Web Desk

കാസർകോട്

January 27, 2020, 8:47 pm

പട്ടയവിതരണം ചെയ്യുന്നതിൽ വീഴ്ച്ചവരുത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് റവന്യൂ വകുപ്പ് മന്ത്രി

Janayugom Online

അർഹതപ്പെട്ടവർക്ക് ഭൂമി നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. പട്ടയവിതരണത്തിൽ ചില ഉദ്യോഗസ്ഥർ പട്ടയം കൊടുക്കാതിരിക്കാനുള്ള പണിയായിരുന്നു എടുത്തതെന്നും കലക്ടറുടെ ഉത്തരവ് നടപ്പാക്കാതെ ഇടങ്കോലിടാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞു. കാസർകോട് മുൻസിപ്പൽ ടൗൺ ഹാളിൽ പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകായായിരുന്നു അദ്ദേഹം.

ഭൂപരിഷ്കരണം നിയമം നടപ്പിലാക്കി 50 വർഷം കഴിഞ്ഞിട്ടും ഭൂവിതരണ പ്രക്രിയ നീണ്ടുപോയതിന്റെ പേരിൽ നിരവധിയാളുകൾക്കാണ് ഭൂമി ലഭിക്കാൻ വൈകിയത്. അർഹതപ്പെട്ടവർക്ക് സാങ്കേതികത്വത്തിന്റെ പേരിൽ ഭൂമി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ ദുഷ്പ്രവണത അംഗീകരിക്കാൻ കഴിയില്ല. കാസർകോട് ജില്ലയിൽ മാത്രമാണ് ഉദ്യോഗസ്ഥരുടെ ഇത്തരം ചെയ്തികൾ കാണാൻ കഴിയുക. ഇവിടെ ചിലർ ഉദ്യോഗസ്ഥതലത്തിൽ ഒരുവല്ലാത്ത ഇടപെടൽ നടത്തി പട്ടയം കൊടുക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ചില ഉദ്യോഗസ്ഥർ കളക്ടർ ഉൾപ്പെടെ നൽകുന്ന നിർദ്ദേശം പാലിക്കാതിരിക്കുകയും അവർ സ്വന്തമായി നിയമം തയ്യാറാക്കുകയും നിയമനിർമ്മാണ സഭയ്ക്ക് ഉള്ള അവകാശം അവർ ഏറ്റെടുക്കുകയും ചെയ്യുകയാണ്. ആ ദുഷ്പ്രവണത അംഗീകരിക്കാൻ കഴിയില്ല. ഇത് വലിയ വിഷയം തന്നെയായി ഏറ്റെടുക്കാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. വർഷങ്ങളായി കൈവശം വെയ്ക്കുന്ന ഭൂമിയുടെ പട്ടയത്തിന് അപേക്ഷിച്ച അർഹരായവർക്ക് ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കുന്ന പ്രവണതയാണ് കാസർകോട് ജില്ലയിൽ കണ്ടുവരുന്നത്.

ഇത്തരം ഉദ്യോഗസ്ഥർ പട്ടയം നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കി സർക്കാരിലേക്ക് റിപ്പോർട്ട് ഉടൻ സമർപ്പിക്കണം. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. അപേക്ഷകന്റെ വരുമാന പരിധി നോക്കേണ്ടതില്ല. ഇത് പറഞ്ഞ് കുറേക്കാലം ആളുകളെ ബുദ്ധിമുട്ടിക്കുകയായിരുന്നു. അവകാശപ്പെട്ടവന് ഭൂമി കിട്ടണമെന്ന സർക്കാരിന്റെ നിലപാട് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അതിന് തടസ്സം നിൽക്കുകയാണ്. അപേക്ഷകന്റെ മാതാപിതാക്കൾക്ക് ഭൂമിയുണ്ടോയെന്ന അർഹരെ കണ്ടെത്താനുള്ള ചോദ്യമല്ല. മാതാപിതാക്കൾക്ക് ഭൂമിയുണ്ടായാലും അത് മക്കൾക്ക് ലഭ്യമാകണമെന്നില്ല. ജന്മിമാരെ അന്വേഷിച്ചുപോകുകയാണ് മറ്റു ചിലർ. ജൻമിത്തംഅവസാനിച്ചതും അവരറിയില്ലേ എന്ന് മന്ത്രി ചോദിച്ചു. ഭൂമി പരിശോധിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോൾ ചില ഉദ്യോഗസ്ഥർ ഹൈേേക്കാടതി ജഡ്ജ് വന്ന് അളന്നുകൊടുക്കട്ടെയെന്നാണ് പറയുന്നത്. മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട് എന്ന് പറഞ്ഞ അപേക്ഷകനോട് എത്ര മന്ത്രിമാർ അങ്ങനെ വന്നിട്ടുണ്ട് എന്നിട്ട് എന്നായി എന്നതാണ് ചില ഉദ്യോഗസ്ഥരുടെ ചോദ്യം. സ്വന്തം ഭൂമിയല്ല, അവർക്ക് അർഹതപ്പെട്ട ഭൂമിയാണ് നൽകുന്നത്. താൻ വിചാരിച്ചാലേ ഭൂമി നൽകൂവെന്ന് പറയുന്നവർ അനുഭവിച്ച തീരുവെന്ന് മന്ത്രി പറഞ്ഞു. സമയബന്ധിതമായി പട്ടയവിതരണത്തിന് ആത്മാർത്ഥമായി ശ്രമിച്ച ഉദ്യോഗസ്ഥരെയും പ്രസംഗത്തിൽ മന്ത്രി അഭിനന്ദിച്ചു.