Saturday
19 Oct 2019

ഒരു ലക്ഷത്തില്‍പ്പരം പട്ടയങ്ങള്‍ ഈ മാസം വിതരണം ചെയ്യും: റവന്യു മന്ത്രി

By: Web Desk | Friday 4 January 2019 10:49 PM IST


കൊച്ചി: ജനുവരി മാസം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 1,05,000 പേര്‍ക്ക് പട്ടയം നല്‍കല്‍ പൂര്‍ത്തിയാകുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടര വര്‍ഷത്തിനിടെയാണ് ഇത് സാധ്യമാക്കിയത്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിലൂടെയുള്ള പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിനു പിന്നില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ എറണാകുളം ജില്ലയിലെ ആറാമത് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
82 ലക്ഷത്തിലധികം ആളുകള്‍ ഭൂമിയുടെ ഉടമകളായിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇത് രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ല. ഇനിയും പലര്‍ക്കും ഭൂമിയുടെ പട്ടയം ലഭിക്കാനുണ്ട്. പല വകുപ്പുകളിലായി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ജോലികള്‍ കഴിയുന്നത്ര വേഗത്തില്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയില്‍ ജൂണ്‍ മാസത്തിനകം അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കണയന്നൂര്‍ താലൂക്കിലെ വടുതല മണിയത്ത് പറമ്പ് ദാക്ഷായണി തങ്കപ്പന് പട്ടയം നല്‍കി കൊണ്ട് മന്ത്രി പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്തു. പി ടി തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 75 പേര്‍ക്കാണ് പട്ടയം നല്‍കിയത്.

Related News