24 April 2024, Wednesday

നിഗൂഡതകളുടെ ഇലവീഴാപ്പൂഞ്ചിറ

Janayugom Webdesk
July 20, 2022 4:42 pm

ബസിലും ജീപ്പിലും നടന്നുമൊക്കെയായി അയാൾക്കൊപ്പം പ്രേക്ഷകരും ഇലവീഴാപ്പൂഞ്ചിറയിലേക്ക് യാത്രതിരിക്കുകയാണ്. ബസിന്റെ അൽപ്പം വേഗത്തിലുള്ള യാത്രയുടേയും ജീപ്പിന്റെ സാവധാനത്തിലുള്ള കുന്നു കയറ്റത്തിന്റെയും കാടും കാട്ടരുവികളും കടന്നുള്ള അയാളുടെ കാൽനടയാത്രയുടെയുമെല്ലാം സ്വാഭാവിക വേഗത്തിനൊപ്പമാണ് സിനിമ സഞ്ചരിക്കുന്നത്. അയാളുടെ മുഖത്ത് അസ്വസ്ഥതയുണ്ട്.. മരവിപ്പുണ്ട്.. അയാൾ വലിക്കുന്ന സിഗറ്റിൽ നിന്ന് തീഷ്ണമായ വികാരങ്ങൾ പുകച്ചുരുകളുകളായി ഉയരുന്നു. പതിഞ്ഞ താളത്തിലുള്ള സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന മധുവിന്റെ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയിലൂടെ ആ പ്രദേശത്തിന്റെ പൂർണ്ണ ചിത്രം പ്രേക്ഷകർക്ക് മുമ്പിൽ വരച്ചു കാട്ടുകയാണ് സംവിധായകൻ. തകർന്ന റോഡും കാടും അരുവികളും ഭീതിതമായ കാഴ്ചകളുമെല്ലാം കാട്ടി നമ്മളെ ഇലവീഴാപൂഞ്ചിറയിലേക്ക്.… കാഴ്ചയുടെ പുതിയ അനുഭൂതികളിലേക്ക്.… പതിയെ പതിയെ കൈപിടിച്ചുകൂട്ടുകയാണ് ഷാഹി കബീർ. പതിവ് കുറ്റാന്വേഷണ സിനിമകളുടെ ആഡംബരമൊന്നുമില്ലാതെ ലളിതമായി തുടങ്ങി കത്തിക്കയറുന്ന അവതരണ ശൈലിയാണ് ഷാഹി കബീറിന്റേത്.

വല്ലപ്പോഴും കുന്നുകയറിയെത്തുന്ന സഞ്ചാരികൾക്ക് അതിമനോഹരമായ കാഴ്ചാനുഭവമാണ് സമുദ്രനിരപ്പിൽ നിന്നും 3000 അടിയിലേറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറ. മഞ്ഞും കാറ്റും പേമാരിയും ഇടിമിന്നലും മാറി മാറി വിരുന്നെത്തുന്ന പ്രദേശം. സുന്ദരമെങ്കിലും ഭീതി വിതയ്ക്കുന്ന നിഗൂഡതകളുടെ മലമ്പ്രദേശം കൂടിയാണിവിടം. ഈ കുന്നിൻ മുകളിലാണ് ആ ഒറ്റപ്പെട്ട വയർലസ് സ്റ്റേഷൻ. ഇവിടെ ജോലി ചെയ്യുന്ന പോലീസുകാരുടെ മനസ്സിൽ നിന്ന് വന്നപ്പോഴുള്ള മനോഹര കാഴ്ചാനുഭവമെല്ലാം നഷ്ടമായിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നെത്തുന്ന ഇടിമിന്നൽ അവരെ ഭീതിതരാക്കുന്നു. കോരിച്ചൊരിയുന്ന മഴയും കനത്ത കാറ്റുമെല്ലാം അവരുടെ മനംമടുപ്പുകൾക്ക് ശക്തി കൂട്ടുന്നു. പോലീസുകാരാണെങ്കിലും അവർക്ക് മുമ്പിൽ കുറ്റകൃത്യങ്ങളില്ല. പോലീസ് നിയന്ത്രണത്തിലുള്ള സ്ഥലത്തേക്കെത്തുന്ന സ‍ഞ്ചാരികളെ മടക്കിയയ്ക്കാൻ മാത്രമേ അവർക്ക് ശബ്ദമുയർത്തേണ്ടി വരാറുള്ളു. താഴ്വാരങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ വയർലസ് സന്ദേശങ്ങളായി എത്തുമ്പോഴും അവയ്ക്കിടയിൽ നിസ്സംഗരായി മദ്യപിച്ചും ചീട്ടുകളിച്ചും സിഗരറ്റ് പുകച്ചും മധുവും സുധിയും ദിവസങ്ങൾ തള്ളിനീക്കുന്നു. അവർ പ്രകൃതിയുടെ രൗദ്രഭാവങ്ങളെ ഭയന്ന് മുറിയടച്ചിരിക്കുന്നു. ചിലപ്പോഴവർ കർത്തവ്യ ബോധത്തോടെ പോലീസുകാരായി പ്രതികരിക്കുന്നു. പ്രകൃതിയുടെ ഭാവമാറ്റങ്ങൾക്കൊപ്പമാണ് കഥാപാത്രങ്ങളെ സിനിമ ചേർത്തുവെക്കുന്നത്. കുന്നിൻ മുകളിൽ ഒറ്റപ്പെട്ട ആ മനുഷ്യരുടെ ഉള്ളിലും കനലെരിയുന്നുണ്ട്. മലയെ മറയ്ക്കുന്ന മൂടൽ മഞ്ഞുപോലെ അത് പലപ്പോഴും മൂടിക്കിടക്കുന്നുണ്ട്. അപ്രതീക്ഷിതമായി എത്തുന്ന ഇടിമിന്നൽ പോലെ അത് പൊട്ടിത്തെറിച്ച് പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്. മഴയ്ക്കൊപ്പം അത് താഴേക്ക് പെയ്തിറങ്ങുന്നുണ്ട്.

താഴ്‌വരയിലെവിടെയോ നടന്ന ഒരു കൊലപാതകം. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അങ്ങിവിടെ ഈ കുന്നിൻ മുകളിലും കത്തിപ്പടരുന്നു. പകുതിയ്ക്ക് വെച്ച് സിനിമയുടെ ഭാവം മാറുന്നു. കഥയും കഥാപാത്രങ്ങളും മാറുന്നു. വിങ്ങി നിന്ന് വല്ലപ്പോഴും പൊട്ടിത്തെറിച്ച പ്രകൃതിയിൽ വലിയ ഇടിമുഴക്കമുണ്ടാവുന്നു. ആർത്തലച്ച് രൗദ്രഭാവത്തോടെ മഴ കുന്നിൻ മുകളിൽ പെയ്തിറങ്ങുന്നു. സിനിമയുടെ പ്രധാന സംഭവങ്ങളിലേക്ക് നയിക്കുന്ന ഫ്ലാഷ് ബാക്ക് രംഗങ്ങളിൽ കാര്യമായ പുതുമയൊന്നുമില്ല. പക്ഷെ പലപ്പോഴായി പലയിടത്തും ആവർത്തിച്ച ആ താഴ് വര കാഴ്ചകളിൽ നിന്നുകൊണ്ട് കുന്നിൻ മുകളിൽ വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ ലോകം പടുത്തുയർത്തിയെന്നതാണ് ഇലവീഴാ പൂഞ്ചിറയെ മികവുറ്റ കലാസൃഷ്ടിയാക്കുന്നത്.

