May 28, 2023 Sunday

Related news

September 9, 2022
January 19, 2020
December 29, 2019
December 28, 2019
December 27, 2019
December 24, 2019
December 24, 2019
December 24, 2019
December 23, 2019
December 22, 2019

വിപ്ലവം പൂക്കുന്ന കലാലയങ്ങൾ

Janayugom Webdesk
December 17, 2019 10:15 pm
Valsan Ramamkulath

വത്സൻ രാമംകുളത്ത്

ന്ത്യൻ കലാലയങ്ങളിൽ വിപ്ലവം പൂവിടുകയാണ്. നാളെയുടെ നല്ല സൂര്യോദയം പോലെ അതൊരു വര്‍ണ വസന്തമായി ചൊരിയും. കലാലയങ്ങളാണ് എന്നും രാഷ്ട്രീയ ചലനങ്ങൾക്ക് നായകത്വം വഹിച്ചിട്ടുള്ളത്. ആ ചരിത്രം ഇന്ത്യൻ കലാലയങ്ങള്‍ പുതുക്കുകയാണ്. പുതുതലമുറയുടെ രാഷ്ട്രീയ പക്വതയോടെത്തന്നെ. ഇന്ത്യൻ ദേശീയതയ്ക്ക് മങ്ങലേല്പിക്കുന്ന പൗരത്വ നിയമഭേദഗതി റദ്ദാക്കുകയല്ലാതെ മതേതരത്വത്തിന്റെ വീണ്ടെടുപ്പാവില്ലെന്ന ബോധ്യമാണ് കലാലയങ്ങളെ ഇന്ന് നയിക്കുന്നത്. കലാലയങ്ങ­ളിലെ പ്രതിരോധങ്ങളെയും പോരാട്ടങ്ങളെയും കലാപങ്ങളായി മുദ്രകുത്തി അവഗണിക്കുകയല്ല വേണ്ടത്. രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കും സമാധാനത്തി­നും വേണ്ടി അവർക്കൊപ്പം അണിചേരുകയാണ് അനിവാര്യം. ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾ ചിന്തിയ ചോര, ഇന്ത്യൻ മതേതരത്വത്തിന് ജീവൻ പകരുന്നതിനാണ്. നരേന്ദ്രമോഡിയും അമിത്ഷായും ആർഎസ്എസും ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനയെ പിച്ചിചീന്താൻ നടത്തുന്ന വിധ്വംസക നീക്കങ്ങളെ ചെറുക്കുന്നതിനുള്ള ഊർജമാണ് ഇന്ത്യൻ കലാലയങ്ങളിൽ നിന്നു പകരുന്നത്. ഭരണസിരാ കേന്ദ്രമായ ഡൽഹിയാകെ പ്രതിഷേധാഗ്നിയിലാണ്. ജാമിയയിലെയും ജെഎൻയുവിലെയും വിദ്യാർഥിക്കൂട്ടം പൊലീസ് ആസ്ഥാനത്ത് രാത്രിയോളം നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കിയതും അറസ്റ്റിലായവരെ വിട്ടയക്കേണ്ടിവന്നതും ഇന്ത്യകണ്ടു.

