് ബെല്‍ അടിച്ചതേയുള്ളു. അവർ ഓട്ടോറിക്ഷ വിളിച്ച് കിഴക്കേ കല്ലട സൈജുവിന്റെ വീട്ടിലെത്തി എന്നാല്‍ ഫോണ്‍ വച്ചിരിക്കുന്നതാണ് കണ്ടത്. പരിസരത്ത് കാണാതെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടി ആറ്റില്‍ ചാടിയ വിവരമറിയുന്നത്. വ്യാഴാഴ്ച പകൽ 11മണിക്ക് കടപുഴ പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പ്രദേശവാസികളും പൊലീസും രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

രേവതിയും സൈജുവും കഴിഞ്ഞ വർഷം ആഗസ്റ്റ്‌ 30നാണ്‌ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛൻ ബാലൻ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കൾ പറഞ്ഞു. കോവിഡ് കാലമായതിനാല്‍ വിവാഹത്തിന് ആഭരണങ്ങള്‍ വാങ്ങുന്നതിനൊന്നും സാധിച്ചിരുന്നില്ല. വിവാഹത്തിന് ശേഷം ഭര്‍തൃവീട്ടിലെത്തിയപ്പോള്‍ ഇതിനെച്ചൊല്ലി കളിയാക്കലും മറ്റും തുടര്‍ന്നെന്നാണ് പരാതി.

കാലില്‍ കിടക്കുന്ന വെള്ളിക്കൊലുസ് എത്രപവനാണെന്ന് ഭര്‍തൃപിതാവ് നിരന്തരം കളിയാക്കി ചോദിച്ചു. പിന്നീട് രേവതിയുടെ വീട്ടുകാര്‍ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ലഭിച്ച വിവാഹധനസഹായമായ 70,000 രൂപകൊണ്ട് സ്വര്‍ണകൊലുസ് വാങ്ങിനല്‍കി. പിന്നീട് സ്വര്‍ണമാലയെച്ചൊല്ലിയായി മാനസികപീഡനമെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ കിഴക്കേ കല്ലട പൊലീസ് അന്വേഷണം തുടങ്ങി. രേവതിയുടെ മൊബൈൽ ഫോണും ഡയറിയും സൈജുവിന്റെ വീട്ടിൽനിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ — 1056, 0471- 2552056)

Eng­lish sum­ma­ry: Revathy death followup

You may also like this video: