നദീ സംരക്ഷണത്തിന് സംഘടിതശ്രമം വേണം: മന്ത്രി ഇ ചന്ദ്രശേഖരൻ

Web Desk
Posted on December 18, 2019, 9:05 pm

തിരുവനന്തപുരം: മാനവസംസ്കാരത്തിന്റെ ഉറവിടങ്ങളായ നദികൾ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റിൽ നദീപരിപാലനത്തിന് ജൈവമാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകൾ നിലച്ചാൽ ജീവന്റെ നിലനിൽപ്പ് ഇല്ലാതാകും. ഇതിനെതിരെ സംഘടിതമായി പരിശ്രമിച്ചാൽ നദീപുനരുജ്ജീവനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ജലവും മണലുമുൾപ്പെടെയുള്ളവ കമ്പോളത്തിലെത്തിക്കുന്നതിന് വലിയ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്.

പ്രകൃതി വിഭവങ്ങൾ ഭാവിതലമുറയിൽ നിന്ന് കടംകൊണ്ടവയാണെന്ന ചിന്ത എല്ലാവർക്കുമുണ്ടാകണം. ഭാവി തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിച്ചു നിർത്താൻ വലിയ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. നദീതടത്തിന്റെയും ജലത്തിന്റെയും സംയോജിത സംരക്ഷണ പരിപാലനത്തിന് നവകേരള നിർമ്മിതിയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കേണ്ട ജൈവമാർഗ്ഗങ്ങൾ വിശകലനം ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.

you may also like this video

നദീപരിപാലനത്തിനായി ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്ന ജൈവമാർഗ്ഗങ്ങൾ, നദീസംരക്ഷണ ജൈവമാർഗ്ഗ കർമ്മ പദ്ധതി തയ്യാറാക്കൽ, നദികളുടെ പുനരുജ്ജീവനത്തിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പങ്കാളിത്തം, ജലസമൃദ്ധി പദ്ധതി എന്നീ വിഷയങ്ങളിൽ ബന്ധപ്പെട്ട വിദഗ്ദ്ധർ വിഷയാവതരണം നടത്തി. ഡോ. ശ്രീകുമാർ ചതോപാധ്യായ്, കേരള സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. എ ഷാജി, ആർ അജയൻ, ഐഎൽഡിഎം ഡയറക്ടർ പിജി തോമസ്, പിഎ രാജേശ്വരി, ഇ മുഹമ്മദ് സഫീർ, വിഎം സുനിൽ തുടങ്ങിയവർ സംബന്ധിച്ചു.