കൽക്കാജി സ്റ്റേഷനിൽ 35 പേരെയും ന്യൂ ഫ്രണ്ട്സ് കോളനി സ്റ്റേഷനിൽ 15 പേരെയുമാണ് അറസ്റ്റുചെയ്തെത്തിച്ചത്. കലാലയത്തിലും സ്റ്റേഷനിലും വച്ച് വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതിയുണ്ട്. കസ്റ്റഡിയിലിരിക്കെ പൊലീസ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും വിദ്യാർഥികൾ പറയുന്നു. സമാധാനപരമായി പ്രതിഷേധപ്രകടനം നടത്തിയ വിദ്യാർഥികൾക്കുനേരെയാണ് ഡൽഹി സർവകലാശാലയിൽ കയറി പൊലീസ് ലാത്തിചാർജ്ജ് നടത്തിയതും മർദ്ദിച്ചതും. പൊലീസിനൊപ്പം എബിവിപിക്കാരും മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കാവിഭീകരതയെ തുറന്നുകാട്ടുന്നു. വിദ്യാർഥികൾ പ്രതിഷേധിക്കുന്നതിനിടെ ഡൽഹി യൂണിവേഴ്‌സിറ്റിയിലെ നിയമ വിദ്യാർഥിയും എബിവിപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ഭാരത് ശർമ്മ, വിദ്യാർഥിയെ ചവിട്ടുന്നതിന്റെയും അധിക്ഷേപിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് രാജ്യം ലജ്ജയോടെ കണ്ടത്. വിദ്യാർഥികളെയും പൊതുജനങ്ങളെയും കൂടുതൽ പ്രകോപിതരാക്കുന്നതിനും അടിച്ചമര്‍ത്താനുമാണ് പൊലീസും കേന്ദ്ര സർക്കാരും ശ്രമിക്കുന്നത്. പൊലീസ് നടപടികളോടെ വംഗനാടും ത്രിപുരയും തമിഴ്‌നാടും പോരാട്ടച്ചൂടിൽനിന്ന് മുക്തമായിട്ടില്ല. അസമിലെ പ്രതിഷേധവും തണുപ്പിക്കാനായില്ല. പൊതുമുതൽ നശിപ്പിക്കുന്നതും പൊതുജനങ്ങളെ ഭീതിയിലാക്കുന്നതും നിയമ നിർമ്മാണവുമായി യാതൊരു ബന്ധമില്ലാത്ത ട്രെയിൻ യാത്രക്കാരെ തടഞ്ഞിടുന്നതും ന്യായീകരണം അര്‍ഹിക്കുന്നതല്ല. എന്നാൽ ഭരണകൂട തന്ത്രങ്ങളുടെ ഭാഗമായി പൊലീസും ആർഎസ്എസ് അക്രമികളും പ്രതിഷേധങ്ങൾക്കിടയിൽ ആ­സൂത്രിത അതിക്രമങ്ങൾ നടത്തുന്നുണ്ട്. ഡൽഹിയിൽ ബസ് കത്തിച്ചത് പൊലീസെന്നാണ് ആ­ക്ഷേപം. ഇതിനുശേഷമാണ് പൊലീസ് നരനായാട്ട് വ്യാപകമാക്കിയത്. അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് പൗരത്വ ഭേദഗതി നിയമം ബാധകല്ലെന്ന് പറയുന്നെങ്കിലും കേന്ദ്രസർക്കാരിനെ വിശ്വാസത്തിലെടുക്കാൻ ഇവിടത്തെ ജനങ്ങൾക്കായിട്ടില്ല. ഭീതിയുടെ നിഴലിലാണ് അരുണാചലിൽ ഉൾപ്പെടെയുള്ളവർ. തങ്ങളുടെ ആശങ്ക തുറന്നുപറഞ്ഞ് മൂന്ന് സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികൾ രംഗത്തുവന്നതും ശ്രദ്ധേയമാണ്. വിദ്യാർഥികൾ പരീക്ഷ ബഹിഷ്ക്കരിച്ചാണ് ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തിയത്. ഇന്ത്യാ ഗേറ്റിന് മുന്നിൽ മനുഷ്യചങ്ങലയും തീർത്തു. ലഖ്‌നൗ സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ പുറത്തിറങ്ങാതിരിക്കാന്‍ പൊലീസ് ഗേറ്റ് പൂട്ടിയിട്ട സംഭവം ഉണ്ടായി. പൊലീസ് അറസ്റ്റുചെയ്തവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാർഥികളാണ് പ്രക്ഷോഭം നയിച്ചത്. കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഡി രാജയും മഹിളാ ഫെഡറേഷന്റെ ജനറൽ സെക്രട്ടറി ആനി രാജയും ആംആദ്മി നേതാവ് ചന്ദ്രശേഖർ ആസാദുമെല്ലാം അവിടെയെത്തി അവർക്ക് ഐക്യം നേർന്നു. വിദ്യാർഥികൾക്കുനേരെ വരുന്ന വെടിയുണ്ടകളിലാദ്യത്തേത് ഏറ്റുവാങ്ങുന്നതിനാണ് തങ്ങളിവിടെ എത്തിയതെന്ന് നേതാക്കൾ പ്രഖ്യാപിച്ചത് ആവേശമായി. വിട്ടുകിട്ടിയിട്ടേ പുതിയതലമുറയുടെ പടപ്പാട്ടുകാർ പൊലീസ് ആസ്ഥാനത്തുനിന്ന് മടങ്ങിയുള്ളൂ. അതൊരു സംഘശക്തിയുടെ വിജയമാണ്. ആ വിജയഗാഥ പാടി ഇന്ന് രാജ്യത്തെ വിവിധങ്ങളായ സർവകലാശാലകളെല്ലാം പൗരരെ ഭിന്നിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ മുന്നേറുകയാണ്.

