Janayugom Online
heavy rain in kottayam janayugom

മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജീവനക്കാരെ അനുമോദിച്ചു

Web Desk
Posted on July 23, 2018, 11:49 pm

തിരുവനന്തപുരം: രൂക്ഷമായ വെള്ളപ്പൊക്ക കെടുതിയില്‍ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന റവന്യൂ ജീവനക്കാരെ കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ അനുമോദിച്ചു. ദിവസങ്ങളോളം സ്വന്തം കുടുംബത്തില്‍പ്പോലും പോകാതെ ഓഫീസുകളില്‍ തങ്ങി മഴവെള്ളക്കെടുതി അനുഭവിക്കുന്നവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണിവര്‍. ദുരിതമനുഭവിക്കുന്നവരുടെ താമസത്തിനും ഭക്ഷണത്തിനും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും നൂറുകണക്കിന് വില്ലേജ്-താലൂക്ക് ഉദ്യോഗസ്ഥരാണ് രംഗത്തുള്ളത്. ഒരു ആക്ഷേപങ്ങള്‍ക്കും ഇടനല്‍കാതെ വളരെ സ്തുത്യര്‍ഹമായ സേവനമാണ് രണ്ടാഴ്ചയിലേറെയായി റവന്യൂ ജീവനക്കാര്‍ ഈ മേഖലയില്‍ ചെയ്തുവരുന്നത്. ദുരിതസ്ഥലത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും വരെ ശ്ലാഘിച്ച പ്രവര്‍ത്തനങ്ങളാണ് റവന്യൂ വകുപ്പും ജീവനക്കാരും ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. സ്വന്തം കടമ നിര്‍വഹിക്കുന്നതില്‍ അക്ഷീണം പ്രയത്‌നിക്കുന്ന റവന്യൂ ജീവനക്കാര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ ജീവനക്കാര്‍ക്ക് ഓണറേറിയം അനുവദിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എറണാകുളത്ത് ചേര്‍ന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുവാന്‍ ജോയിന്റ് കൗണ്‍സില്‍ സാംസ്‌കാരിക വേദി നന്മ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സഹായസഹകരണങ്ങള്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ജി മോട്ടിലാല്‍, വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ, കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡന്റ് എ സുരേഷ്‌കുമാര്‍, ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, ട്രഷറര്‍ ജി സുധാകരന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.