24 April 2024, Wednesday

Related news

January 29, 2024
June 5, 2023
February 22, 2023
February 16, 2023
June 10, 2022
March 26, 2022
March 5, 2022
January 4, 2022
December 19, 2021
December 17, 2021

റവന്യുവകുപ്പ് സേവനങ്ങള്‍ ഇനി ഡിജിറ്റല്‍; ഉദ്ഘാടനം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
September 9, 2021 8:42 am

റവന്യു വകുപ്പില്‍നിന്നുള്ള സേവനങ്ങള്‍ ഡിജിറ്റലാകുന്നു. ഭൂനികുതി മൊബൈല്‍ ആപ്പ് വഴി ഓണ്‍ലൈനായി ഒടുക്കുന്നതടക്കം ഏഴ് സേവനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.

രാവിലെ 11.30ന് അയ്യന്‍കാളി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് പദ്ധതി.

ഭൂനികുതി അടയ്ക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍, തണ്ടപ്പേര്‍ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍ എന്നിവയുടെ ഡിജിറ്റൈസേഷന്‍ പൂര്‍ത്തീകരണം, എഫ്എംബി സ്‌കെച്ച്, ലൊക്കേഷന്‍ സ്‌കെച്ച് എന്നിവ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ മൊഡ്യൂള്‍ എന്നിവയാണ് നാടിനു സമര്‍പ്പിക്കുന്നത്. നവീകരിച്ച ഇ‑പേയ്‌മെന്റ് പോര്‍ട്ടല്‍, 1666 വില്ലേജുകള്‍ക്ക് പ്രത്യേക ഔദ്യോഗിക വെബ്‌സൈറ്റുകള്‍, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ മൊഡ്യൂള്‍ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 

ഇന്ന് മുഖ്യമന്ത്രി സമർപ്പിക്കുന്ന ഡിജിറ്റൽ സേവനങ്ങൾ;


1.ഇ- പേയ്മെന്റ് ആപ്ലിക്കേഷൻ : വില്ലേജ് ഓഫീസുകൾ മുഖേന സ്വീകരിച്ചിരുന്ന ഭൂനികുതി മൊബൈൽഫോൺ മുഖേന ആയാസ രഹിതമായി ഒടുക്കുന്നതിനുള്ള സംവിധാനമാണിത്. വർഷാ വർഷം ഒടുക്കേണ്ട ഭൂനികുതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് എസ്എംഎസ് മുഖേന അറിയിപ്പ് നൽകുന്നതിനും ഒടുക്കിയിട്ടുള്ള ഭൂനികുതി രസീത് ഏത് സമയത്തും ഡൗൺലോഡ് ചെയ്യുന്നതിനും നെറ്റ് ബാങ്കിങ്ങ്, യുപിഐ സംവിധാനങ്ങളിലൂടെ നികുതി ഒടുക്കുന്നതിനും ഈ ആപ്ലിക്കേഷനിൽ സൗകര്യമുണ്ട്.

2. ഫീൽഡ് മെഷർമെന്റ് സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട് ലൊക്കേഷൻ മാപ്പ് എന്നിവ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള മോഡ്യൂൾ:
സംസ്ഥാനത്തെ ഡിജിറ്റൽ സർവേ പൂർത്തിയാക്കിയ വില്ലേജുകളിൽ എഫ്എംബി സ്കൈച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനായി സമർപ്പിക്കുന്നതിനും അനുവദിക്കുന്ന സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡ് ചെയ്യുന്നതിനും സാധിക്കും.

3. ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള മോഡ്യൂൾ: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ ഭേദഗതി സംബന്ധിച്ച് വ്യാപക പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് പരിഹരിക്കുന്നതിന് പ്രസ്തുത അപേക്ഷകൾ സമർപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ഓൺലൈൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. അപേക്ഷയുടെ പുരോഗതി ഓൺലൈനായി നിരീക്ഷിക്കാൻ കഴിയുന്നതിനൊപ്പം അപാകതകളും ഓൺലൈനായി പരിഹരിക്കാനാകും.

4. അടിസ്ഥാന നികുതി രജിസ്റ്റർ, തണ്ടപ്പേർ അക്കൗണ്ട് എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം: സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലേയും അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവേ, ഭൂമി ഏറ്റെടുക്കൽ മുതലായവയുടെ വേഗത വർധിപ്പിക്കുന്നതോടൊപ്പം കോടതി, ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഡേറ്റ ഉപയുക്തമാക്കുന്നതിനും കഴിയും.

5. വില്ലേജ് ഓഫീസുകൾക്ക് വെബ്സൈറ്റ്:
പ്രാദേശിക വികസനങ്ങൾക്കുള്ള ഉപാധികളായി ഡിജിറ്റൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകൾക്കും വെബ്സൈറ്റ് ഏർപ്പെടുത്തുന്നത്. പൊതുജനങ്ങൾക്ക് തങ്ങളുടെ വില്ലേജിനെ കുറിച്ച് അറിയുക എന്നതിലുപരി സമഗ്രമായ ഒരു വിവരവിനിമയ ഉപാധി കൂടിയാക്കി ഈ വെബ്സൈറ്റുകൾ ഉയർത്തും.

6. റവന്യു ഇ സർവീസ് പോർട്ടൽ നവീകരണം, ക്വിക് പേ സംവിധാനം:
പൊതുജനങ്ങൾക്ക് നികുതികളും വിവിധ ഫീസുകളും ആയാസ രഹിതമായി ഒടുക്കുന്നതിന് ഇ സർവീസ് പോർട്ടൽ നവീകരിച്ച് “ക്വിക് പേ” എന്ന സംവിധാനം കൂടി ഏർപ്പെടുത്തി.

7. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ നൽകുന്നതിനുള്ള ഓൺലൈൻ മോഡ്യൂൾ: അർബുദം, കുഷ്ഠം, ക്ഷയം എന്നീ രോഗ ബാധിതർക്ക് പെൻഷൻ നൽകുന്ന നിലവിലുള്ള സംവിധാനം ഓൺലൈനിലേക്ക് മാറ്റപ്പെടുന്നു.

Eng­lish summary;Revenue Depart­ment ser­vices set up in digital
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.