ജാമിയ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി അലിഗഡ്, ജെഎൻയു വിദ്യാര്‍ഥികൾ രംഗത്തെത്തിയതിനുപിറകെ, ഡല്‍ഹി സര്‍വകലാശാലയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ഹൈദരാബാദ് മൗലാന ആസാദ് ഉര്‍ദു സര്‍വകലാശാലയിലും ജാദവ്പുര്‍ സര്‍വകലാശാലയിലും അലഹബാദ് സർവകലാശാലയിലും ബോംബെ ഐഐടിയിലുമെല്ലാം പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. പുതുച്ചേരി സർവകലാശാല പട്ന സർവകലാശാല, ചണ്ഡീഗഢ് സർവകലാശാല, തമിഴ്‌നാട് മദ്രാസ് ഐഐടി, ചെന്നൈ ലൊയോള കോളജ്, തെലങ്കാന ഹൈദരാബാദ് മൗലാന ആസാദ് ഉറുദു സർവകലാശാല, പശ്ചിമബംഗാൾ കൊൽക്കത്ത മാധവ്പൂർ സർവകലാശാല എന്നിവിടങ്ങളിലെല്ലാം വിദ്യാർഥികൾ കേന്ദ്രസർക്കാരിന്റെ ദേശദ്രോഹ‑ഭരണഘടനാ വിരുദ്ധ നയത്തിനെതിരെ പ്രതിഷേധത്തിച്ച് തെരുവിലേക്കിറങ്ങി. പ്രക്ഷോഭങ്ങളെ ഭയന്ന് തെക്കു-കിഴക്കൻ ഡൽഹിയിലെ വിദ്യാലയങ്ങൾക്കെല്ലാം സർക്കാർ നിർബന്ധിത അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കേന്ദ്ര സർവകലാശാലകളായ ഹാർവാഡിലും ഓക്സ്ഫോഡിലും വിദ്യാർഥികള്‍ പ്രക്ഷോഭം ഏറ്റെടുത്തതും ഗൗരവമായി കാണണം. ഇങ്ങ് തെക്ക് കേരളത്തിലെ കലാലയങ്ങളിലും വിദ്യാർഥികൾ പ്രതിഷേധത്തിന്റെ കാറ്റുവീശി. കൊച്ചി കുസാറ്റിൽ പ്രതിഷേധത്തിനെതിരെ പൊലീസ് ബലപ്രയോഗവും മർക്കടമുഷ്ടിയും നടന്നു. പ്രതിഷേധത്തിനിടെ ഒരു വിദ്യാർഥിയെ പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധത്തിൽ പങ്കെടുത്തു. വൈസ് ചാൻസലർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചി സർവകലാശാല അങ്കണത്തിലെത്തിയ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിദ്യാർഥികൾ തടഞ്ഞതും പ്രതിഷേധത്തിന്റെ വീര്യം തെളിയിക്കുന്നതായി. ഗവർണറെ തടഞ്ഞതിന്റെ പേരിൽ 24 വിദ്യാർഥികളെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കണ്ണൂരിൽ കോളജ് യൂണിയനുകൾ സംയുക്തമായും അല്ലാതെയും സമരച്ചങ്ങല സൃഷ്ടിച്ചു. എറണാകുളം ലോകോളജിലെ വിദ്യാർഥികൾ പൗരത്വഭേദഗതി നിയമത്തിന്റെ പകർപ്പ് കടലിൽ തള്ളി പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി നിയമത്തിനും ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെ നടന്ന പൊലീസ് അക്രമത്തിലും പ്രതിഷേധിച്ച് ബിഹാറിൽ സിപിഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ ചെയർമാനുമായ കനയ്യ കുമാർ നടത്തിയ പ്രതിഷേധറാലിയിൽ പങ്കെടുത്തത് ലക്ഷക്കണക്കിനാളുകളാണ്. കനയ്യയുടെ ‘ആസാദി’ മുദ്രാവാക്യം ജനങ്ങൾ ഏറ്റുവിളിക്കുന്നതിന്റെ വീഡിയോ ഇതിനോടകം ലാകത്താകമാനം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. കോടിക്കണക്കിനാളുകളാണ് ഇത് വീക്ഷിച്ചതും പരസ്പരം പങ്കുവച്ചതും. ‘ഞങ്ങളെ പൗരന്മാരായി കണക്കാക്കുന്നില്ലെങ്കിൽ, നിങ്ങളെ ഞങ്ങൾ സർക്കാരായും കണക്കാക്കില്ല’ എന്നായിരുന്നു പുർനിയയിൽ നടന്ന റാലിയിൽ കനയ്യ പറഞ്ഞത്. ‘നിങ്ങൾക്ക് പാർലമെന്റിൽ ഭൂരിപക്ഷം കാണാം. പക്ഷേ തെരുവുകളിൽ ഞങ്ങൾക്കാണു ഭൂരിപക്ഷം. ഹിന്ദുക്കളുടെയോ മുസ്ലിങ്ങളുടെയോ അല്ല പോരാട്ടം. ഞങ്ങൾക്ക് സവർക്കറുടെ രാജ്യമല്ല ആവശ്യം. ഞങ്ങൾക്ക് പ്രജ്ഞാ താക്കൂറിന്റെ ഇന്ത്യയല്ല വേണ്ടത്. ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറുടെയുമാണ്. ഇതു ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ്’. കനയ്യയുടെ ഈ ആഹ്വാനം രാജ്യത്തെ വിദ്യാർഥികൾ മാത്രമല്ല ഗ്രാമങ്ങളും പട്ടണങ്ങളും നെഞ്ചോടുചേർക്കുന്നു. ‘ഈ സർക്കാർ ന്യൂനപക്ഷ വിരുദ്ധമാണ്, വിദ്യാർഥികൾക്കും ദരിദ്രർക്കും എതിരാണ്. ഇതു സഹിക്കാനാവുന്നില്ല. ഞങ്ങളെ നിശബ്ദരാക്കാനുമാവില്ല. ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശം മതി. ആരുടെയും ഔദാര്യം വേണ്ട’ എന്ന് ജാമിയയിലെ എംഎ ഹ്യൂമൻ റൈറ്റ്സ് വിദ്യാർഥി മുഹമ്മദ് വസിം ഖാന് ഭരണകൂടത്തോട് വിളിച്ചുപറയാന്‍ ഊർജം പകർന്നുകിട്ടിയത്. ആ കുരുത്ത് രാജ്യമാകെ പടരുകതന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.