വീടും മണ്ണും പോയവർ പുനരധിവാസത്തിലേക്ക്

കല്പറ്റ:കാലവര്‍ഷത്തിനിടെ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴല്‍ എന്നിവമൂലം കൃഷി-വാസസ്ഥലം നശിച്ചവരുടെ പുനരധിവാസം വെല്ലുവിളിയായി ഏറ്റെടുത്ത് റവന്യൂ വകുപ്പ്. നശിച്ചതിനു തുല്യ അളവില്‍ നല്കണമെങ്കില് നൂറുകണക്കിനു ഏക്കര്‍ ഭൂമിയാണ് ജില്ലാ ഭരണകൂടം കണ്ടത്തേണ്ടത്.
ജില്ലാ മണ്ണുസംരക്ഷണ വിഭാഗം നടത്തിയ പഠനപ്രകാരം ജില്ലയില്‍ 724 ഏക്കറിലായി 1,221 കുടുംബങ്ങൾ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴ്ന്നതിനും നേരിട്ട് വിധേയരായി. ഭൂരഹിത ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനു ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് കൂടുതല്‍ ഭാരം ജില്ലാ ഭരണകൂടത്തിന്റെ ചുമലിലായത്.
ചെറുതും വലുതമായ 47 ഉരുള്‍പൊട്ടലുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉരുള്‍പൊട്ടലില്‍ വൈത്തിരി, മാനന്തവാടി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലായി 331.42 ഏക്കര്‍ ഭൂമി ഒലിച്ചുനീങ്ങി. മണ്ണിടിഞ്ഞ് 146.42 ഏക്കര്‍ ഭൂമി നശിച്ചു. ഭൂമി വിണ്ടുകീറല്‍ പ്രതിഭാസം മൂലം 193.42 ഏക്കര്‍ സ്ഥലം കൃഷിക്കും വാസത്തിനും യോഗ്യമല്ലതായി. ജില്ലയില്‍ 155 ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഉരുള്‍പൊട്ടലില്‍ വൈത്തിരി താലൂക്കിലെ പൊഴുത പഞ്ചായത്തില്‍ മാത്രം 243.5 ഏക്കര്‍ ഭൂമിയാണ് ഉപയോഗശൂന്യമായത്. വൈത്തിരി പഞ്ചായത്തില്‍ 31.37 ഏക്കര്‍ ഭൂമി ഒലിച്ചുപോയി. ഭൂമി വിണ്ടുകീറല്‍ പ്രതിഭാസംമൂലം മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 167 ഏക്കര്‍ ഭൂമിയെ ബാധിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമി വിണ്ടുകീറല്‍ സാധ്യതയില്ലാത്ത പ്രദേശങ്ങളിലാണ് പുനരധിവാസത്തിനായി ഭൂമി കണ്ടത്തേണ്ടത്.
പ്രകൃതിദുരന്തത്തില്‍ വീടും കൃഷിയും നശിച്ചവരുടെ പുനരധിവാസം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും രൂപരേഖയായില്ല. ഭൂമി നശിച്ചവര്‍ക്കു തുല്യ അളവില്‍ പകരം ഭൂമി നല്‍കുമോ എന്നതില്‍ വ്യക്തതയില്ല. പുനരധിവാസം പൂര്‍ത്തിയാകണമെങ്കില്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കുമെന്നാണ് വിദഗ്ദാഭിപ്രായം. പുരനധിവാസ പ്രക്രിയയ്ക്കു ജില്ലാ ഭരണകൂടം തുടക്കമിട്ടിട്ടുണ്ട്.
സ്ഥിരമായി വെള്ളപ്പൊക്കം ഉണ്ടാകുന്ന പ്രദേശങ്ങളിലെ ആറു കോളനികളിലെ ആദിവാസി കുടുംബങ്ങളെയാണ് ആദ്യഘട്ടത്തില്‍ പുനരധിവസിപ്പിക്കുന്നത്. ബത്തേരി താലൂക്കിലെ കാക്കത്തോട്- പുഴംകുനി,വെള്ളച്ചാല്‍, ചാടകപ്പുര, പാളക്കൊല്ലി, മാനന്തവാടി താലൂക്കിലെ പനമരം മാത്തൂര്‍പൊയില്‍, വൈത്തിരി താലൂക്കിലെ കോട്ടത്തറ വൈശ്യന് കോളനിയുമാണ് പുനരധിവാസത്തിന്റെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ കോളനികളിലുള്ള 145 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനു ആവശ്യമായ 30.83 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണെന്നു ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് ഭൂമി കണ്ടെത്തിയത്.