Web Desk

ലഖ്നൗ:

January 31, 2021, 8:50 pm

കഫീൽഖാനെതിരെ വീണ്ടും പ്രതികാര നടപടി

*സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽപ്പെടുത്തി
Janayugom Online

ഗോരഖ്പൂരിലെ ബാബാ രാഘവ്ദാസ് (ബിആർഡി) മെഡിക്കൽ കോളജിലുണ്ടായ കുട്ടികളുടെ കൂട്ടമരണം സർക്കാർ അനാസ്ഥയാണ് കാരണമെന്ന് വെളിപ്പെടുത്തിയതിന് ആദിത്യനാഥ് സർക്കാർ വേട്ടയാടുന്ന ഡോ. കഫീൽ ഖാനെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇദ്ദേഹം ഉൾപ്പെടെ 80 പേരെയാണ് ഗോരഖ്പൂർ പൊലീസ് പട്ടികയിൽ ഉൾപ്പെടുത്തിയത്. പൊലീസ് സൂപ്രണ്ട് ജോഗേന്ദ്രകുമാറിന്റെ നിർദ്ദേശപ്രകാരമാണ് പട്ടിക തയ്യാറാക്കിയതെന്ന് അധികൃതർ അറിയിച്ചു. ഇതോടെ ഗോരഖ്പൂർ ജില്ലയിൽ മാത്രം ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ പട്ടികയിൽ 1,543 പേരായി. കഴിഞ്ഞ ജൂണിൽ തന്നെ ഇതിനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചിരുന്നുവെന്നും വെള്ളിയാഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കുക മാത്രമാണുണ്ടായതെന്നും കഫീൽ ഖാന്റെ സഹോദരൻ അദീൽ ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

യുപി സർക്കാർ തന്റെ ക്രിമിനൽ പശ്ചാത്തലം കണ്ടെത്തിയിരിക്കുന്നു, അവരെന്റെ ജീവിതം നിരീക്ഷിക്കുമെന്നാണ് പറയുന്നത്, നല്ലത്, രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ അനുവദിക്കൂ, അങ്ങനെയെങ്കിൽ എനിക്കെന്റെ ജീവനെങ്കിലും രക്ഷിക്കാനാകുമല്ലോ എന്നായിരുന്നു ഇതിനോട് വീഡിയോ സന്ദേശത്തിൽ കഫീൽ ഖാന്റെ പ്രതികരണം. ഉത്തർപ്രദേശിൽ യഥാർത്ഥ കുറ്റവാളികൾ നിരീക്ഷിക്കപ്പെടുന്നില്ല, നിഷ്കളങ്ക മനുഷ്യരുടെ ക്രിമിനൽ പശ്ചാത്തലമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ലാണ് ബിആർഡി മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭ്യതക്കുറവു കാരണം കുട്ടികളുടെ കൂട്ടമരണമുണ്ടായത്. ആ ഘട്ടത്തിൽ അടിയന്തരമായി ഓക്സിജൻ സിലിണ്ടറുകൾ സജ്ജീകരിച്ച് നിരവധി കുട്ടികളുടെ രക്ഷകനായെങ്കിലും വെളിപ്പെടുത്തലുകളുടെ പേരിൽ അദ്ദേഹത്തെയും മറ്റ് ചില ഡോക്ടർമാർ, ജീവനക്കാർ എന്നിവർക്കൊപ്പം ജയിലിൽ അടച്ചിരുന്നു.

പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കഫീൽ ഖാനെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഘട്ടത്തിൽ കഴിഞ്ഞവർഷം ജനുവരിയിൽ അലിഗഡ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ വീണ്ടും ദേശസുരക്ഷാ നിയമത്തിലെ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. സെപ്റ്റംബർ ഒന്നിന് അലഹബാദ് ഹൈക്കോടതി ഖഫീൽഖാനെതിരായ ദേശസുരക്ഷാ വകുപ്പുകൾ റദ്ദാക്കുകയും ഉടൻ പുറത്തിറക്കണമെന്ന് ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

ENGLISH SUMMARY: Revenge against Kafeel Khan again

YOU MAY ALSO LIKE THIS VIDEO