കഥാന്ത്യത്തിൽ പൊയ്തൊഴിഞ്ഞ ആകാശത്തിന് ചുവട്ടിൽ മധുവിനൊപ്പം പ്രേക്ഷകരും കുന്നിറങ്ങുന്നു. ഇനി കുറ്റവും ശിക്ഷയും വിശകലനം ചെയ്ത് ചോദ്യങ്ങളുമായി മല കയറാം. അവിടെ നിയമ വ്യവസ്ഥയ്ക്കപ്പുറം കുറ്റവാളിയെ മരണത്തിലേക്ക് നയിക്കുന്നയാളെ കാണാം. കുറ്റവാളിയെ തിരിച്ചറിഞ്ഞിട്ടും സംഭവത്തെ തന്റെ ജീവിതാനുഭവവുമായി ചേർത്ത് വെച്ച് നടപടിയെടുക്കാതെ പോകുന്ന സി ഐയെ കാണാം… നിയമം നടപ്പാക്കാൻ ഉത്തരവാദിത്തമുള്ളയാൾ നിയമത്തിന്റെ വഴികൾ മാറ്റിവെച്ച് ശിക്ഷ വിധിക്കുമ്പോൾ, കുറ്റവാളി മരണം അർഹിച്ചുവെന്ന് വ്യക്തമാക്കുന്ന എഴുത്തുകാരായ പോലീസുകാരിലെ കലാകാര മൗനം തിരിച്ചറിയാം. . ചോദ്യങ്ങൾ ബാക്കിവെക്കുന്നതും അനാവശ്യ വിശകലനത്തിലേക്ക് പോകാതെ ഒതുക്കത്തിലുള്ളതുമായ തിരക്കഥയാണ് ചിത്രത്തിന്റെ ഭംഗി. നിതീഷ് ജിയും ഷാജി മാറാടും ചേർന്നൊരുക്കിയ തിരക്കഥ അതീവഹൃദ്യമാണ്. പ്രകൃതിയുടെ… മനുഷ്യരുടെ ഭാവമാറ്റങ്ങളെ ആഴത്തിൽ ചേർത്തുപിടിച്ചിരിക്കുന്നു മനേഷ് മാധവന്റെ ക്യാമറാക്കാഴ്ചകൾ. കഥയുടെ പിരിമുറക്കത്തിനൊപ്പമാണ് അനിൽ ജോൺസന്റെ പശ്ചാത്തലസംഗീതം. കിരൺദാസിന്റെ എഡിറ്റിംഗും ദിലീപ് നാഥിന്റെ കലാസംവിധാനവും ചേരുമ്പോൾ ചലച്ചിത്രമേളകളിൽ കാണുന്ന വിദേശ സിനിമകളുടെ മനോഹാരിതയാണ് ഇലവീഴാ പൂഞ്ചിറയ്ക്ക് സമ്മാനിക്കുന്നത്. വികാരങ്ങൾ നെഞ്ചിലൊളിപ്പിച്ച, ഭാവങ്ങളിൽ നിഗൂഡത നിറയുന്ന മധുവിനെ അതി ഗംഭീരമായി സൗബിൻ ഷാഹിർ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പത്തിനൊപ്പം സുധി കോപ്പയുടെ സുധിയുമെത്തുന്നു. ജൂഡ് ആന്റണിയുടെ കഥാപാത്രവും പ്രേക്ഷക പ്രിയം നേടുന്നു. വലപ്പോഴും വന്നുപോകുന്ന കഥാപാത്രങ്ങൾ പോലും പ്രേക്ഷക മനസ്സിൽ ഇടം നേടുന്നുണ്ട്. തീർച്ചയായും ഇലവീഴാ പൂഞ്ചിറ മനോഹരമായ ഒരു കാഴ്ചാനുഭവമാണ്. മികച്ച തിയേറ്ററിൽ തന്നെ അനുഭവിച്ചറിയേണ്ട കലാസൃഷ്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.